ADVERTISEMENT

യുവാക്കളിലെ ഹൃദ്രോഗം അടുത്ത കാലത്തായി ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ്. പുറമേ നല്ല ആരോഗ്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന യുവതീ യുവാക്കള്‍ പെട്ടെന്ന് സ്റ്റേജിലും റോഡിലും ജിമ്മിലും കല്യാണ പന്തലിലുമൊക്കെ വച്ച് ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണു മരിക്കുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍  പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമാനടന്മാര്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും അടുത്ത കാലത്തായി ഇത്തരത്തില്‍ മരണപ്പെട്ടു. 

 

ഹൃദ്രോഗത്തിന് ചികിത്സ തേടി കൂടുതല്‍ കൂടുതല്‍ യുവാക്കളാണ് ദിനംപ്രതി ആശുപത്രിയിലെത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹാര്‍ട്ട് സര്‍ജനും ചെയര്‍മാനുമായ ഡോ. രമാകാന്ത പാണ്ഡ പറയുന്നു. പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന ഒന്നാണ് ഹൃദയാഘാതം എന്നതിന്‍റെ മുന്നറിയിപ്പാണ് അടുത്ത കാലത്തായി യുവാക്കളില്‍ പടരുന്ന ഹൃദ്രോഗമെന്ന് ഡോ. രമാകാന്ത ചൂണ്ടിക്കാട്ടി. 

 

‍വ്യായാമത്തിന്‍റെ അഭാവം, അലസമായ ജീവിതശൈലി, ഫൈബര്‍ കുറഞ്ഞതും കാര്‍ബോ കൂടിയതുമായ സംസ്കരിച്ച ഭക്ഷണങ്ങളുടെയും മധുരത്തിന്‍റെയും ഉപയോഗം, പുകവലി, പുകയില ഉപയോഗം, വൈകിയുള്ള ഉറക്കം, ഉറക്കമില്ലായ്മ, ടിവിയുടെയും കംപ്യൂട്ടറിന്‍റെയും മുന്നിലുള്ള ദീര്‍ഘനേരമുള്ള ഇരുപ്പ്, പരിസ്ഥിതി മലിനീകരണം, ജനിതകപരമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ നീളുന്നു യുവാക്കളിലെ ഹൃദ്രോഗത്തിന്‍റെ കാരണങ്ങള്‍. ഇവയെല്ലാം യുവാക്കളില്‍ പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും വളരാന്‍ ഇടയാക്കുന്നു. തിരിച്ചറിയാതെ പോകുന്ന ഈ രോഗങ്ങള്‍ പതിയെ ഹൃദയത്തെ പിടികൂടുന്നതായി ഡോ. രമാകാന്ത പറയുന്നു. 

 

പ്രമേഹം, അമിത രക്തസമ്മര്‍ദം എന്നിവയ്ക്ക് പുറമേ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, അമിതഭാരം, അമിത സമ്മര്‍ദം, കുടുംബത്തിലെ ഹൃദ്രോഗ ചരിത്രം എന്നിവയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇനി പറയുന്ന ഹൃദ്രോഗ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

 

1. നെഞ്ചുവേദന, നെഞ്ചിന് കനം, സമ്മര്‍ദം, അസ്വസ്ഥത 

2. പടി കയറുമ്പോൾ, എന്തെങ്കിലും ജോലി ചെയ്യുമ്പോൾ, വെറുതെ ഇരിക്കുമ്പോൾ ഒക്കെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടല്‍

3. കഴുത്തിലും താടിയിലും വയറിന് മുകള്‍ ഭാഗത്തുമെല്ലാം തോന്നുന്ന വിശദീകരിക്കാനാവാത്ത വേദന, അസ്വസ്ഥത

4. കൈകളില്‍ തോന്നുന്ന മരവിപ്പ്, അസാധാരണമായ വേദന, അസ്വസ്ഥത 

 

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉടനടി ചികിത്സ തേടേണ്ടതാണ്. ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുള്ളവര്‍ ഇടയ്ക്കിടെ ആരോഗ്യ പരിശോധന നടത്തി ഹൃദയാരോഗ്യം ഉറപ്പാക്കേണ്ടതാണെന്നും ഡോ. രമാകാന്ത കൂട്ടിച്ചേര്‍ത്തു.

Content Summary: Why so many young people are dying of heart issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com