ADVERTISEMENT

ഇന്ന് ലോകക്ഷയരോഗദിനം. ‘അതേ, നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയരോഗദിന സന്ദേശം. ക്ഷയരോഗ നിവാരണത്തിൽ ഓരോ വ്യക്തിയുടെയും പങ്ക് പ്രാധാന്യമുള്ളതാണ്. എല്ലാ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ നിർണയവും ചികിത്സയും തികച്ചും സൗജന്യമാണ്. നേരത്തേയുള്ള രോഗനിർണയവും കൃത്യമായ ചികിത്സയും രോഗമുക്തിക്ക് അനിവാര്യമാണ്. 

 

എന്താണ് ക്ഷയരോഗം?

നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി. ക്ഷയരോഗം ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്. ടിബിയുടെ ലക്ഷണങ്ങള്‍ സാവധാനം വികസിക്കുന്നു, ചിലപ്പോള്‍ ഒരു പ്രാരംഭ അണുബാധയ്ക്ക് ശേഷം മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാം. ടിബി ബാസിലി മൂലമുണ്ടാകുന്ന അണുബാധ യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കുന്നില്ലെങ്കില്‍, ഈ അവസ്ഥയെ ലാറ്റന്റ് ടിബി എന്ന് വിളിക്കുന്നു. ലാറ്റന്റ് ടിബി ഉള്ളവരില്‍ 10% വരെ സജീവമായ ടിബി വികസിക്കുകയും ചെയ്യും. ടിബിയുടെ ലക്ഷണങ്ങളുള്ളവരാണ് ആക്റ്റീവ് ക്ഷയരോഗി.

 

ലക്ഷണങ്ങള്‍ 

1. ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച

2. രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ

3. പനി

4. വിശപ്പും ശരീരഭാരവും കുറയുന്നു

5. 2 ആഴ്ചയില്‍ കൂടുതലുള്ള ചുമ

 

രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വീര്‍ത്ത ലിംഫ് നോഡുകള്‍, വയറുവേദന, സന്ധി വേദന, തലവേദന, അപസ്മാരം, ചുഴലി, എന്നിവയും ഉണ്ടാകാം.

 

എങ്ങനെയാണ് പടരുന്നത്?

ക്ഷയരോഗമുള്ള രോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉമിനീരിലൂടെ ടിബി പടരുന്നു. ഗാര്‍ഹിക കാര്യങ്ങളില്‍ രോഗബാധിതനായ വ്യക്തിയുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് അണുബാധയുണ്ടാകാനുള്ള സാധ്യതയേറുന്നു.

 

ആര്‍ക്കാണ് അപകടസാധ്യത?

1. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ - പ്രമേഹമുള്ളവര്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, അല്ലെങ്കില്‍ കാന്‍സര്‍ രോഗികള്‍ അല്ലെങ്കില്‍ എച്ച്‌ഐവി പോലുള്ള പ്രതിരോധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രോഗബാധികര്‍.

 

2. ചേരികള്‍, ജയിലുകള്‍ മുതലായ തിങ്ങിക്കൂടിയ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ആളുകള്‍.

 

3. പുകവലിക്കുന്നവര്‍, മദ്യപാനികള്‍, മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവര്‍.

 

4. 5 വയസ്സിനു താഴെയുള്ള കുട്ടികളിലും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും രോഗ സാധ്യത കൂടുതലാണ് .

 

രോഗനിര്‍ണയം എങ്ങനെ?

ഏതു തരത്തിലിള്ള ടിബി, ഏതു അവയവത്തെ ബാധിച്ചു എന്നതിനെ ആശ്രയിച്ചാണ് രോഗനിര്‍ണയ പരിശോധന.

 

1. സ്മിയര്‍ മൈക്രോസ്‌കോപ്പി (Smear microscopy) അല്ലെങ്കില്‍ ജീന്‍ എക്സ്പെര്‍ട്ട് (Gene xpert) പോലുള്ള പുതിയ മോളിക്യുലാര്‍ രീതികള്‍ ഉപയോഗിച്ച് കഫം പരിശോധിക്കുന്നു.

2. നെഞ്ചിന്റെ എക്‌സ്-റേ (Chest X-ray).

3. രോഗ സാധ്യത കൂടുതലുള്ള ആളുകളില്‍ പോസിറ്റീവ് ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകളുടെ അഭാവത്തില്‍ ടിബി രോഗം സ്ഥിരീകരിക്കാം (Clinically Diagnosed TB).

4. എക്‌സ്ട്രാ പള്‍മണറി ടിബി (Extra pulmonary TB) രോഗനിര്‍ണയത്തിനായി സിടി സ്‌കാന്‍ (CT Scan), എംആര്‍ഐ (MRI) അല്ലെങ്കില്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ (Ultrasound Scan) ഉപയോഗിക്കാം.

 

ചികിത്സയിൽ അറിയാൻ

കൃത്യമായ ചികിത്സ ലഭിച്ചാല്‍, ടിബി പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണ്. ആന്റിബയോട്ടിക്കുകള്‍ ആറ് മാസത്തേക്ക് നിര്‍ദ്ദിഷ്ട ഡോസുകളില്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശ ടിബിയെ സുഖപ്പെടുത്തുന്നു. എല്ലുകള്‍, നാഡീവ്യൂഹം തുടങ്ങിയ മറ്റു ശരീര ഭാഗങ്ങളെ ബോധിക്കുന്ന ടിബിക്ക് ചികിത്സയുടെ കാലയളവ് കൂടുവാന്‍ സാധ്യതയുണ്ട്. പ്രതിരോധശേഷിയുള്ള ടിബിയുടെ ചികിത്സ മരുന്നിന്റെ പ്രതിരോധത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ച് ചികിത്സാ കാലയളവ് ആവശ്യമാണ്.

 

പ്രതിരോധ മാര്‍ഗങ്ങള്‍

അണുബാധ പടരുന്നത് തടയുക, ചുമയ്ക്കുമ്പോള്‍ മര്യാദ പാലിക്കുക, മുറികളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക, ശരിയായ ചികിത്സ തേടുക, ടിബിക്കെതിരായ അധികാരികളുടെ പരിശ്രമത്തില്‍ ആത്മാര്‍ഥമായി സഹകരിക്കുക.

Content Summary : World Tuberculosis Day 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com