ADVERTISEMENT

കേരളത്തിലെ മഴക്കാലം അറിയപ്പെടുന്നതുതന്നെ പനിക്കാലം എന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളുമായി താരതമ്യം ചെയ്താൽ ഈ വർഷം പനി ബാധിതരടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.  പനി മരണങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. ഡെങ്കു, എലിപ്പനി, എച്ച്‌വൺ എൻവൺ ഇൻഫ്ലുവൻസ എന്നീ മൂന്നു തരത്തിലുള്ള പനികളാണ് പ്രധാനമായും കണ്ടു വരുന്നത്.

തെക്ക് നിന്ന് വടക്കോട്ട് മാറിയ ഡെങ്കു
മുൻവർഷങ്ങളിൽ ഡെങ്കു ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത് തെക്ക് തിരുവനന്തപുരത്തായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. ഈ വർഷം സർക്കാർ പ്രഖ്യാപിച്ച 138 ഹോട്ട്സ്പോട്ടുകളിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലെയും സ്ഥലങ്ങളുണ്ട്. മുൻപ് നഗരത്തിൽ മാത്രമായി ഒതുങ്ങിയിരുന്ന ഡെങ്കു വൈറസ് ഇപ്പോൾ കേരളം മുഴുവൻ കീഴടക്കിയിരിക്കുന്നതായി കാണാം. ‍ഡെങ്കിയുടെ വകഭേദങ്ങൾ ഓരോ തവണയും മാറി മാറി വരാനുള്ള ഒരു സാധ്യത ഉണ്ട്. ഡെങ്കു വൈറസുതന്നെ നാലു തരമുണ്ട്. ഈ വൈറസ് സഞ്ചരിക്കുന്നത് കൊതുകു വഴിയാണ്. കൊതുകുണ്ടെങ്കിൽ മാത്രമേ ഒരു രോഗി മറ്റു വ്യക്തികൾക്ക് ഡെങ്കിപ്പനി കൊടുക്കുകയുള്ളൂ. ഒരു വീടിനുള്ളിൽ താമസിക്കുന്ന വ്യക്തിയാണെങ്കിൽ ആ വ്യക്തിയെ കൊതുകു കടിക്കുമ്പോൾ ആ വീട്ടിലുള്ള മറ്റുള്ളവർക്കും ഇത് വരാൻ സാധ്യതയുണ്ട്. 

കേരളം ഒരു ട്രാവൽ ഹബ്ബാണ്. പല രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പല തരക്കാരായ ആൾക്കാർ നിരന്തരം വന്നു പോകുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ ഡെങ്കിയുടെ ഒരു സീറോടൈപ്പ് മാത്രമേ ഇവിടെ ഉള്ളൂ എന്ന് ചിന്തിക്കാനേ പറ്റില്ല. മാത്രമല്ല ഇപ്പോൾ ഹൃദയത്തെയും വൃക്കകളെയും നെർവുകളെയുമൊക്ക ബാധിച്ച് അസാധാരണ ലക്ഷണങ്ങളോടു കൂടിയ പനിയുമായി എത്തുന്നവരുമുണ്ട്. സാധാരണ ഡെങ്കിക്ക് ശരീരവേദന, പനി, ഛർദി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക. സാധാരണഗതിയിൽ ഒരു 10 ദിവസം കഴിയുന്നതോടെ ഇതു പോകുകയും ചെയ്യും. പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുമ്പോഴാണ് ഡെങ്കിപനി ഗുരുതരമാകുന്നത്. രക്തസ്രാവം ഉണ്ടാകും. മറ്റു അവയവങ്ങളെയൊക്കെ ബാധിക്കും. കരൾ, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെയൊക്കെ ബാധിച്ച് ഇന്റേണൽ ബ്ലീഡിങ് ഉണ്ടാകാം. ഒരിക്കൽ ‍‍െങ്കിപനി വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ട്. രണ്ടാമത് വരുന്ന സമയത്ത് ബ്ലീഡിങ്ങിനുള്ള സാധ്യത കൂടുതലായി കാണുന്നുണ്ട്. റീഇൻഫെക്‌ഷൻ വരുന്നവരിൽ അവസ്ഥ സങ്കീർണമാകാം. ഇതാണ് മരണസംഖ്യ ഉയർത്തുന്നതും. അതുകൊണ്ടുതന്നെ ആരും ‍ഡെങ്കിപനി നിസ്സാരമായി കാണരുത്. ഡെങ്കുവിന്റെ റീഇൻഫെക്‌ഷൻ അപകടകരമാണ്. 

