പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തല കറങ്ങുന്നുണ്ടോ? പ്രശ്നം വെർട്ടിഗോയാണ്; പരിഹാരം അറിയാം

vertigo
Photo Credit: Tunatura/ Istockphoto
SHARE

‘‘കസേരയിൽ നിന്ന് പെട്ടെന്നൊന്ന് എഴുന്നേറ്റതേയുള്ളൂ. ഉടൻ വന്നു തലകറക്കം. വീഴാതിരിക്കാൻ പെടാപ്പാടു പെടേണ്ടിവന്നു. ഇത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നു’’– തനിക്ക് ഇടയ്ക്കിടെയുണ്ടാകുന്ന തലകറക്കത്തിന്റെ വിഷമതകൾ ആ മുതിർന്ന പൗരൻ ഡോക്ടറോടു പറഞ്ഞു. ആരും കൂടെയില്ലാത്തപ്പോൾ റോഡിലോ മറ്റോ ഇങ്ങനെ തലകറങ്ങിയാൽ എന്തുചെയ്യുമെന്ന ഭീതിയും അദ്ദേഹം പങ്കുവച്ചു. 

‘‘ഒരിക്കൽ കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോൾ ഇതുപോലെ തലകറങ്ങിയെങ്കിലും അപകടമുണ്ടായില്ല. തൊട്ടടുത്തു നിന്ന അപരിചിതൻ താങ്ങിയതിനാൽ വീഴാതെ രക്ഷപ്പെട്ടു’’– അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് അദ്ദേഹം തുടർന്നു. തലകറക്കത്തിനൊപ്പം ഛർദിക്കാനുള്ള തോന്നലുമുണ്ടാകും. ഇതിനൊരു പരിഹാരം കാണണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. 

തലകറക്കത്തിന്റെ പ്രധാന കാരണം ആന്തരിക  കർണവുമായി ബന്ധപ്പെട്ടതാണെന്ന് ഡോക്ടർ അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി. ചെവിയുടെ ധർമം ശ്രവണം മാത്രമല്ല.

ശരീരത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നതും വീഴാതെ സൂക്ഷിക്കുന്നതും ആന്തരിക കർണത്തിന്റെ ധർമമാണ്. അവയിൽ ഉണ്ടാകുന്ന ഏതു വ്യതിയാനങ്ങളും തലകറക്കത്തിൽ കലാശിക്കും.

ചെവിക്കുള്ളിൽ അർധവൃത്താകൃതിയിലുള്ള മൂന്നു നാളികളുണ്ട്. തല തിരിക്കുമ്പോൾ ഇവയിലെ ദ്രാവകത്തിൽ ഉണ്ടാകുന്ന ചലനങ്ങളാണ് തലച്ചോറിൽ സന്ദേശമായി എത്തുന്നത്.

അതിനോടു ചേർന്ന ഭാഗത്തുള്ള ചില തരികൾ അവിടെനിന്നു വിട്ട് ഈ നാളികളിൽ കയറുമ്പോൾ തലച്ചോറിലേക്കുള്ള സന്ദേശപ്രവാഹത്തിന് മാറ്റമുണ്ടാകുന്നു. അതികഠിനമായ തലകറക്കവും ഛർദിയുമായിരിക്കും ഇതു മൂലം ഉണ്ടാകുന്നത്. ഇതിന് പൊസിഷനൽ വെർട്ടിഗോ എന്നു പറയും. തലകറക്കത്തിന്റെ ഏറ്റവും പ്രധാനമായ കാരണം ചെവിയിൽ ഉണ്ടാകുന്ന ഈ തരികളുടെ സ്ഥാനവ്യത്യാസമാണ്.

ഇതിന്റെ ചികിത്സയ്ക്ക് ഡോക്ടർമാർ മരുന്നുകൾ കൊടുക്കാറുണ്ടെങ്കിലും പൂർണമായി ഭേദമാകുന്നതിന് ഇതു ഫലപ്രദമല്ല. ഈ തരികളെ അതിന്റെ യഥാസ്ഥാനത്തേക്കു മാറ്റിയാൽ മാത്രമേ പൂർണസൗഖ്യം ലഭിക്കൂ. പ്രത്യേക രീതിയിൽ തലയെ ചുറ്റിച്ചുകൊണ്ട് ചെയ്യുന്ന ചികിത്സയാണ് ഇതിനു ഫലപ്രദം. മരുന്നിനെ ആശ്രയിക്കാതെ വേണ്ട ചികിത്സ യഥാസമയം കൊടുക്കുകയാണു വേണ്ടത്. 

(വിവരങ്ങൾക്കു കടപ്പാട്– 

ഡോ. തോമസ് ജോസ് കുറ്റിക്കൽ, ഇഎൻടി സ്പെഷലിസ്റ്റ്, 

മന്ദിരം ആശുപത്രി, 

വെൽഫാസ്റ്റ് ആശുപത്രി, കോട്ടയം.) 

Content Summary: Reasons behind Vertigo and treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS