തലച്ചോറിലെ മുഴ ഒരു കൊലയാളിയെയും കറുത്ത പൂച്ചയെയും സൃഷ്ടിച്ചതെങ്ങനെ? ഡോ. സരീഷ്കുമാർ പറയുന്നു

brain tumor
Photo Credit: Social Media
SHARE

1966 ഓഗസ്റ്റ് 1. അഭിശപ്തമായ ഒരു ദിവസമായിരുന്നു അത്. എന്നത്തേയും പോലെ ഒരു സാധാരണ ദിനംപോലെ തോന്നിയിരുന്നു എങ്കിലും ആകാശത്തെവിടെയോ നിന്ന് വന്ന കറുത്ത മേഘങ്ങൾ ആ തെളിഞ്ഞ പകലിന്റെ തിളക്കം കുറച്ചു. ആളുകൾ അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയുടെ ഉള്ളിലുള്ള ഓസ്റ്റിൻ ടവറിനു മൂന്നിലെ ചത്വരത്തിലൂടെ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ജോലിക്കാരും വിദ്യാർഥികളും അധ്യാപകരും വയലിൻ വായിക്കുന്നവരും മാജിക് കാണിക്കുന്നവരും എല്ലാവരും ചേർന്ന വിവിധ നിറങ്ങളുടെ ഒരു സഞ്ചയമായിരുന്നു ടവറിനു മുകളിൽ നിന്നുള്ള ആ മനോഹരമായ കാഴ്ച.

അപ്പോഴാണ് റിസർച്ച് ചെയ്യുന്ന വിദ്യാർഥിയുടെ വേഷം ധരിച്ച ചാൾസ് വിറ്റ് മാൻ എന്ന് പേരുള്ള ആ ചെറുപ്പക്കാരനായ വെള്ളക്കാരൻ ടവറിനുള്ളിലേക്കു നടന്നു കയറിയത്. സമയം  രാവിലെ 11.30. ഇരുപത്തിഎട്ടാം നിലയിലുള്ള നിരീക്ഷണ വരാന്തയിലേക്കാണ് അയാൾ നടന്നു പോകുന്നത്. അവിടെ നിന്നാൽ താഴെ ചത്വരത്തിലൂടെ നടക്കുന്ന എല്ലാവരെയും കാണാം. വിഷാദം കലർന്ന ഒരു ക്രൂരഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു. 28–ാം നിലയിലേക്ക് കടക്കാനുള്ള വാതിൽ തുറക്കാൻ അയാൾ സെക്യൂരിറ്റി യോട് ആവശ്യപ്പെട്ടു. സംശയത്തോടെ നോക്കിയ ആ സെക്യൂരിറ്റിയുടെ മുഖത്തേക്ക് ഒരു പ്രകോപനവുമില്ലാതെതന്നെ അയാൾ തന്റെ പോക്കറ്റിൽ നിന്നെടുത്ത റിവോൾവർ കൊണ്ട് നിറയൊഴിച്ചു. ഒന്നും സംഭവിക്കാത്ത പോലെ, വീണുകിടന്ന അയാളുടെ പോക്കറ്റിൽ നിന്നും താക്കോൽ എടുത്തു, നിരീക്ഷണ വരാന്തയിലേക്കുള്ള വാതിൽ അയാൾ തുറന്നു. അവിടെ നിന്ന് ഒന്ന് താഴേക്ക് നോക്കി. വരാൻ പോകുന്ന വിപത്തിനെ കുറിച്ചോർക്കാതെ സന്തോഷത്തോടെ നടക്കുന്ന  മനുഷ്യരെ അയാൾ നിസ്സംഗതയോടെ നോക്കി. എന്നിട്ട് തന്റെ തോൾ ബാഗിൽ നിന്നു മെഷിൻ ഗൺ വലിച്ചെടുത്തു, നിരപരാധികളായ അവരുടെ മേലെ വെടി ഉണ്ടകൾ വർഷിച്ചു. അലമുറകൾ അവിടെങ്ങും ഉയർന്നു. ടവറിന്റെ മുകളിൽ നിന്നും ഒളിഞ്ഞെത്തിയ ആ വെടിയുണ്ടകൾ 14 പേരുടെ ജീവൻ ആണ് അപഹരിച്ചത്. ആ വെടിവയ്പ് 31 പേരെ ഗുരുതരമായി പരിക്കേൽപിച്ചു. ഒരു മണിക്കൂറും 36 മിനിറ്റും നീണ്ടു നിന്ന ആ കൂട്ടക്കൊല അവസാനിച്ചത് ചാൾസ് വിറ്റ് മാന്റെ മരണത്തോടെ ആയിരുന്നു. ഓസ്റ്റിൻ പോലിസിലെ ഹൗസ്ടെന്‍ മാക് കൊയ് തന്റെ സർവീസ് തോക്കുകൊണ്ടു നിഷ്ഠൂരനായ ആ കൊലയാളിയെ വെടിവച്ചു കൊല്ലുകയായിരുന്നു ഒടുവിൽ. കഠാര കൊണ്ട് സ്വന്തം ഭാര്യയെയും പെറ്റമ്മയെയും കുത്തി കൊല പെടുത്തിയിട്ടായിരുന്നു അയാൾ ഓസ്റ്റിൻ ടവറിലെ കൂട്ടക്കൊലയ്ക്ക് പുറപ്പെട്ടത് എന്ന് പിന്നീടുള്ള അന്വേഷണങ്ങളിൽ തെളിഞ്ഞു.

