ADVERTISEMENT

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പകര്‍ച്ചപ്പനികള്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ദുരിതാശ്വാസ ക്യാംപുകളിലുള്‍പ്പെടെ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണ്. ക്യാംപുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കണം. ആരോഗ്യ സേവനം ഉറപ്പാക്കാന്‍ പിഎച്ച്സി/ എഫ്എച്ച്സി/ സിഎച്ച്സിയിലുള്ള എച്ച്.ഐ./ജെ.എച്ച്.ഐ. തലത്തിലുള്ള ഒരാള്‍ക്ക് ചുമതല കൊടുക്കണം. അവരുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. എല്ലാവരും ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കണം. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശം നല്‍കി.

 

ദുരിതാശ്വാസ ക്യാപുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം പാര്‍പ്പിക്കേണ്ടതാണ്. അവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കണം. ക്യാംപിലുള്ളവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വിവരം അറിയിക്കേണ്ടതാണ്. ക്യാംപും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളം കലര്‍ന്ന കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം.

 

മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് മുടക്കം വരുത്തരുത്. കഴിക്കുന്ന മരുന്നുകളുടെ കുറിപ്പ് കയ്യില്‍ കരുതണം. ക്യാംപുകളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് സേവനം ഉറപ്പാക്കണം. മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫ്‌ളുവന്‍സ പടരാതിരിക്കാന്‍ ക്യാംപിനകത്ത് മറ്റ് രോഗങ്ങളുള്ളവര്‍, കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മാസ്‌ക് ധരിക്കേണ്ടതാണ്. കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ക്യാംപിലുള്ള എല്ലാവര്‍ക്കും ഡോക്‌സിസൈക്ലിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്‌സിസൈക്ലിന്‍ വാങ്ങി കയ്യില്‍ വയ്ക്കാതെ എല്ലാവരും കഴിക്കണം. ദുരിതാശ്വാസ ക്യാംപുകളില്‍ സേവനം ചെയ്യുന്നവരും രക്ഷാപ്രവര്‍ത്തകരും മുന്‍കരുതല്‍ ഉറപ്പാക്കണം. ഇവര്‍ നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

Content Summary: Monsoon diseases and prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com