ADVERTISEMENT

പുകവലി ഹൃദയാഘാതത്തിനും ശ്വാസകോശ അർബുദത്തിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്നറിയാം. എന്നാൽ പുകവലി അന്ധതയ്ക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ. പുകവലി, പ്രായമാകലുമായി ബന്ധപ്പെട്ട മക്യുലാർ ഡീജനറേഷൻ, തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ഡ്രൈ ഐ സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. 

 

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് അഞ്ചരവർഷം നേരത്തെ മക്യുലാർ ഡീജനറേഷൻ ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന. വായന, ഡ്രൈവിങ്ങ് തുടങ്ങി ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രയാസമാകുന്ന തരത്തിൽ കാഴ്ച മങ്ങുന്ന അവസ്ഥയാണിത്. പുകവലിക്കുന്ന ആളുകളോടൊപ്പം ജീവിക്കുന്നവർക്ക് പരോക്ഷമായി പുകവലി മൂലം മക്യുലാർ ഡീജനറേഷൻ വരാനുള്ള സാധ്യത ഇരട്ടിയാണ്. 

 

പുകവലി കാഴ്ചശക്തിയെ ബാധിക്കുന്നതെങ്ങനെ?

സിഗരറ്റ് വലിക്കുമ്പോൾ, കാഴ്ചശക്തിയുമായി ബന്ധപ്പെട്ട കണ്ണിലെ എല്ലാ ഭാഗങ്ങളും മങ്ങി കാഴ്ചയെ മറയ്ക്കുകയും കാഴ്ചശക്തിതന്നെ പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ വരുകയും ചെയ്യും. 

 

തിമിരം

ദിവസം രണ്ടോ മൂന്നോ സിഗരറ്റ് വലിച്ചാൽ പോലും തിമിരം ഉണ്ടാകുമെന്ന് നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. റെറ്റിനയിലൂടെ കടന്നുപോകുന്ന പ്രകാശത്തെ തടയുകയും ഇതുവഴി കണ്ണിലെ ലെൻസിന് മങ്ങൽ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണിത്. വർഷങ്ങൾ കൊണ്ട് ക്രമേണ ഉണ്ടായി വരുന്നതും സാവധാനത്തിൽ കണ്ണിലെ നാഡികളെ തകരാറിലാക്കുകയും ചെയ്യുന്ന രോഗമാണ് തിമിരം. തിമിരം കാഴ്ച മങ്ങാനിടയാക്കുകയും വസ്തുക്കളെ മങ്ങിയും മഞ്ഞനിറത്തിലും കാണുകയും ചെയ്യുന്ന അവസ്ഥയാണിത്. 

 

മക്യുലാർ ഡീജനറേഷൻ

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരിൽ മക്യുലാർ ഡീജനറേഷൻ ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്. റെറ്റിനയുടെ സെൻസിറ്റീവ് പാളിയായ മക്യുലയെ ഇത് ബാധിക്കുന്നു. പുകവലി, മക്യുലയെ ക്രമേണ നശിപ്പിക്കുകയും മുന്നിലുള്ള വസ്തുക്കളെ കാണാനും വായിക്കാനും വാഹനം ഓടിക്കാനും ദൈനംദിന കാര്യങ്ങൾ ചെയ്യാനും പ്രയാസം ആവുകയും ചെയ്യും. പുകവലി ആന്റിഓക്സിഡന്റുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും മക്യുലയിലെ ല്യൂട്ടീന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. റെറ്റിനയിലേക്കുള്ള വളരെ ചെറിയ രക്തക്കുഴലുകളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാനും പുകവലി കാരണമാകുന്നു. 

 

തൈറോയ്ഡ് ഐ ഡിസീസ്

തൈറോയ്ഡിന്റെ പ്രവർത്തനത്തെയും പുകവലി ബാധിക്കുന്നു. ഇത് ഗ്രേവ്സ് ഡിസീസ് അഥവാ തൈറോയ്ഡ് ഐ ഡിസീസിനു കാരണമാകുന്നു. 

 

ഡയബറ്റിക് റെറ്റിനോപ്പതി

പുകവലിക്കാരിൽ, കണ്ണിലെ രക്തക്കുഴലുകൾക്ക് കേടുപാട് വരുന്ന ഡയബറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂടുതലാണ്. ഇത് കാഴ്ച മങ്ങുന്നതിനും അന്ധതയ്ക്കും കാരണമാകുന്നു.

പുകവലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നേത്ര രോഗങ്ങളുടെ ലക്ഷണങ്ങൾ ഇവയാണ്. 

∙കാഴ്ച മങ്ങുക

∙നിറങ്ങൾ വ്യക്ത്മായും കൃത്യമായും കാണാൻ പറ്റാതെ വരുക

∙പ്രകാശത്തോടുള്ള സംവേദനക്ഷമത

∙രാത്രിയിൽ കാണാൻ പ്രയാസം

∙ഡബിള്‍ വിഷൻ

∙മുഖങ്ങൾ തിരിച്ചറിയാൻ പ്രയാസം

Content Summary: Smoking and Eye diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com