ADVERTISEMENT

മകന്റെ രോഗം കണ്ടെത്താനായി മൂന്ന്‌ വര്‍ഷക്കാലം 17 ഡോക്ടര്‍മാരെ മാറി മാറി കണ്ട അമ്മയ്‌ക്ക്‌ ഒടുവില്‍ തുണയായി നിര്‍മിത ബുദ്ധി സങ്കേതമായ ചാറ്റ്‌ ജിപിടി. അമേരിക്കയിലെ കോര്‍ട്‌നി എന്ന അമ്മയാണ്‌ ചാറ്റ്‌ ജിപിടി ഉപയോഗിച്ച്‌ മകന്റെ മാറാത്ത വേദനയുടെ കാരണം കണ്ടെത്തിയതെന്ന്‌ ടുഡേ.കോം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

 

കോവിഡ്‌ ലോക്‌ഡൗണിനിടെയാണ്‌ നാലു വയസ്സുകാരന്‍ മകന്‍ അലക്‌സിന്റെ വിട്ടുമാറാത്ത വേദന കോര്‍ട്‌നിയുടെ ശ്രദ്ധയില്‍പ്പെടുന്നത്‌. വേദനയെ തുടര്‍ന്ന്‌ അലക്‌സ്‌ നിരന്തരം പല്ലു കടിക്കാന്‍ ആരംഭിച്ചതോടെ കോര്‍ട്‌നി ആദ്യം ഒരു ദന്തരോഗവിദഗ്‌ധന്റെ സഹായം തേടി. ഇവിടെയായിരുന്നു തുടക്കം. അലക്‌സിന്റെ രോഗമെന്തെന്ന്‌ കണ്ടെത്താനായി മൂന്നു വര്‍ഷങ്ങളില്‍ നിരവധി സ്‌പെഷലിസ്റ്റ്‌ ഡോക്ടര്‍മാരെ കോര്‍ട്‌നി പോയി കണ്ടു. 

 

ദന്തരോഗവിദഗ്‌ധന്‍ നോക്കിയിട്ട്‌ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല. പിന്നീട്‌ ഒരു ഓര്‍ത്തോഡോന്റിസ്‌റ്റിനെ കണ്ടു. അലക്‌സിന്റെ പല്ലും വായും വച്ച്‌ നോക്കുമ്പോള്‍ അണ്ണാക്കിന്‌ വലുപ്പം കുറവാണെന്ന്‌ കണ്ടെത്തിയ ഓര്‍ത്തോഡോന്റിസ്‌റ്റ്‌ ഇത്‌ വികസിപ്പിക്കാന്‍ ഒരു എക്‌സ്‌പാന്‍ഡര്‍ ഘടിപ്പിച്ചു. കുറച്ച്‌ കാലത്തേക്ക്‌ ഇത്‌ സഹായകമായിരുന്നതായി കോര്‍ട്‌നി ചൂണ്ടിക്കാട്ടി. പിന്നീട്‌ വേദന മാത്രമല്ല അലക്‌സിന്‌ പൊക്കവും വയ്‌ക്കുന്നില്ലെന്ന്‌ കണ്ടതോടെ കോര്‍ട്‌നി ശിശുരോഗവിദഗ്‌ധനെ കണ്ടു. ഫിസിക്കല്‍ തെറാപ്പിയാണ്‌ ശിശുരോഗവിദഗ്‌ധന്‍ നിര്‍ദ്ദേശിച്ചത്‌. ഫിസിക്കല്‍തെറാപ്പി ആരംഭിക്കും മുന്‍പ്‌ അലക്‌സിന്‌ കടുത്ത തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. ന്യൂറോളജിസ്‌റ്റിനെ പോയി കണ്ടപ്പോള്‍ മൈഗ്രെയ്‌ന്‍ ആകാമെന്ന്‌ പറഞ്ഞു. സൈനസ്‌ മൂലമാണോ ഉറക്കപ്രശ്‌നം എന്നറിയാന്‍ ഒരു ഇഎന്‍ടിയെയും ഇതിനിടെ കണ്ടു. 

 

ഇത്തരത്തില്‍ പല ഡോക്ടര്‍മാരെ കണ്ടെങ്കിലും അലക്‌സിന്റെ ശരിക്കുള്ള രോഗനിര്‍ണയം നീണ്ടു. ഒടുവില്‍ ഇക്കാലമത്രയും കണ്ട ഡോക്ടര്‍മാരുടെ നിഗമനങ്ങളും രോഗലക്ഷണങ്ങളും ചാറ്റ്‌ ജിപിടിയില്‍ കോര്‍ട്‌നി എന്റര്‍ ചെയ്‌തു. അങ്ങനെയാണ്‌ അലക്‌സിന്‌ അപൂര്‍വ നാഡീവ്യൂഹരോഗമായ ടെത്തേര്‍ഡ്‌ കോര്‍ഡ്‌ സിന്‍ഡ്രോം ആകാമെന്ന നിര്‍ദ്ദേശം ചാറ്റ്‌ ജിപിടി നല്‍കുന്നത്‌. ടെത്തേര്‍ഡ്‌ കോര്‍ഡ്‌ സിന്‍ഡ്രോമുള്ള കുട്ടികളുടെ കുടുംബങ്ങള്‍ അടങ്ങിയ ഒരു ഫെയ്സ്‌ബുക്ക്‌ ഗ്രൂപ്പും കോര്‍ട്‌നി കണ്ടെത്തി. തുടര്‍ന്ന്‌ ഒരു ന്യൂറോസര്‍ജന്റെ അടുത്ത്‌ പോയി നടത്തിയ എംആര്‍ഐ പരിശോധനയില്‍ ചാറ്റ്‌ ജിപിടിയുടെ നിഗമനം കിറുകൃത്യമാണെന്ന്‌ തെളിഞ്ഞു. 

 

രോഗം പരിഹരിക്കാന്‍ ശസ്‌ത്രക്രിയയ്ക്ക്‌ വിധേയനായ അലക്‌സിന്റെ നില പുരോഗമിക്കുന്നതായി ടുഡേ.കോം പറയുന്നു. രോഗനിര്‍ണയത്തില്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമായ ഉപകരണങ്ങള്‍ ചിലപ്പോഴോക്കെ സഹായകമായേക്കാമെങ്കിലും ഇത്‌ ഡോക്ടര്‍മാര്‍ക്ക്‌ പകരമാകില്ലെന്നും ഇതിനെ മാത്രം അടിസ്ഥാനമാക്കി സ്വയം ചികിത്സ നടത്താന്‍ ആരും ശ്രമിക്കരുതെന്നും ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. 

Content Summary: ChatGPT found the diagnosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com