ADVERTISEMENT

ഇന്ത്യയിൽ മൂന്നിലൊന്നു പേർക്ക് ഫാറ്റിലിവർ രോഗമോ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമോ ബാധിച്ചതായി എയിംസ് പഠനം പറയുന്നു. ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, മുതിർന്നവരെ മാത്രമല്ല 35 ശതമാനം കുട്ടികളെയും ഈ രോഗം ബാധിച്ചിട്ടുള്ളതായി പറയുന്നു. 

 

ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാൽ പലപ്പോഴും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാൽ രോഗം മൂർച്ഛിച്ച് ചിലരിൽ ഇത് ഗുരുതരമായ കരൾരോഗമായി മാറുന്നു. 

 

ഭക്ഷണത്തിലെ പാശ്ചാത്യവൽക്കരണം ആണ് ഫാറ്റിലിവർ അഥവാ സ്റ്റെറ്റോഹൈപ്പറ്റൈറ്റിസിനു കാരണം എന്ന് എയിംസിലെ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗം തലവൻ ഡോ. അനൂപ് സരയ പറയുന്നു. അതായത് ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം, ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുക, അനാരോഗ്യകരവും ചടഞ്ഞുകൂടിയുള്ളതുമായ ജീവിതശൈലിയും ആണ് രോഗകാരണം. 

 

പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പോലെ തന്നെയാണ് ഇതും. നിലവിൽ ഫാറ്റിലിവറിന് മരുന്ന് ചികിത്സ ഒന്നും ഇല്ല. എന്നാൽ ഈ അവസ്ഥ മാറുന്നതാണ്. ഡോക്ടർ പറയുന്നു. 

രോഗത്തെ അകറ്റാനുള്ള വഴി എന്നത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്. പൊണ്ണത്തടി ഉള്ളവർ ശരിയായ ഭക്ഷണരീതിയിലൂടെയും ജങ്ക്ഫുഡ് ഒഴിവാക്കിയും മധുരം ചേർന്ന ഭക്ഷണം ഒഴിവാക്കിയും ശരീരഭാരം കുറയ്ക്കുന്നത് രോഗസാധ്യതയും കുറയ്ക്കും. ഇന്ത്യയിൽ കരൾരോഗത്തിന് പ്രധാന കാരണം മദ്യപാനം ആണ്. മദ്യപാനികൾക്ക് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് ഇവ വരാം. ഇത് ക്രമേണ ലിവർ കാൻസറിനും മരണത്തിനും കാരണമാകുന്നു. 

രോഗം വരാതിരിക്കണമെങ്കിൽ മദ്യം ഒഴിവാക്കുക. കരളിന് മദ്യം ഒട്ടും സുരക്ഷിതമല്ല. ചില മരുന്നുകളും സുരക്ഷിതമല്ല. ഇത് കരളിന്റെ ക്ഷതത്തിനും കാരണമാകാം. ക്ഷയരോഗചികിത്സയിലെ മരുന്നുകൾ, ആന്റിബയോട്ടിക്സുകൾ, ആന്റി എപ്പിലെപ്റ്റിക് മരുന്നുകൾ കീമോതെറപ്പി ഇവയെല്ലാം കരളിന് പരുക്കേൽപ്പിക്കും. 

 

എയിംസ് നടത്തിയ ഒരു പഠനത്തിൽ ക്ഷയരോഗ മരുന്ന് കഴിച്ച രോഗികളിൽ 67 ശതമാനം പേർ കരളിനു ക്ഷതം സംഭവിച്ച് മരണമടഞ്ഞതായി കണ്ടു. ഇവരിൽ 60 ശതമാനവും ക്ഷയരോഗം ഉണ്ടെന്ന് ഉറപ്പിക്കാതെ സ്വയം മരുന്നു കഴിച്ചവരാണ്. സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ് ഡോ. സരയ പറയുന്നു. ന്യൂഡൽഹി എയിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം നടത്തിയ മറ്റൊരു പഠനത്തിൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ബാധിച്ച മുപ്പതു ശതമാനം പേർക്ക് കരളിന് ഗുരുതരമായ ക്ഷതം ഉണ്ടായതായി കണ്ടു. 50 ശതമാനത്തിലധികമായിരുന്നു ഇവരുടെ മരണനിരക്ക്. ശുദ്ധജലം മാത്രം ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തിയാൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ തടയാൻ സാധിക്കും.

Content Summary: 38%of Indians have Nonalcoholic Fattyliver Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com