ADVERTISEMENT

2025–ഓടു കൂടി ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം 29.8 ദശലക്ഷമായി വര്‍ധിക്കുമെന്ന് ബിഎംസി കാന്‍സറില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലുമാണ് അര്‍ബുദ കേസുകളുടെ എണ്ണത്തില്‍ ഏറ്റവുമധികം വര്‍ധനയുണ്ടാകാന്‍ പോകുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അര്‍ബുദ സാധ്യത അധികമെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, അന്നനാളിയിലെ അര്‍ബുദം, വായിലെ അര്‍ബുദം, വയറിലുണ്ടാകുന്ന അര്‍ബുദം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവുമധികമാളുകളെ ബാധിക്കുന്ന അഞ്ച് അര്‍ബുദങ്ങള്‍. ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍ ഇനി പറയുന്നവയാണ്.

1. ശ്വാസകോശാര്‍ബുദം

പുകവലിയാണ് ശ്വാസകോശാര്‍ബുദത്തിന്‍റെ പ്രധാന കാരണം. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദ സാധ്യത അധികമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. റാഡോണ്‍ വാതകം, ആസ്ബെറ്റോസ്, സിലിക്ക, ആര്‍സെനിക് എന്നിവയുമായുള്ള സമ്പര്‍ക്കവും അപകടമാണ്. വായുവിലെ മലിനീകരണവും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. ശ്വാസകോശാര്‍ബുദത്തിന്‍റെ കുടുംബചരിത്രവും അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. 

2. സ്തനാര്‍ബുദം

ഇന്ത്യയിലെ അര്‍ബുദങ്ങളില്‍ 13 ശതമാനവും സ്തനങ്ങളില്‍ നിന്നാരംഭിക്കുന്നവയാണ്. പ്രായാധിക്യമാണ് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന്. 50 വയസ്സിന് ശേഷം ഈ അര്‍ബുദം ബാധിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ധിക്കുന്നു. ബിആര്‍സിഎ1, ബിആര്‍സിഎ2 ജീനുകളിലെ ജനിതക വ്യതിയാനങ്ങള്‍ പരമ്പരാഗതമായി ലഭിക്കുന്ന സ്ത്രീകള്‍ക്കും സ്തനാര്‍ബുദ സാധ്യതയുണ്ട്. അമിതഭാരം, ഹോര്‍മോണ്‍ മാറ്റിവയ്ക്കല്‍ തെറാപ്പി, മദ്യപാനം, അലസമായ ജീവിതശൈലി എന്നിവയും സ്തനാര്‍ബുദത്തിന്‍റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. 

3. അന്നനാളിയിലെ അര്‍ബുദം

പുകയിലയുടെ അമിത ഉപയോഗവും നിത്യവുമുള്ള പുകവലി ശീലവും അന്നനാളിയില്‍ അര്‍ബുദത്തിന് കാരണമാകുന്നു. അന്നനാളിയിലെ പേശികളെ ബാധിക്കുന്ന അക്കലാസിയ എന്ന അവസ്ഥയും അര്‍ബുദകാരകമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതവണ്ണം, ചിലതരം രാസവസ്തുക്കള്‍ എന്നിവയും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. 

4. വായിലെ അര്‍ബുദം

80 ശതമാനം വായിലെ അര്‍ബുദങ്ങളും പുകയില ഉപയോഗം മൂലമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹ്യൂമന്‍ പാപ്പിലോമ വൈറസും വായിലെ അര്‍ബുദവുമായി ബന്ധമുണ്ടെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അമിതവണ്ണം, അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാനിടയായ സാഹചര്യം എന്നിവയും വായിലെ അര്‍ബുദത്തിന്‍റെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. 

5. വയറിലെ അര്‍ബുദം

ജെര്‍ഡ് അഥവാ ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ളക്സ് വയറിലെ അര്‍ബുദത്തിന്‍റെ പ്രധാന കാരണമാണ്. ഹെലികോബാക്ടര്‍ പൈലോറി മൂലമുള്ള അണുബാധയും വയറില്‍ അര്‍ബുദമുണ്ടാക്കാം. വയറിലെ അര്‍ബുദത്തിന്‍റെ കുടുംബചരിത്രം, ചിലതരം അണുബാധകൾ എന്നിവയും അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നു. നേരത്തെതന്നെ  ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് ചികിത്സ തേടുന്നത് അര്‍ബുദ ചികിത്സയില്‍ നിര്‍ണായകമാണ്. നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ പല അര്‍ബുദങ്ങളും ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും.

Content Summary: Major risk factors of 5 most prevalent cancers in India​ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com