കൊതുകിന്റെ നിവാരണത്തിലൂടെ മാത്രമേ ഡെങ്കി നിയന്ത്രിക്കാൻ സാധിക്കൂ. കൊതുകു നിവാരണം രണ്ടു ലെവലിൽ ഉണ്ട്. ഒന്ന് അത് കൊതുകായതിനു ശേഷമുളള കൺട്രോളും മറ്റേത് കൊതുക് ആകുന്നതിനു മുൻപുള്ള കൺട്രോളും. ഫോഗിങ്, കൊതുകു വല, ജനലുകളിൽ വയ്ക്കുന്ന നെറ്റ് ഒക്കെ ഉപയോഗിച്ച് കൊതുകായതിനു ശേഷം പ്രതിരോധം തീർക്കാം. പക്ഷേ കൊതുക് ആകുന്നതിനു മുൻപ് അതായത് മുട്ട ഇട്ട് അത് ലാർവയായി, ആ ലാർവ കൊതുകാകുന്നതു വരെയുള്ള ഒരു സൈക്കിളുണ്ട്. ഇവിടെ ചെയ്യാാവുന്നത് കൊതുക് മുട്ടയിടാറുള്ള ഇടങ്ങൾ ഒഴിവാക്കുക. അടഞ്ഞു കിടക്കുന്ന ഓടകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങി വെള്ളം കെട്ടി കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ലാർവകൾ നശിപ്പിക്കാനായട്ട് അണുനാശിനി വെള്ളത്തിൽ കലക്കുക തുടങ്ങിയവയാണ്. ഒരു പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതിന്റെ 200 മീറ്ററായിരിക്കും കൊതുകിന്റെ ഉറവിടം.  ഈ ഒരു വസ്തുത മനസ്സിലാക്കി മുന്നോട്ട് പോകുകയാണെങ്കിൽ കുറെയൊക്കെ ഉറവിടം ഒഴിവാക്കാൻ പറ്റും. ഇതേ കൊതുകുചന്നെ സിക വൈറസിനെയും ചിക്കുൻഗുനിയ വൈറസിനെയും കൊണ്ടു നടക്കുന്നുണ്ട്. 

എലിപ്പനി മരണത്തിനു പിന്നിൽ
മഴക്കാലത്ത് ഏറ്റവും കൂടുതൽ മരണകാരണമാകുന്ന ഒന്നാണ് എലിപ്പനി. രോഗം നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും പ്രതിരോധിക്കാവുന്ന ഒന്നാണ് എലിപ്പനി. സാധാരണ വൈറൽ പനിയുടേതിനു സമാനമായ ലക്ഷണങ്ങളാണ് എലിപ്പനിക്കും പ്രകടമാകുന്നതിനാൽത്തന്നെ ആദ്യം രോഗം കണ്ടെത്താൽ പലപ്പോഴും സാധിക്കാറില്ല. തുടക്കത്തിൽ കണ്ടെത്തിയാൽ ആന്റിബയോട്ടിക് ചികിത്സ കൊണ്ട് രോഗം ഭേദമാക്കാനാകും. എന്നാൽ രോഗം തീവ്രമായി വൃക്ക, കരൾ പോലെയുള്ള അവയവങ്ങളെ ബാധിച്ചു കഴിഞ്ഞാൽ ആന്റിബയോട്ടിക് ചികിത്സ ഫലപ്രദമാകുകയുമില്ല. സ്ട്രോക്ക് പോലുള്ള രോഗങ്ങൾക്കു പറയുന്നതുപോലെയുള്ള ഗോർഡൻ അവേഴ്സ് എലിപ്പനിക്കുമുണ്ട്. ആദ്യത്തെ അഞ്ചു ദിവസമാണ് എലിപ്പനിയുടെ ഗോർഡൻ അവേഴ്സ് ആയി പറയുന്നത്. ഇതിനുള്ളിൽ രോഗം കണ്ടെത്തിക്കഴിഞ്ഞാൽ ചികിത്സയിലൂടെ രോഗം പൂർണമായി മാറ്റിയെടുക്കാവുന്നതാണ്.

എച്ച്‌വൺ എൻ വൺ ഇൻഫ്ലുവൻസ
ഇൻഫ്ലുവൻസ പല തരത്തിലുള്ള വൈറസുകളുണ്ട്. കോവിഡ് ഒരു വൈറസാണെങ്കില്‍ ഇൻഫ്ലുവൻസ പലതരം വൈറസുകളാണ് ഉണ്ടാക്കുന്നത്. കേരളത്തിൽ ഇപ്പോഴുള്ളത് H1N1 വൈറസ് ആണ്. നേരത്തെ H3N2 ഉണ്ടായിരുന്നു. മഴക്കാലത്ത് അന്തരീക്ഷത്തിലുള്ള ഈർപ്പം വൈറസുകൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. രോഗിയിൽ നിന്നു പുറത്തു വരുന്ന കണങ്ങളിലൂടെ ഇവ മറ്റൊരാളിലേക്ക് എത്തപ്പെടുന്നു.

