ADVERTISEMENT

പതിവ് നടത്തം. നേരം പുലർന്നു വരുന്നതേയുള്ളൂ. നശിച്ച ഷൂ ലൈസിനെ ശപിച്ചുകൊണ്ട് വീണ്ടും റോഡിൽ കുത്തിയിരുന്നു മുറുകെ വീണ്ടും കെട്ടി. നടത്തം പുനരാരംഭിച്ചപ്പോൾ തുടരെ മൊബൈൽ ബെല്ലടി. ഹെഡ് ഫോണിലെ പാട്ടിന് വിഘാതമാകുന്ന ഫോൺ കോൾ കട്ടാക്കി. മൊബൈലിന്റെ അങ്ങേ തലയ്ക്കൽ അടുത്ത ജില്ലയിലെഡോക്ടറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്തോ ഒരു അപാകത.

 

അതിരാവിലെ ഇങ്ങനെയൊരു കോൾ അസ്വാഭാവികം. അതുകൊണ്ടുതന്നെ അടുത്ത റിങ്ങിൽ ഫോൺ ചെവിയിൽ. കേട്ട വാർത്ത അക്ഷരാർഥത്തിൽ നെഞ്ച് കീറി പറിച്ചു. ഇത്തവണ ശരിക്കും പാത വക്കത്തിരുന്നു പോയി.

 

ഫോൺ വിളിച്ച ഡോക്ടർ ഇങ്ങനെ പറഞ്ഞു വച്ചു. "സാർ എഴുതിയതു പോലെതന്നെ. ഒരു വനിതാ ഡോക്ടർക്ക് കുത്തേറ്റു. കിംസിലേക്ക് റഫർ ചെയ്തിട്ടുണ്ട്,ബാഡാണ്. മരിച്ചുപോകാൻ സാധ്യത ഏറെ"

 

കണ്ണിലേക്ക് ഇരുട്ട് കയറുന്ന പോലെ. അല്പനേരം എണീക്കാൻ കഴിഞ്ഞില്ല. നെഞ്ചിലെ എരിയുന്ന കനൽ ദേഹമാകെ പടർന്നു പിടിച്ചു. വീണ്ടും അഴിഞ്ഞുപോയ ഷൂ ലൈസ് എന്നെ നോക്കി വെറുതെ ചിരിക്കുന്നുണ്ടായിരുന്നു.

 

ഡോക്ടർ വന്ദന ദാസ്

ആരെങ്കിലും ഒരാൾ, കൊല്ലപ്പെടുമെന്നും അതൊരുപക്ഷേ ഞാനായിരിക്കാം, എന്നൊരു ഫ‌െയ്സ്ബുക്ക് കുറിപ്പ് നാലഞ്ചു മാസങ്ങളും മാസങ്ങൾക്ക് മുമ്പെഴുതിയിരുന്നു. എഴുത്ത് കണ്ടയുടൻ ഒരടുത്ത സുഹൃത്ത് വിളിച്ച് മരണങ്ങൾ ഇങ്ങനെ  പ്രവചിക്കരുതെന്ന് സ്നേഹത്തോടെ ഉപദേശിച്ചു. മറ്റൊരു  സർക്കാർതല  മീറ്റിങ്ങിൽ ഞാനാ പ്രവചനം വീണ്ടും ആവർത്തിച്ചപ്പോൾ ഡോക്ടർക്ക് കരിനാക്കൊന്നുമില്ലല്ലോ എന്നായിരുന്നു ചോദ്യം.

 

മിനിറ്റുകൾക്കകം ഞാൻ കിംസ് ആശുപത്രിയുടെ എമർജൻസി മുറിയിൽ. അപ്പോഴേക്കും ഡോക്ടർ വന്ദന ദാസിനെ റിസോസിറ്റിഷൻ കോർണറിൽ എത്തി കഴിഞ്ഞിരുന്നു. ഒരു കൂട്ടം ഡോക്ടർമാർ ജീവൻ തിരിച്ചുപിടിക്കാൻ അവസാന ശ്രമം. പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായ യുദ്ധം പോലെ.

നെഞ്ച് പൊള്ളുന്ന വേദനയുമായി,  എഴുതിപ്പോയ വാക്കുകൾ വേണ്ടായിരുന്നു എന്ന് സ്വയം ശപിച്ചു ഞാൻ അങ്ങനെ !

 

ഒരു മണിക്കൂറിനകം മരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഒരു അപകടമോ മരണമോ സംഭവിക്കുമെന്ന് ഒരിക്കലും എഴുതുകയോ പറയുകയോ ചെയ്യില്ല എന്ന് മനസ്സിൽ അടിവരയിട്ടു. മറ്റൊരു മരണക്കുറിപ്പും നെഞ്ചുരുക്കുന്ന മറ്റൊരു മരണവും താങ്ങാനാകില്ല തന്നെ.

 

മരണാനന്തര ചടങ്ങിന് ക്ഷണിക്കാതെ എത്തിയ അതിഥിയായി ഞാൻ വന്ദനയുടെ വീട്ടിൽ. വീണ്ടും ആ ചോദ്യം വന്ദനയുടെ പിതാവിൽ നിന്നും. "എന്റെ മോളുടെ മരണം പ്രവചിച്ച ആളല്ലേ"? വീണ്ടും ചങ്ക് പിടഞ്ഞു.

 

അത്തരം കുറിപ്പുകൾ ഇനിയില്ലെന്ന് ഒരിക്കൽക്കൂടി വീണ്ടും

പ്രണാമം ഡോക്ടർ വന്ദന ദാസ്.

അറിയാതെ പറഞ്ഞുപോയ, അറിയാതെ എഴുതിപ്പോയ വാക്കുകൾക്ക് മാപ്പ്!

ഇന്ന് ഡോക്ടേഴ്സ് ഡേ.

അതുകൊണ്ടുതന്നെ ഡോക്ടർ വന്ദന ദാസിന് കേരളത്തിന്റെ പൊതു സമൂഹത്തിന്റെ, പ്രത്യേകിച്ച് മെഡിക്കൽ സമൂഹത്തിന്റെ ആദരാഞ്ജലികൾ.

Content Summary: Doctors' Day 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com