ADVERTISEMENT

കുട്ടിക്കാലത്ത് പലവിധ മാനസിക ആഘാത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവര്‍ വളര്‍ന്ന് വലുതാകുമ്പോൾ  ദേഷ്യക്കാരായി മാറാനുള്ള സാധ്യത അധികമാണെന്ന് ഗവേഷണ പഠനം. വിഷാദരോഗവും ഉത്കണ്ഠയും ഉള്ളവരില്‍ ഇത് പ്രത്യേകിച്ചും ദൃശ്യമാകാമെന്ന് പാരീസില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് സൈക്യാട്രിയില്‍ അവതരിപ്പിക്കപ്പെട്ട ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 

 

മാനസിക ആഘാതങ്ങളുടെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് കുട്ടി വലുതാകുമ്പോൾ  ഉണ്ടാകുന്ന ദേഷ്യത്തിന്‍റെ തോതും അധികമായിരിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നെതര്‍ലന്‍ഡ്സ് ലെയ്ഡന്‍ സര്‍വകലാശാല മെഡിക്കല്‍ സെന്‍റര്‍ ഗവേഷണ വിദ്യാര്‍ഥി നിയന്‍കേ ഡെ ബ്ലെസ് ചൂണ്ടിക്കാട്ടി. നെതര്‍ലന്‍ഡ് സ്റ്റഡി ഓഫ് ഡിപ്രഷന്‍ ആന്‍ഡ് ആന്‍സൈറ്റിയുടെ ഡേറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. 18നും 65നും ഇടയില്‍ പ്രായമുള്ള 2300 പേരുടെ വിവരങ്ങള്‍ ഇതിന്‍റെ ഭാഗമായിരുന്നു. ഇവരുടെ ശരാശരി പ്രായം 42. ഇവരില്‍ 66 ശതമാനവും സ്ത്രീകളുമായിരുന്നു. 

 

കുട്ടിക്കാലത്ത് മാതാപിതാക്കളെ നഷ്ടമാകുന്ന സാഹചര്യം, മാതാപിതാക്കളുടെ വേര്‍പിരിയല്‍, ഫോസ്റ്റര്‍ കെയറില്‍ പോകേണ്ട സാഹചര്യം, വൈകാരികവും, ശാരീരികവും ലൈംഗികവുമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥ എന്നിവയെല്ലാം ഗവേഷകര്‍  വിലയിരുത്തി. ഇതില്‍ നിന്നാണ് കുട്ടിക്കാലത്തെ ദുരനുഭവങ്ങളും പില്‍ക്കാലത്തെ ദേഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ നിരീക്ഷിച്ചത്. സാമൂഹിക വിരുദ്ധ വ്യക്തിത്വ സ്വഭാവങ്ങളുമായും ഇതിന് ബന്ധമുള്ളതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. വൈകാരികമായി അവഗണിക്കപ്പെട്ടവരും ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നവരുമായ വിഷാദ, ഉത്കണ്ഠ രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദേഷ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത 1.3 മുതല്‍ രണ്ട് മടങ്ങ് അധികമാണെന്നും പഠനത്തില്‍ കണ്ടെത്തി. 

 

എന്നാല്‍ ദേഷ്യത്തെ ഒരു മോശം വികാരമായി മാത്രം കാണേണ്ട കാര്യമില്ലെന്ന് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നു. ദേഷ്യത്തെ അടക്കി വയ്ക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ആരോഗ്യകരമായ രീതിയില്‍ ദേഷ്യത്തെ പ്രകടിപ്പിക്കാന്‍ പഠിക്കുകയാണ് വേണ്ടതെന്നും ഇവര്‍ കൂട്ടിച്ചേർത്തു.

Content Summary: Childhood Trauma Tied to Anger in Adulthood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com