ADVERTISEMENT

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നും പുരുഷന്മാരിൽ പ്രത്യുൽപാദന സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും അറിയാമെങ്കിലും എല്ലാ പ്രായക്കാർക്കിടയിലും പുകയില.ുടെ ഉപയോഗം വർധിച്ചു വരുകയാണ്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം നശിപ്പിക്കുന്നതോടൊപ്പം പുകയില ബീജാണുക്കളുടെ ആരോഗ്യത്തെയും സെമിനൽപ്ലാസ്മയെയും മറ്റ് പ്രത്യുൽപാദനഘടകങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കാൻസർ വരാനുള്ള സാധ്യതയും പുകയില ഉപയോഗിക്കുന്നവർക്കിടയിൽ കൂടുതലാണ്. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കാനായി ലോകമെമ്പാടും മെയ് 31 പുകയിലവിരുദ്ധദിനമായി ആചരിക്കുന്നു. 

‘‘ഭക്ഷണമാണ്, പുകയിലയല്ല ഞങ്ങൾക്കാവശ്യം’’ എന്നതാണ് ഈ വർഷത്തെ തീം.

 

പ്രത്യുൽപാദന ക്ഷമത

സിഗരറ്റ് വലിക്കുന്നത് പ്രത്യുൽപാദനക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ഹോർമോൺ ഉൽപാദനത്തെയും ഇത് ദോഷകരമായി ബാധിക്കും. പുകവലിയും പുകയിലയുടെ പുക ശ്വസിക്കുന്നതും വ്യക്തിയുടെ പ്രത്യുൽപാദന സംവിധാനത്തിന് ഹാനികരമാണ്. ഇതോടൊപ്പം ബീജത്തിലെ ഡിഎൻഎയ്ക്കും പുകവലി തകരാറുണ്ടാക്കും. പാരിസ്ഥിതികവും ജീവിതശൈലീ ഘടകങ്ങളുമായ പുകവലി, അമിതമദ്യപാനം തുടങ്ങിയവ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഇത് ബീജത്തിന്റെ എണ്ണവും ഗുണവും കുറച്ച് വന്ധ്യതയിലേക്കു നയിക്കും. 

 

കാൻസർ

പുകവലി, വായ, ലാരിംഗ്സ്, ഫാരിംഗ്സ് (തൊണ്ട), അന്നനാളം, വൃക്ക, സെർവിക്സ്, കരൾ, ബ്ലാഡർ, പാൻക്രിയാസ്, ഉദരം, മലാശയം, മലദ്വാരം എന്നിവിടങ്ങളിൽ കാൻസര്‍ വരാനുള്ള സാധ്യത കൂട്ടും.

 

ശ്വാസകോശം

പുകവലി, ശ്വാസകോശത്തിലെ വായു അറകളെയും വായു സഞ്ചികളെയും തകരാറിലാക്കുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി. പുകവലി ആരംഭിക്കുമ്പോൾതന്നെ തകരാറും തുടങ്ങുന്നു. ക്രമേണ ശ്വാസകോശത്തിന്റെ പ്രവർത്തനം മോശമാകും. വർഷങ്ങൾക്കു ശേഷമാകും ശ്വാസകോശ രോഗം തിരിച്ചറിയുന്നത്. 

 

പുക, ശ്വാസകോശത്തിനുണ്ടാക്കുന്ന ക്ഷതം, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (COPD) ലേക്ക് നയിക്കും. ശ്വാസകോശ അണുബാധകളായ ന്യുമോണിയ, ക്ഷയം ഇവയ്ക്കുള്ള സാധ്യതയും കൂട്ടുന്നു. ആസ്മ ഉള്ള ആളാണെങ്കിലും പുകവലിയോട് നോ പറയണം. ഇല്ലെങ്കിൽ സ്ഥിതി വഷളാകും. 

 

ഹൃദയാരോഗ്യം

ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടും. പുകവലി, രക്തസമ്മർദം കൂട്ടുകയും വ്യായാമം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും രക്തം കട്ടപിടിക്കാൻ ഇടയാക്കുകയും ചെയ്യും. രക്തത്തിലെ നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎല്ലിന്റെ അളവ് കുറയ്ക്കാനും പുകവലി കാരണമാകുന്നു. ഈ ഘട്ടങ്ങളെല്ലാം ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും. 

 

ഉദ്ധാരണക്കുറവ്

ഉദ്ധാരണക്കുറവിനും പുകവലി കാരണമാകുന്നു. ശാരീരികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉദ്ധാരണം നിലനിർത്താൻ സാധിക്കാതെ വരും.

Content Summary: World No Tobacco Day 2023 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com