ADVERTISEMENT

മിതമായ അളവിൽ മദ്യം കഴിച്ചാൽ പോലും തിമിരം, കുടൽവ്രണം ഉൾപ്പെടെ അറുപതിൽപരം രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് ഓരോ വർഷവും മുപ്പതു ലക്ഷം പേരാണ് മദ്യപാനം മൂലം മരിക്കുന്നത്. കുറഞ്ഞതും ഇടത്തരം വരുമാനം ഉള്ളതുമായ രാജ്യങ്ങളിൽ മരണനിരക്ക് ഉയരുകയാണ്. 

 

യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിലെയും ചൈനയിലെ പെക്കിങ്ങ് സർവകലാശാലയിലെയും ഗവേഷകർ 12 വർഷക്കാലം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നഗര ഗ്രാമപ്രദേശങ്ങളിലെ 5,12,000 പേരിലാണ് മദ്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പഠനം നടത്തിയത്. 200 ൽ അധികം രോഗങ്ങൾക്ക് മദ്യപാനവുമായുള്ള ബന്ധം പഠനം പരിശോധിച്ചു. 

 

207 രോഗങ്ങൾ പഠിച്ചതിൽ മദ്യപാനം പുരുഷന്മാരിൽ 61 രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നതായി കണ്ടു. പഠനത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും പുരുഷന്മാരായിരുന്നു. 2 ശതമാനം സ്ത്രീകൾ മാത്രമാണ് പതിവായി മദ്യപിക്കുന്നത്. 

 

മദ്യപാനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന മുൻപ് പറഞ്ഞിട്ടുള്ള ലിവർ സിറോസിസ്, പക്ഷാഘാതം, ഉദരത്തിലെയും കുടലിലെയും ചില കാൻസറുകൾ തുടങ്ങിയ 28 രോഗങ്ങളും തിമിരം, സന്ധിവാതം, ചില ഒടിവുകൾ, ഗ്യാസ്ട്രിക് അൾസർ തുടങ്ങിയ മദ്യപാനവുമായി ബന്ധമുണ്ടെന്ന് മുൻപ് സ്ഥാപിക്കപ്പെടാത്ത 33 രോഗങ്ങളും വരാൻ ഉള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ തെളിഞ്ഞു. 

 

1.1 ദശലക്ഷം ആശുപത്രി കേസുകൾ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വല്ലപ്പോഴും മാത്രം മദ്യം കഴിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് പതിവായി മദ്യപിക്കുന്നവർക്ക് രോഗങ്ങൾ വരാനുള്ള സാധ്യതയും ആശുപത്രിയിലാവാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടു. ദിവസവും കുടിക്കുക, അല്‍പാൽപമായി കൂടുതൽ തവണ കുടിക്കുക, ഭക്ഷണസമയങ്ങളിൽ മദ്യപിക്കുക തുടങ്ങിയ മദ്യപാന ശീലങ്ങൾ ചില രോഗങ്ങൾക്ക്, പ്രത്യേകിച്ച് ലിവർസിറോസിസ് വരാനുള്ള സാധ്യത കൂട്ടും. 

 

മദ്യപാനവും രോഗങ്ങളും ആയുള്ള ബന്ധം പരിശോധിച്ചപ്പോൾ ദിവസവും ഓരോ നാലു ഡ്രിങ്ക്സ് കഴിക്കുമ്പോഴും മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്ന് മുൻപേ തെളിഞ്ഞ രോഗങ്ങൾ വരാനുള്ള സാധ്യത 14 ശതമാനം വർധിക്കും. മദ്യപാനവുമായി ബന്ധമുണ്ടെന്ന് തിരിച്ചറിയപ്പെടാത്ത രോഗങ്ങൾ വരാനുള്ള സാധ്യത 6 ശതമാനം വർധിക്കും. അതുപോലെ ലിവർ സിറോസിസ്, സന്ധിവാതം ഇവയുള്ള സാധ്യത രണ്ടിരട്ടി വർധിക്കും എന്നും പഠനം പറയുന്നു. 

 

അമിതമദ്യപാനം പക്ഷാഘാത സാധ്യത വർധിപ്പിക്കും. എന്നാൽ ഇസ്കെമിക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുന്നില്ല. പക്ഷേ മിതമായി മദ്യപിക്കുന്നതുകൊണ്ട് (ദിവസം ഒന്നോ രണ്ടോ ഡ്രിങ്ക്സ്) ഇസ്കെമിക് ഹൃദ്രോഗത്തിൽ നിന്ന് ഒരു സംരക്ഷണവും ലഭിക്കുന്നില്ല എന്നും പഠനം പറയുന്നു. മദ്യപാനം മിതമാണെങ്കിൽ പോലും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നു.

Content Summary: Even moderate alcohol intake can raise risk for over 60 diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com