90 ശതമാനവും ചെറിയ രീതിയിലുള്ള പനിയാണ് എച്ച്‌വൺ എൻ വൺ ഇൻഫ്ലുവൻസ. ഗർഭിണികളിലും പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും ചിലപ്പോൾ മാരകമായേക്കാം.  കടുത്ത പനി , ജലദോഷം, ചുമ, ശരീര വേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങൾ അധികരിക്കുന്നതു കണ്ടാൽ കൃത്യമായ ചികിത്സ തേടേണ്ടതാണ്.

ശ്വാസകോശം സ്പോഞ്ച് പോലെ
ഏത് വൈറൽ അണുബാധയും ശ്വാസകോശത്തെ ബാധിക്കുകയും ന്യുമോണിയയിലേക്ക് മാറുകയും ചെയ്യാവുന്നതാണ്. ഇപ്പോഴത്തെ H1N1 ഇൻഫ്ലുവൻസ വൈറസ് വളരെ ചുരുങ്ങിയ ശതമാനംആളുകളിൽ മാത്രമേ വൈറൽ ന്യുമോണിയ പോലെ ബാധിച്ചിട്ടുള്ളു എന്നത് ആശ്വാസകരമാണ്. അലർജിയൊക്കെ ഉളളവർക്ക് ആറ് മുതൽ എട്ടാഴ്ച വരെ ചുമയും ശ്വാസം മുട്ടലും ചെറുതായി അനുഭവപ്പെടാനുള്ള സാധ്യത കൂടുതലുണ്ട്. എല്ലാവർക്കും മരുന്നു കൊടുക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല. 

ചെയ്യേണ്ടത്

∙ പനി വന്നു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക
∙ പരിഭ്രാന്തി പാടില്ല
∙ കൃത്യമായ വിദഗ്ധോപദേശം മാത്രം സ്വീകരിക്കുക
∙ നേരത്തേ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുള്ളവരും പ്രമേഹം, സിഒപിഡി, ഉയർന്ന രക്തസമ്മർദം തുടങ്ങിയവ ഉള്ളവരും അടിസ്ഥാന പ്രശ്നങ്ങൾ നിയന്ത്രിച്ചു നിർത്തുക.
∙ പനി വന്നാൽ ഉടൻ മെഡിക്കൽ കോളജുകളിൽ പോകേണ്ട ആവശ്യമില്ല. അടുത്തുള്ള ക്ലിനിക്കുകളിൽ ചികിത്സ തേടാം
∙ പാരസെറ്റമോളും മദ്യവും ഒരുമിച്ച് ഉപയോഗിക്കരുത്.
∙ ആന്റിബയോട്ടിക്കിന്റെ അമിതോപയോഗം ഒഴിവാക്കുക. ഡോകർ നിർദേശിച്ചാൽ മാത്രം ആന്റിബയോട്ടിക് കഴിക്കുക. ഇതിനു മുൻപ് കഴിച്ച ആന്റിബയോട്ടിക് സ്വയം വാങ്ങി കഴിക്കുന്ന ശീലവും വേണ്ട
∙ 90 ശതമാനവും പനിയും ആവശ്യത്തിനു വിശ്രമം എടുത്തുള്ള ഗൃഹപരിചരണത്തിലൂടെതന്നെ മാറും
∙ ഗൃഹപരിചരണത്തിൽ ഛർദി, വയറുവേദന, അസാധാരണ പെരുമാറ്റം, ബ്ലീഡിങ്, കണ്ണുകളിൽ മഞ്ഞനിറം തുടങ്ങിയ അപായസൂചനകൾ കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ സ്വീകരിക്കുക.

വിവരങ്ങൾക്കു കടപ്പാട്
ഡോ.ബി.പത്മകുമാർ, പ്രഫസർ, മെഡിസിൻ വിഭാഗം, ആലപ്പുഴ മെഡിക്കൽകോളജ്
ഡോ. രാജീവ് ജയദേവൻ പബ്ലിക് ഹെൽത്ത് അഡ്വൈസറി പാനൽ, ഐഎംഎ കേരള
ഡോ.സുൽഫി നൂഹു, പ്രസിഡന്റ്, ഐഎംഎ കേരള
ഡോ.എം.പി.സുകുമാരൻ, ശ്വാസകോശരോഗ വിഗ്ധൻ, കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിന്‍സിപ്പൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com