അമേരിക്കൻ നാവിക സേനയിലെ ഒരു സൈനികനായിരുന്നു അയാൾ. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ സേനയിൽ നിന്നു വിരമിച്ച  വിറ്റ്മാൻ എൻജിനീയറിങ് പഠിക്കാനായി ഓസ്റ്റിൻ യൂണിവേഴ്സ്റ്റിയിൽ ചേർന്നു. കൊലപാതകം നടത്തുന്നതിന്റെ തലേദിവസം അടുത്തുള്ള സ്റ്റോറിൽ നിന്നും ഒരു കഠാരയും ബൈനോക്കുലറും അയാൾ വാങ്ങിയിരുന്നു. അന്നേ ദിവസം 6 മണിക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു"എനിക്ക് എന്നെ തന്നെ മനസ്സിലാകുന്നില്ല! വളരെ നല്ല ബുദ്ധിയും ആരോഗ്യവുമുള്ള എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാനേ പറ്റുന്നില്ല. അത് അവിടെയും ഇവിടെയുമായി ഓടി കളിക്കുന്നു. എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല അതു കൊണ്ട് എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നുന്നു. ഞാൻമരിച്ചാൽ എന്റെ തലച്ചോറ് നിങ്ങൾ പരിശോധിക്കണം. എനിക്കെന്തോ സംഭവിച്ചിട്ടുണ്ട് ..." അന്വേഷണ ഉദ്യോഗസ്ഥന്മാർ മറ്റൊന്ന് കൂടി കണ്ടെടുത്തു, കൊലപാതകങ്ങൾക്ക് ആഴ്ചകൾക്കു മുൻപേ അയാൾ  ഓസ്റ്റിനിലെ പല ഡോക്ടർമാരെയും കണ്ടിരുന്നു. എല്ലാവർക്കു മുന്നിലും അയാൾ തന്റെ തലച്ചോറിലെ ഭ്രാന്തൻ ചിന്തകളെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. തലച്ചോറിൽ നടക്കുന്ന കാര്യങ്ങളെകുറിച്ചറിയാനുള്ള CT സ്കാനുകളോ MRI യോ ഒന്നും അന്ന് നിലവിൽ വന്നിട്ടില്ലായിരുന്നു. 1960 കളുടെ തുടക്കകാലമായിരുന്നു അത്. നിർഭാഗ്യ വശാൽ കൃത്യമായ മരുന്നുകൾ ഒന്നും അയാൾക്കു കിട്ടിയില്ല. ഒടുവിൽ പോസ്റ്റ് മോർടെം ടേബിളിൽ വെടി ഏറ്റു മരിച്ചു കിടന്ന അയാളുടെ തലച്ചോറിനുള്ളിൽ നിന്നും ഒരു മുഴ ന്യൂറോ പാത്തോളജിസ്റ് ആയിരുന്ന ഡോക്ടർ കോൾമാൻ കണ്ടു പിടിച്ചു. ദീർഘനാൾ നീണ്ട വിശകലനങ്ങൾക്കു ശേഷം ഡോക്ടർമാർ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു. തലച്ചോറിൽ വളർന്നു വന്ന ഒരു മുഴ വിറ്റ് മാന്റെ അമിഗ്ദലയെ ഞെരുക്കിയതുകൊണ്ട് അയാളുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടമായിപ്പോയി എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഭ്രാന്തമായ ആശയങ്ങൾ മനസിലേക്ക് ഓടി കയറി വരുന്നതിനെ നിയന്ത്രിക്കാൻ അയാൾക്കു കഴിയാതിരുന്നതിന്റെ കാരണം അതായിരുന്നു. തലച്ചോറിലെ മുഴകൾ ചിലപ്പോൾ ആളുകളെ കൊലപാതകികൾ ആക്കാം എന്ന് മനസ്സിലായില്ലേ ..! 

അമിഗ്ദലെയുടെ പ്രധാന പ്രവർത്തനങ്ങൾ എന്താണ് ? 

വിവിധ സാഹചര്യങ്ങളെ അതിജീവിക്കാനും ഓർമകളെയും വികാരങ്ങളെയും നിയന്ത്രിക്കാനും സഹായിക്കുന്ന ലിംബിക് സിസ്റ്റം എന്ന ഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് അമിഗ്ദല. അവിടെ സംഭവിക്കുന്ന ഏതൊരു മാറ്റങ്ങളും വിഭ്രമ അവസ്ഥകളിലേക്കു നമ്മളെ തള്ളിവിടും. അതായിരുന്നു ചാൾസ് വിറ്റ്മാനെ ക്രൂരനായ ഒരു കൊലപാതകി ആക്കിയത്. 

