ADVERTISEMENT

പിടുത്തം വിട്ടുയരുന്ന രക്തസമ്മര്‍ദം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പല തരത്തില്‍ ബാധിക്കാറുണ്ട്. ഹൃദയത്തെ മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന വൃക്കകളെയും ഇത് തകരാറിലാക്കാം. വൃക്കകളിലെ രക്തകോശങ്ങള്‍ക്ക് ക്ഷതം വരുത്തുന്ന രക്തസമ്മര്‍ദത്തെ കരുതിയിരിക്കേണ്ടതുണ്ടെന്ന് പുണെ മണിപ്പാല്‍ ആശുപത്രിയിലെ യൂറോളജി കണ്‍സൽറ്റന്‍റ് ഡോ. ആനന്ദ് ധാരാസ്കര്‍ ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

നെഫ്രോണുകള്‍ എന്നറിയപ്പെടുന്ന വൃക്കകളിലെ ചെറിയ രക്തക്കുഴലുകളാണ് രക്തത്തില്‍ നിന്ന് മാലിന്യങ്ങളെയും വിഷവസ്തുക്കളെയും അമിതമായ ദ്രാവകങ്ങളെയുമെല്ലാം നീക്കം ചെയ്യാന്‍ സഹായിക്കുന്നത്. ഉയര്‍ന്ന  രക്തസമ്മര്‍ദം ഈ രക്തക്കുഴലുകളെ തകരാറിലാക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ ഇടയാക്കും. ഇതിന്‍റെ ഫലമായി രക്തത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് വൃക്കകളെയും മറ്റ് അവയവങ്ങളെയും ബാധിക്കാം. 

 

ഇത്തരത്തില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുള്ള വൃക്കനാശത്തിന്‍റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തില്‍ കാണപ്പെടുന്ന പ്രോട്ടീന്‍. രക്തത്തെ ശുചീകരിക്കുന്നതിനുള്ള വൃക്കകളുടെ ശേഷി കൈമോശം വരുന്നത് ശരീരത്തില്‍ നീര്‍ക്കെട്ടിനും അനുബന്ധ രോഗസങ്കീര്‍ണതകള്‍ക്കും കാരണമാകാം. ഇതിനാല്‍ ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സയിലൂടെയും രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്. 

 

കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം രക്തസമ്മര്‍ദ നിയന്ത്രണത്തില്‍ സഹായകമാണ്. അമിതഭാരം തടയാനും ശ്രദ്ധിക്കേണ്ടതാണ്. നിത്യവുമുള്ള വ്യായാമവും ഫലം  ചെയ്യും. പുകവലി, മദ്യപാനം എന്നിവയും ഉപേക്ഷിക്കേണ്ടതാണ്. ഇതിനു  പുറമേ ഇടയ്ക്കിടെ രക്തസമ്മര്‍ദവും വൃക്കകളുടെ ആരോഗ്യവും പരിശോധിക്കാനും മറക്കരുത്. നേരത്തെയുള്ള രോഗനിര്‍ണയം അനാവശ്യമായ സങ്കീര്‍ണതകള്‍ തടയാന്‍ സഹായിക്കും.

Content Summary: Blood pressure and Kidney Diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com