ADVERTISEMENT

വെറുതെ ഇരിക്കുമ്പോൾ  എവിടെ നിന്നെന്ന് അറിയാതെ എത്തി കുറച്ച് കഴിയുമ്പോൾ എവിടേക്കോ പോകുന്ന പ്രതിഭാസം. ഇതാണ് നമ്മളെയൊക്കെ സംബന്ധിച്ചിടത്തോളം എക്കിള്‍. എന്നാല്‍ 68 വര്‍ഷക്കാലം എക്കിളുമായി ജീവിച്ച ഒരു വ്യക്തിയെ പരിചയപ്പെടാം. ചാള്‍സ് ഓസ്ബോണ്‍ എന്ന അമേരിക്കക്കാരന് 1922 ജൂണ്‍ 13നാണ് എക്കിള്‍ ആരംഭിക്കുന്നത്. നെബ്രാസ്കയിലെ തന്‍റെ ഫാമില്‍ ഒരു പന്നിയെ വെട്ടും മുന്‍പ് അതിന്‍റെ ഭാരം അളക്കാന്‍ ശ്രമിക്കുകയായിരുന്നു ചാള്‍സ്. അപ്പോൾ  തുടങ്ങിയ എക്കിള്‍ ചാള്‍സിനെ വിടാതെ നീണ്ട 68 വര്‍ഷം പിന്തുടര്‍ന്നു. 

 

നിരവധി ഡോക്ടര്‍മാരെ ഇക്കാലയളവില്‍ കണ്ടെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ഒരു ഡോക്ടര്‍ കാര്‍ബണ്‍ മോണോക്സൈഡും ഓക്സിജനും ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിച്ചെങ്കിലും ചാള്‍സിന് അപ്പോള്‍ സുരക്ഷിതമായി ശ്വസിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഈ വ്യാധിയുമായി ജീവിക്കാന്‍ ശീലിച്ച ചാള്‍സ് എക്കിള്‍ ശബ്ദം ലഘൂകരിക്കാനൊരു ശ്വസന ടെക്നിക്കും  കാലക്രമേണ കണ്ടെത്തി. സാധാരണ ജീവിതം നയിച്ച ചാള്‍സ് രണ്ട് വിവാഹം കഴിക്കുകയും എട്ട് കുട്ടികളുടെ പിതാവാകുകയും ചെയ്തു. 1990 ഫെബ്രുവരിയിലെ ഒരു പ്രഭാതത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ചാള്‍സിന്‍റെ എക്കിള്‍ നിലച്ചു. 1991 മെയിൽ  മരണപ്പെടും വരെ പിന്നീട് എക്കിളിന്‍റെ ശല്യമില്ലാതെ ഇദ്ദേഹം ജീവിച്ചു. തന്‍റെ ജീവിതകാലയളവില്‍ 430 ദശലക്ഷം എക്കിളുകളെങ്കിലും ചാള്‍സിന് ഉണ്ടായി കാണുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവുമധികം കാലം നീണ്ടു നിന്ന എക്കിളിന് ഉടമ എന്ന പേരില്‍ ചാള്‍സ് ഓസ്ബോണ്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ കയറുകയും ചെയ്തു.  

 

ചാള്‍സിന്‍റെ എക്കിള്‍ ഒറ്റപ്പെട്ട സംഗതിയല്ല. ഇംഗ്ലണ്ടില്‍ ഒരു സംഗീതജ്ഞന് മൂന്ന് വര്‍ഷം തുടര്‍ച്ചയായി എക്കിള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒടുക്കം അത് തലച്ചോറിലെ മുഴ മൂലമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തപ്പോള്‍ എക്കിള്‍ മാറുകയും ചെയ്തു. മറ്റൊരു അപൂര്‍വ കേസില്‍ ഒരാള്‍ക്ക് മൂന്നാഴ്ച തുടര്‍ച്ചയായി എക്കിള്‍ ഉണ്ടാകുകയും പിന്നീടയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായാതാണെന്ന് കണ്ടെത്തുകയും ചെയ്തു. 

 

നമ്മുടെ ഡയഫ്രം ചുരുങ്ങുന്നത് മൂലവും വോക്കല്‍ കോഡുകള്‍ക്കിടയിലുള്ള ഗ്ലോട്ടിസ് അടഞ്ഞു പോകുന്നതു മൂലം ശ്വസനം പൂര്‍ണമാകാത്തതും കൊണ്ടും എക്കിള്‍ സംഭവിക്കാം. നമുക്ക് ബോധപൂര്‍വം എക്കിളിനെ തടയാനാകില്ല. അമിത മദ്യപാനം, അമിതമായ ഭക്ഷണം കഴിക്കല്‍, ചവയ്ക്കുമ്പോൾ  ധാരാളം വായു ഉള്ളിലേക്ക് എടുക്കല്‍, ചില മരുന്നുകള്‍, ആവേശം, പൊട്ടിച്ചിരി എന്നിവയെല്ലാം എക്കിളിനെ ഉണര്‍ത്തി വിടാം. ഒറ്റയ്ക്കോ കൂട്ടമായോ എക്കിള്‍ ഉണ്ടാകാം. മിനിറ്റില്‍ നാലു മുതല്‍ 60 എക്കിള്‍ എന്ന കണക്കിലും ചിലപ്പോൾ  ഇത് സംഭവിക്കാം. ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ശിശുവിന് പോലും എക്കിള്‍ സംഭവിക്കാമെന്നും പറയപ്പെടുന്നു. 

 

തണുത്ത വെള്ളം കുടിക്കുകയോ കുലുക്കുഴിയോ ചെയ്യുന്നതും ഒരു പേപ്പര്‍ ബാഗിലേക്ക് ശ്വസിക്കുന്നതും, കുറച്ച് നേരം ശ്വാസം പിടിച്ച് വയ്ക്കുന്നതും, ഹിപ്നോസിസും  അക്യുപങ്ചറും  ഒക്കെ എക്കിളിന് ആശ്വാസം നല്‍കാം. ഹിക് എവേ എന്നൊരു പ്രത്യേക സ്ട്രോയും അടുത്ത കാലത്തായി എക്കിള്‍ മാറാന്‍ ഉപയോഗിച്ച് വരുന്നുണ്ട്. സാധാരണ എക്കിളുകള്‍ തനിയെ മാറുമെങ്കിലും ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന എക്കിളുകള്‍ ഗൗരവമായി എടുക്കുകയും ഡോക്ടറെ കാണുകയും ചെയ്യണം. 

Content Summary: The Incredible True Story of The Man Who Had Hiccups For 68 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com