ജനറിക് മരുന്നുകൾ എഴുതാൻ നിർബന്ധിക്കുന്നത് ലക്ഷക്കണക്കിന് ആൾക്കാരെ കൊല്ലുന്നതിനു തുല്യം; ഡോ.സുൽഫി നൂഹു

Mail This Article
ജനറിക് മരുന്ന് കഴിച്ചു കാണിക്കാൻ നാഷനൽ മെഡിക്കൽ കമ്മീഷനെ വെല്ലുവിളിച്ച് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.സുൽഫി നൂഹു. കടുത്ത ആന്റിബയോട്ടിക് റസിസ്റ്റൻസിന്റെ ഈ കാലത്ത് മൂന്നാംകിട ജനറിക് മരുന്നുകൾ എഴുതാൻ നിർബന്ധിക്കുന്നത് ലക്ഷക്കണക്കിന് ആൾക്കാരെ കൊല്ലുന്നതിനു തുല്യമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. കുറിപ്പ് വായിക്കാം.
‘ജനറിക് മരുന്ന് കഴിച്ചു കാണിക്കാൻ വെല്ലുവിളിക്കുന്നു. നാഷനൽ മെഡിക്കൽ കമ്മീഷനോടാണ്, അതിലെ ഉന്നത അധികാരികളോടാണ്. താങ്കൾക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖം വന്നാൽ ജനറിക് മരുന്ന് കഴിക്കാൻ വെല്ലുവിളിക്കുന്നു.
അസുഖം കുറയില്ല എന്നു മാത്രമല്ല മറ്റു ചില ബുദ്ധിമുട്ടുകളും കൂടി വരും. കടുത്ത ആന്റിബയോട്ടിക് റസിസ്റ്റൻസിന്റെ ഈ കാലത്ത് മൂന്നാംകിട ജനറിക് മരുന്നുകൾ എഴുതാൻ നിർബന്ധിക്കുന്നത് ലക്ഷക്കണക്കിന് ആൾക്കാരെ കൊല്ലുന്നതിനു തുല്യം.
മരുന്നുകൾ ഏറ്റവും നല്ല ക്വാളിറ്റി ഉള്ളതായിരിക്കണം. ക്വാളിറ്റി കുറഞ്ഞ മരുന്നുകൾ രോഗികൾക്ക് നൽകിയാൽ അസുഖം കുറയില്ല എന്നു മാത്രമല്ല ആന്റിബയോട്ടിക്കുകളുടെ കാര്യത്തിൽ കടുത്ത റസിസ്റ്റൻസും നിലവിൽ വരും. അതായത് ശതാബ്ദങ്ങളോളം നീണ്ടുനിൽക്കുന്ന വലിയ അപകടം.
ബ്രാൻഡഡ് മരുന്നുകൾ എല്ലാം നല്ല ക്വാളിറ്റി ആണോ എന്നാകും ചോദ്യം. തീർച്ചയായും അങ്ങനെ പറയാൻ കഴിയില്ല. എന്നാൽ 99% ജനറ്റിക് മരുന്നുകളും ക്വാളിറ്റി ഇല്ലാത്തതാകുമ്പോൾ വളരെ ചെറിയ ശതമാനം ബ്രാൻഡഡ് മരുന്നുകൾ മാത്രം ക്വാളിറ്റി ഇല്ലാത്തതാകുന്നു.
മരുന്നു മാഫിയ എന്നൊക്കെ പറഞ്ഞുവയ്ക്കാൻ വരട്ടെ, അസുഖം കുറയണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് രോഗിയും അത് കഴിഞ്ഞാൽ ഡോക്ടറും തന്നെയാണ്. ഒരു സംശയവും വേണ്ട. അതുകൊണ്ടുതന്നെ രോഗിക്ക് ഏറ്റവും നല്ല മരുന്ന് ലഭിക്കേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്വമാണ്.
ജനറിക് മരുന്ന് എഴുതുന്നത് നിർബന്ധം പിടിക്കുന്നതിനു പകരം ബ്രാൻഡഡ് മരുന്നുകൾ നിരോധിക്കുകയും ഉന്നത നിലവാരമുള്ള ജനറിക് മരുന്നുകൾ ഉണ്ടാക്കുകയുമാണ് ഉത്തമം.
അതിനു പകരം ഇപ്പോൾ നിലവിലുള്ള ചാത്തൻ ജനറിക് എഴുതാൻ പറഞ്ഞാൽ അൽപം ബുദ്ധിമുട്ട് തന്നെയാണ്.
ജനറിക് മരുന്ന് എഴുതിയാൽ ഏതു മരുന്ന് നൽകണമെന്ന് മരുന്ന് വിൽക്കുന്നവർ തീരുമാനിക്കും. രോഗം കുറയണമെന്ന് ആഗ്രഹം ഡോക്ടറിനും രോഗിക്കും മാത്രം. അതുകൊണ്ടുതന്നെ ഡോക്ടർ പറയുന്ന മരുന്നുകൾ തന്നെ കഴിക്കുന്നതാണ് ഉത്തമം. ഈ പറയുന്ന മരുന്ന് മാഫിയക്ക് ലാഭം മാത്രം കിട്ടിയാൽ മതി. അതുകൊണ്ടുതന്നെ ജനറിക് മരുന്ന് കഴിച്ചു കാണിക്കാൻ വീണ്ടും ഒന്നുകൂടി എൻഎംസി ഉന്നത അധികാരികളെ വെല്ലുവിളിക്കുന്നു. ഒന്ന് കഴിച്ച് കാണിക്കൂ’.
Content Summary: Rampant antibiotic resistance: The hidden danger of prescribing low-quality generics