ADVERTISEMENT

ഓര്‍മകളെല്ലാം മറഞ്ഞ് തുടങ്ങുന്ന അൽസ്ഹൈമേഴ്സ് പോലുള്ള മറവിരോഗങ്ങള്‍ പൊതുവേ പ്രായമായവര്‍ക്ക് വരുന്ന ഒന്നായിട്ടാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ മുപ്പതുകള്‍ മുതല്‍ തന്നെ മറവിരോഗത്തിന്‍റെ ലക്ഷണങ്ങള്‍ ചിലര്‍ക്ക് കണ്ടുതുടങ്ങാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യങ് ഓണ്‍സെറ്റ് അൽസ്ഹൈമേഴ്സ് എന്ന ഈ രോഗം ബാധിച്ച 30നും 64നും ഇടയില്‍ പ്രായമുള്ള 39 ലക്ഷം പേര്‍ ലോകത്താകമാനം ഉള്ളതായി കണക്കാക്കുന്നു. 30കളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത് അപൂര്‍വമാണെങ്കിലും 50-64 പ്രായവിഭാഗത്തിലാണ് യങ് ഓണ്‍സൈറ്റ് അൽസ്ഹൈമേഴ്സ് ലക്ഷണങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കപ്പെടുക. 

 

സാധാരണ അൽസ്ഹൈമേഴ്സ് രോഗികള്‍ക്കു കാണപ്പെടുന്ന ആദ്യ ലക്ഷണം ഓര്‍മക്കുറവാണെങ്കില്‍ യങ് ഓണ്‍സെറ്റ് അൽസ്ഹൈമേഴ്സില്‍ ലക്ഷണങ്ങള്‍ അൽപം  വ്യത്യസ്തമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഇനി പറയുന്നവയാണ് ചെറുപ്പക്കാരില്‍ വരുന്ന അൽസ്ഹൈമേഴ്സ് ലക്ഷണങ്ങള്‍: 

 

1. ശ്രദ്ധക്കുറവ്
2. കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങളെ അനുകരിക്കാനുള്ള ശേഷിക്കുറവ്
3. ഇടത്തെ പറ്റിയുള്ള ധാരണക്കുറവ്
4. അമിതമായ ഉത്കണ്ഠ
5. വിഷാദരോഗം
6. പെരുമാറ്റത്തില്‍ മാറ്റങ്ങള്‍

 

യങ് ഓണ്‍സെറ്റ് അൽസ്ഹൈമേഴ്സ് രോഗമുള്ളവരുടെ തലച്ചോറില്‍ ത്വരിത ഗതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നും  ചെറുപ്പത്തില്‍ അൽസ്ഹൈമേഴ്സ് ബാധിക്കപ്പെടുന്നവര്‍ക്ക് വൈകി വരുന്നവരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറവാണെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈകി വരുന്ന അൽസ്ഹൈമേഴ്സും ചെറുപ്പത്തില്‍ വരുന്ന അൽസ്ഹൈമേഴ്സും സമാനമായ രാസ വ്യതിയാനങ്ങളാണ് തലച്ചോറില്‍ ഉണ്ടാക്കുന്നതെങ്കിലും ഈ വ്യതിയാനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങള്‍ വ്യത്യസ്തമാണ്. യുവാക്കളിലെ അൽസ്ഹൈമേഴ്സ് രോഗത്തില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത് ഇന്ദ്രിയാനുഭൂതിയെയും ചലനത്തെയും സംബന്ധിച്ച തലച്ചോറിന്‍റെ ഭാഗങ്ങളാണ്. വൈകി വരുന്നവരില്‍ കൂടുതലും ബാധിക്കപ്പെടുന്നത് പഠനവും ഓര്‍മയുമായി ബന്ധപ്പെട്ട ഹിപ്പോക്യാംപസാണ്. 

 

മോശം ഹൃദയാരോഗ്യം, മുതിരുമ്പോഴുള്ള ധാരണശേഷിക്കുറവ് എന്നിവയെല്ലാം യങ് ഓണ്‍സെറ്റ് അൽസ്ഹൈമേഴ്സിന്റെ സാധ്യത എട്ട് മടങ്ങ് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതില്‍ ജനിതകപരമായ പ്രത്യേകതകളും  ഒരു പ്രധാന പങ്ക് വഹിക്കുന്നതായി കാണാം. എപിപി, പിഎസ്ഇഎന്‍1, പിഎസ്ഇഎന്‍2 എന്നീ മൂന്ന് ജീനുകള്‍ യങ് ഓണ്‍സെറ്റ് അൽസ്ഹൈമേഴ്സ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജീനുകളെല്ലാം അൽസ്ഹൈമേഴ്സ് രോഗത്തിലേക്ക് നയിക്കുന്ന പ്രോട്ടീനായ അമിലോയ്ഡ് ബേറ്റായുമായി ബന്ധമുള്ളവയാണ്. 

 

സജീവമായ ജീവിതശൈലിയും നല്ല ഭക്ഷണക്രമവും ജനിതകപരമല്ലാത്ത അൽസ്ഹൈമേഴ്സ് രോഗത്തിന്‍റെ സാധ്യതകള്‍ കുറയ്ക്കുന്നു. പച്ചക്കറികളും ഉണക്ക പഴങ്ങളും ചോക്ലേറ്റും യങ് ഓണ്‍സെറ്റ് അൽസ്ഹൈമേഴ്സിന്റെ സാധ്യതകള്‍ കുറയ്ക്കുമെന്ന് ഒരു ഇറ്റാലിയന്‍ പഠനവും കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Alzheimer's Can Strike as Young as 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com