നിരന്തരം മരുന്നുകൾ കഴിച്ചിട്ടും പല്ലുവേദനയ്ക്കു കുറവില്ല; അറിയേണ്ടത്

dental-pain
Photo Credit: stefanamer/ Istockphoto
SHARE

നിരന്തരം മരുന്നുകൾ കഴിച്ചിട്ടും ഒട്ടേറെ ഡോക്ടർമാർ ചികിത്സ ചെയ്തിട്ടും പല്ലുവേദനയ്ക്കു കുറവില്ലാത്തതിനാൽ മറ്റൊരു ദന്തഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കു വന്നതാണ് 65 വയസ്സുള്ള റിട്ട.സർക്കാർ ഉദ്യോഗസ്ഥൻ. പ്രഥമ പരിശോധനയിൽത്തന്നെ അദ്ദേഹത്തിനു കടുത്ത മോണരോഗമുണ്ടെന്ന കാര്യം ഡോക്ടർക്കു മനസ്സിലായി. ആ വ്യക്തിയെ മുൻപ് ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെ കുറിപ്പടിയിലും മോണരോഗം എന്നതു വ്യക്തമായി സൂചിപ്പിച്ചിരുന്നു. രോഗശമനത്തിന് ആവശ്യമായ മരുന്നുകളും തുടർചികിത്സകളും അവർ നിർദേശിച്ചിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ യഥാവിധി കഴിക്കുകയും കൃത്യമായ തുടർചികിത്സ നടത്തുകയും ചെയ്തിരുന്നെങ്കിൽ ആ വ്യക്തിയുടെ രോഗാവസ്ഥയ്ക്ക് ശമനമുണ്ടാകുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാത്തതിനാൽ അദ്ദേഹത്തിന് വീണ്ടും മരുന്നുകൾ കഴിക്കേണ്ട സാഹചര്യമുണ്ടായി. ഇതുപോലെ രോഗത്തിന് ആവശ‌്യമായ ചികിത്സ നടത്താതെ, മരുന്നുകൾ സ്വന്തം ഇഷ്ടപ്രകാരം കഴിക്കുന്ന രീതി വർധിച്ചുവരുന്നു. 

രോഗശമനത്തിനായി മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണ് കഴിക്കേണ്ടത്. വേദന വരുമ്പോൾ മാത്രം ദന്തഡോക്ടറെ സമീപിച്ച് മരുന്നുകൾ കഴിക്കുകയും പിന്നീട് ആ ഡോക്ടറുടെ അടുത്ത് തുടർചികിത്സ നടത്താതെ  മരുന്നുകൾ നിർത്തുകയും ചെയ്യുന്നത് ഭാവിയിൽ പ്രതിരോധശേഷിയെ ബാധിക്കുന്നതിനു കാരണമാകാം. 

∙ആന്റിബയോട്ടിക് മരുന്നുകൾ, ഡോസ് പൂർത്തിയാകുന്നതിനു മുൻപ് ഇടയ്ക്കുവച്ച് നിർത്താൻ സാധിക്കുമോ?

രോഗത്തിന്റെ കാഠിന്യവും രോഗാണുക്കളെ തടയാൻ രക്തത്തിൽ എത്രനാൾ എത്ര അളവിൽ ആന്റിബയോട്ടിക് വേണം എന്നതും  അനുസരിച്ചാണ് ഡോക്ടർ ആന്റിബയോട്ടിക് മരുന്നുകളുടെ ഡോസ് നിശ്ചയിക്കുന്നത്. ഡോസ് പൂർത്തിയാക്കാതെ ഇടയ്ക്കുവച്ചു നിർത്തിയാൽ അത് രക്തത്തിലെ മരുന്നിന്റെ അളവിനെ കുറയ്ക്കും. അണുക്കൾ പൂർണമായും നശിക്കാതിരിക്കുന്നതിനു കാരണമാകുകയും ചെയ്യും. 

∙ ആന്റിബയോട്ടിക് മരുന്നിന്റെ ഉപയോഗം മൂലം വേദന മാറിയ പല്ലിൽ തുടർചികിത്സ ആവശ്യമുണ്ടോ?

വായ്ക്കുള്ളിലാണ് ഏറ്റവും കൂടുതൽ അണുക്കൾ ഉള്ളത്. ഒരിക്കൽ പല്ലിനു വന്ന കേട്, പൾപ്പിലോ വേരിലോ അണുബാധയ്ക്കു കാരണമായാൽ, മരുന്നുകൊണ്ടു മാത്രം പൂർണമായ ശമനം ഉണ്ടാവില്ല. അതിന് തുടർചികിത്സ നിർബന്ധമായും ചെയ്യണം. തുടർചികിത്സ നടത്താതിരുന്നാൽ പിന്നീട് അണുബാധയുടെ കാഠിന്യം കൂടുതലാകാൻ സാധ്യതയുണ്ട്. 

∙ഹൃദ്രോഗത്തിനു ചികിത്സയിലിരിക്കുന്നവർ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന്, പല്ലെടുക്കുന്നതിനു മുൻപുള്ള ഏതാനും ദിവസങ്ങൾക്കു മുൻപ് നിർത്തിയിട്ടു വേണം പല്ലെടുക്കാൻ എന്നു പറയുന്നു. ഇത്തരത്തിലുള്ള  മരുന്നുകൾ ഇപ്രകാരം നി‍ർത്താൻ കഴിയുമോ?  

മരുന്നുകൾ സ്വയം നിർത്തരുത്. ദന്തഡോക്ടറെ സമീപിക്കുമ്പോൾ, പല്ലെടുക്കണം എന്ന് അവർ നിർദേശിക്കുകയാണെങ്കിൽ ഹൃദ്രോഗത്തിനു ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റിന്റെയും കൂടി നിർദേശപ്രകാരം മാത്രമേ മരുന്നുകൾ നിർത്താവൂ. ചില വ്യക്തികൾക്കു നൽകുന്ന, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടതാണ്. അവ നിർത്താൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടർമാർ മറ്റൊരു മരുന്ന് ഇതിനു പകരമായി നിർദേശിക്കാറുണ്ട്. കാർഡിയോളജിസ്റ്റിന്റെ നിർദേശമില്ലാതെ മരുന്നുകൾ നിർത്തിയാൽ അത് അപകടകരമായേക്കാം.

(വിവരങ്ങൾക്കു കടപ്പാട് : 

ഡോ.നന്ദകിഷോർ ജെ. വർമ, 

കൺസൽറ്റന്റ് ഡെന്റൽ സർജൻ, 

ഭാരത് ഹോസ്പിറ്റൽ, കോട്ടയം. 

ഫോൺ: 79946 67369) 

Content Summary: Dental care tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS