ADVERTISEMENT

കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്ക്‌ രക്തസമ്മര്‍ദത്തെ സ്വാധീനിക്കാനാകുമെന്നും തണുപ്പ്‌ കാലത്ത്‌ പൊതുവേ രക്തസമ്മര്‍ദം ഉയരുമെന്നും ഗവേഷണ പഠനം. തണുപ്പ്‌ കാലത്ത്‌ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ രോഗികളും ഡോക്ടര്‍മാരും ഇടയ്‌ക്കിടെ പരിശോധനകള്‍ നടത്തുകയും ചികിത്സാ പദ്ധതികളില്‍ മാറ്റം വരുത്തുകയും വേണമെന്ന്‌ അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ ഹൈപ്പര്‍ടെന്‍ഷന്‍ സയന്റിഫിക്ക്‌ സെഷന്‍സ്‌ 2023ല്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു. 

 

താപനിലയ്‌ക്ക്‌ അനുസരിച്ച്‌ രക്തധമനികള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണ്‌ രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തിന്‌ കാരണമാകുന്നതെന്ന്‌ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുറത്തെ താപനില കുറയുമ്പോള്‍ ശരീരത്തെ ചൂടാക്കുന്നതിനായി രക്തധമനികള്‍ ചുരുങ്ങും. ഇതാണ്‌ രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമാകുന്നത്‌. വാസോകണ്‍സ്‌ട്രിക്‌ഷന്‍ എന്ന്‌ ഇതിനെ വിളിക്കുന്നു. നേരെ മറിച്ച്‌ പുറത്തെ താപനില ഉയരുന്ന ചൂട്‌ കാലത്ത്‌ ശരീരത്തെ തണുപ്പിക്കാനായി രക്തധമനികള്‍ വികസിക്കുകയും ഇത്‌ മൂലം രക്തസമ്മര്‍ദം കുറയുകയും ചെയ്യും. വാസോഡൈലേഷന്‍ എന്ന്‌ ഇതിനെ വിളിക്കുന്നു. 

 

രക്തസമ്മര്‍ദത്തിന്‌ ചികിത്സ തേടുന്ന 60,000 പേരില്‍ 2018 ജൂലൈക്കും 2023 ജൂണിനും ഇടയിലാണ്‌ പഠനം നടത്തിയത്‌. ഇവരുടെ ശരാശരി പ്രായം 62 വയസ്സായിരുന്നു. 60 ശതമാനം പേരും സ്‌ത്രീകളുമായിരുന്നു.  ഗവേഷണത്തില്‍ പങ്കെടുത്തവരുടെ സിസ്റ്റോളിക്‌ രക്തസമ്മര്‍ദം തണുപ്പ്‌ കാലത്ത്‌  1.7 എംഎം എച്ച്‌ജി ഉയര്‍ന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഈ മാസങ്ങളില്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള രോഗികളുടെ ശേഷിയിലും അഞ്ച്‌ ശതമാനത്തിന്റെ കുറവ്‌ ദൃശ്യമായി. തണുപ്പ്‌ കാലത്ത്‌ രോഗികളുടെ രക്തസമ്മര്‍ദം നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ഗവേഷണറിപ്പോര്‍ട്ട്‌ ഊന്നിപ്പറയുന്നു. 

 

മുറിയിലെ താപനില 10 ഡിഗി വര്‍ധിപ്പിക്കുന്നത്‌ സിസ്റ്റോളിക്‌ രക്തസമ്മര്‍ദത്തില്‍ ഗണ്യമായ മാറ്റം ഉണ്ടാക്കുമെന്ന്‌ മുന്‍ പഠനങ്ങളും അടിവരയിടുന്നു. ലോകത്ത്‌ 30നും 79നും ഇടയില്‍ പ്രായമുള്ള 1.28 ബില്യണ്‍  പേര്‍  ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നതായാണ്‌ കണക്ക്‌. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയസ്‌തംഭനം, വൃക്കരോഗം, കൊറോണറി ആര്‍ട്ടറി രോഗം, വാസ്‌കുലാര്‍ ഡിമന്‍ഷ്യ പോലുള്ള രോഗസങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. 

Content Summary: Blood pressure is higher and more difficult to manage in winter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com