ADVERTISEMENT

രാജസ്ഥാനിലെ അൽവാറിലെ 15 വയസ്സുകാരൻ ഭക്ഷണം കഴിക്കുന്നത് നിർത്തി ഉറക്കത്തിൽ ‘തീ’ ‘തീ’ എന്ന് അലറാൻ തുടങ്ങി. പബ്ജി പോലുള്ള ഓൺലൈൻ വിഡിയോ ഗെയിമുകളുടെ അഡിക്ട് ആയ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഉറക്കത്തിൽ കൈകൾ കുലുക്കുകയും ഗെയിം കളിക്കുമ്പോഴുള്ള ചലനങ്ങളും മൊബൈൽ ഫോൺ പിടിക്കുന്നതായുള്ള ആംഗ്യവും കാണിക്കുന്ന ഈ കൗമാരക്കാരന്റെ മാനസികാരോഗ്യം നഷ്ടപ്പെട്ടു. ആറുമാസക്കാലം ദിവസവും 15 മണിക്കൂർ ആണ് ഈ കുട്ടി മൊബൈൽ ഗെയിമുകൾ കളിച്ചിരുന്നത്.

 

ഉറക്കത്തിൽ പോലും കുട്ടി കൈകൾ മൊബൈൽ ഫോൺ പിടിക്കുന്നതു പോലെ മുറുക്കിപ്പിടിച്ചിരുന്നതായും കുട്ടിയുടെ ശരീരം വിറച്ചിരുന്നതായും ഹോസ്പിറ്റലിലെ കൗൺസിലർ പറയുന്നു. 

 

ഇന്റർനെറ്റ് ഗെയിമിങ്ങ് ഡിസോർഡർ
ഗെയിം കളിക്കുന്നതിൽ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്റർനെറ്റ് ഗെയിമിങ്ങ് ഡിസോർഡർ അഥവാ വിഡിയോ ഗെയിം അഡിക്‌ഷൻ. ഇതു വ്യക്തിപരവും സാമൂഹ്യവും വിദ്യാഭ്യാസപരവും തൊഴിൽപരവും ആയ ദിവസേനയുള്ള ഉത്തരവാദിത്തങ്ങളെയെല്ലാം ദോഷകരമായി ബാധിക്കുന്നു. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾ വിഡിയോ ഗെയിം കളിക്കുന്നുണ്ട്. എന്നാൽ ചെറിയ ഒരു ശതമാനം ആളുകൾക്ക് അഡിക്‌ഷൻ ഉണ്ടാകുകയും ചിലർക്ക് മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. 

 

ഗെയിമിങ്ങിനോടുള്ള അഡിക്‌ഷൻ ഒരു പെരുമാറ്റവൈകല്യമാണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. കളിയിൽ ജയിക്കുമ്പോൾ അത് തുടർന്നു കളിക്കാനുള്ള പ്രേരണയാകുന്നു. 2021 ൽ ‘അഡിക്റ്റീവ്ബിഹേവിയേഴ്സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, 19 ശതമാനത്തിലധികം പുരുഷന്മാർക്കും 7.8 ശതമാനം സ്ത്രീകൾക്കും ഗെയിമിങ്ങ് ഡിസോർഡർ ഉണ്ടെന്നാണ്. 3000 കുട്ടികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

 

ഈ അഡിക്‌ഷൻ, ഓർമ, ശ്രദ്ധ, പഠനത്തിനുള്ള കഴിവ് എല്ലാത്തിനെയും കുറയ്ക്കുന്നു. 

 

വിഡിയോ െഗയിമിങ്ങ് ഡിസോർഡറിന്റെ ചില ലക്ഷണങ്ങൾ ഇവയാണ്. 

 

∙ സ്കൂൾ, ജോലിസ്ഥലം, വീട്ടിലെ ഉത്തരവാദിത്തങ്ങൾ എന്നിവയിെല മോശം പ്രകടനം.

∙ കളിക്കാതിരിക്കുമ്പോൾ വർധിച്ച ഉത്കണ്ഠ, അസ്വസ്ഥത, സമ്മർദം, ദുഃഖഭാവം.
∙ കൂടുതൽ സമയം വിഡിയോഗെയിം കളിക്കാൻ നിർബന്ധം പിടിക്കുക. 

∙ ദൈനംദിന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതിരിക്കുക. 

∙ സാമൂഹ്യമായി വിചിത്രമായ ഇടപെടൽ നടത്തുക, അരോചകമായി തോന്നിപ്പിക്കുന്ന തരത്തിൽ െപരുമാറുക.

∙ നെഗറ്റീവ് മൂഡ് മാറ്റാൻ വിഡിയോ ഗെയിമിനെ ഉപാധിയാക്കുക. 

 

എന്താണ് അഡിക്‌ഷൻ ഉണ്ടാക്കുന്നത്?
വിഡിയോ ഗെയിം അഡിക്‌ഷന് പ്രത്യേക കാരണങ്ങൾ ഒന്നും ഇല്ല. എന്നാൽ വിഡിയോ ഗെയിം കളിക്കുന്ന പ്രക്രിയയും ജയിക്കുന്നതും ഒരു ന്യൂറോട്രാൻസ്മിറ്റർ ആയ ഡോപമിന്റെ ഉൽപാദനം കൂട്ടുന്നു. ഈ ഹോർമോൺ ആണ് ചലനം, ഓർമശക്തി, സന്തോഷം, മോട്ടിവേഷൻ തുടങ്ങി നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ പങ്കു വഹിക്കുന്നത്. 

 

ഡോപമിന്റെ അളവ് കൂടുന്നതും കുറയുന്നതും എല്ലാം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങളുമായും നാഡീസംബന്ധമായ രോഗങ്ങളാലും ബന്ധപ്പെട്ടിരിക്കുന്നു. വിഡിയോ ഗെയിം അഡിക്‌ഷൻ ഉള്ളവരുടെയും മയക്കു മരുന്ന് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസികരോഗം ഉള്ളവരുടെയും തലച്ചോറിന് സാമ്യങ്ങൾ ഉണ്ടെന്ന് അടുത്തിടെ നടന്ന ഒരു നാഡീസംബന്ധമായ പഠനത്തിൽ കണ്ടു. 

 

എങ്ങനെ തടയാം ഈ അഡിക്‌ഷൻ?
ഇന്റർനെറ്റ് ഗെയിമിങ്ങ് ഡിസോർഡറുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളായ ഗെയിമിനോടുള്ള ആവേശം, സ്വയം നിയന്ത്രണമില്ലായ്മ, ഉത്കണ്ഠ ഇവയെല്ലാം കൗൺസിലിങ്ങിലൂടെ ചികിത്സിച്ചു ഭേദമാക്കാം. കുട്ടികളെയും ചെറുപ്പക്കാരെയും ഗെയിമിങ്ങ് ഡിസോർഡറിനെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും ബോധവാൻമാരാക്കേണ്ടതും കുട്ടികളെ കൗൺസിൽ ചെയ്യേണ്ടതും വളരെ പ്രധാനമാണ്.

Content Summary: Video Game Addiction and Mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com