"ഒരാഴ്ചയായി പുറത്തു വെയിൽ കൊണ്ട് നടക്കുമ്പോൾ എന്റെ കണ്ണിനുള്ളിൽ നിന്നു കറുത്ത ഒരു വസ്തു ചാടികളിക്കുന്നു എന്ന് തോന്നുന്നു. ഞാൻ വിചാരിച്ചു അതൊരു പൂച്ച വല്ലതുമായിരിക്കും എന്ന് ! ഒരു കറുത്ത പൂച്ച എന്റെ മുന്നിലൂടെ ഓടി പോകുന്ന പോലെയും അരികിലേക്ക് ഓടി വരുന്ന പോലെയുമൊക്കെ തോന്നാറുണ്ട്. കണ്ണടച്ചാൽ ഒന്നുമില്ല. കണ്ണ് തുറന്നാൽ അപ്പോ കാണാം." ഒപി യിൽ എന്റെ അടുത്തിരുന്ന 60 വയസ്സുള്ള ആൾ എന്നോട് പറഞ്ഞപ്പോൾ തലച്ചോറിൽ വളരുന്ന മുഴകളുടെ വികൃതികളെ കുറിച്ചാണ് ഞാനപ്പോൾ ഓർത്തത്. തലച്ചോറിലെ കാഴ്ചയുടെ നാഡികളെ ഞെരുക്കുന്ന മുഴകൾ ഇങ്ങനെ ഉള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. പൈ  ഇൻ ദി സ്കൈ എന്ന് വിളിക്കുന്ന കാഴ്ചയുടെ 

വൈകല്യം ഇതുമൂലം ഉണ്ടാകാറുണ്ട്. എന്തായാലും ഒരുMRI എടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വിചാരിച്ചതു പോലെ തലച്ചോറിലെ ഓക്‌സിപ്പിറ്റൽ ലോബിൽ വളർന്നു വന്ന മെനിൻജിയോമ എന്ന വലിയ ഒരു മുഴ ആണ് MRI യിൽ കണ്ടത്. അങ്ങനെ ഉള്ള മുഴകൾ കാഴ്ചയെ ബാധിക്കുന്നതു കൊണ്ടായിരുന്നു കറുത്ത ഒരു പൂച്ചയെ അയാൾ കണ്ടു കൊണ്ടിരുന്നത്.

എന്തായാലും തലയോട്ടി തുറന്നു കൊണ്ടുള്ള സർജറിയിലൂടെ ആ മുഴ പൂർണമായും നീക്കം ചെയ്തു. വളരെ കട്ടികൂടിയ മുഴ ആയിരുന്നത് കൊണ്ട് എനിക്ക് കത്തിയും കത്രികയും ഉപയോഗിച്ച് മുറിച്ചു മുറിച്ച് എടുക്കേണ്ടതായി വന്നിരുന്നു. എന്തായാലും ഓപ്പറേഷൻ കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ അയാളുടെ കണ്ണിൽ നിന്നും ആ കറുത്ത പൂച്ച ഓടി ഒളിച്ചിരുന്നു. എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു"ഡോക്ടറെ ..കണ്ണടക്കുമ്പോൾ എനിക്കിപ്പോൾ ആ കറുത്ത പൂച്ച നടന്നു വരുന്നപോലെ തോന്നുന്നുണ്ട്, പക്ഷേ ചുറ്റും ഇരുട്ടായതു കൊണ്ട് തിരിച്ചറിയാനാവുന്നില്ല. കണ്ണ് തുറക്കുമ്പോൾ പൂച്ചയുമില്ല ഒന്നുമില്ല. എല്ലാം സാധാരണ പോലെ ആയിരിക്കുന്നു. നന്ദി ഡോക്ടറേ ..."

tumor

അപൂർവങ്ങളായ കാഴ്ചകളും വിഭ്രമാവസ്ഥകളും എല്ലാം ഒരുക്കി വച്ചിരിക്കുന്നത് നമ്മുടെ തലച്ചോറിലെ നാഡീ കോശങ്ങൾ തന്നെയാണ്. നിർഭാഗ്യവാന്മാരായ കൊലയാളികളെ നിർമിക്കാനും ജീവിതം തന്നെ മാറ്റി മറിക്കാനും തലച്ചോറിലെ മുഴകൾക്കു സാധിക്കും. കൃത്യമായ രോഗ നിർണയവും ചികിത്സയും രോഗിയുടെ തന്നെ അല്ല മറ്റു പലരുടെയും ജീവിതം തന്നെ മാറ്റിയേക്കാം... 

'ടെക്സാസ് ടവർ സ്നിപ്പർ'എന്ന കുപ്രസിദ്ധനായ കൊലയാളിയുടെ തലച്ചോറിൽ വളർന്ന മുഴ എത്രജീവനുകൾ അപഹരിക്കാനും എത്രപേരെ നിരാലംബരാക്കാനും കാരണമായി എന്നോർത്ത് നോക്കൂ .

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS