ADVERTISEMENT

പ്രായം കൂടുന്തോറും പലരും അനുഭവിക്കുന്ന പ്രശ്‌നമാണ്‌ മങ്ങുന്ന ഓര്‍മശക്തി. ഇതിനെ ഒരു പരിധി വരെ തടയാനും പ്രായമായവരിലെ ധാരണാശേഷി മെച്ചപ്പെടുത്താനും സംതൃപ്‌തികരമായ ലൈംഗിക ബന്ധം സഹായകമാണെന്ന്‌ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

 

ടെക്‌സാസ്‌ എ ആന്‍ഡ്‌ എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ്‌ വിഭാഗം അസിസ്‌റ്റന്റ്‌ പ്രഫസര്‍ ഷാനോണ്‍ ഷെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. ജേണല്‍ ഫോര്‍ സെക്‌സ്‌ റിസര്‍ച്ചിന്റെ 2023 ജൂലൈ ലക്കത്തില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചു. 

 

1683 പേരിലാണ്‌ ഗവേഷണ പഠനം നടത്തിയത്‌. 75 മുതല്‍ 90 വരെ  പ്രായമുള്ള പുരുഷന്മാരില്‍ ആഴ്‌ചയില്‍ ഒന്നോ അതിലധികമോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരെ അപേക്ഷിച്ച്‌ അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം കൂടുതല്‍ മെച്ചപ്പെട്ട മേധാശക്തി ഉണ്ടായിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ ഈ പ്രായവിഭാഗത്തിലുള്ള സ്‌ത്രീകളില്‍ ലൈംഗിക ബന്ധത്തിന്റെ ആവൃത്തിയും മേധാശക്തിയും തമ്മില്‍ ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല. 

 

62 മുതല്‍ 74 വരെ പ്രായവിഭാഗത്തിലുള്ളവരില്‍ ലൈംഗിക ബന്ധത്തിന്റെ ആവൃത്തിയല്ല മറിച്ച്‌ നിലവാരമാണ്‌ മേധാശക്തിയെ സ്വാധീനിക്കുന്നതായി കണ്ടെത്തിയത്‌. ഈ പ്രായ വിഭാഗക്കാരില്‍ ശാരീരികമായി സുഖവും വൈകാരികമായി സംതൃപ്‌തിയും നല്‍കുന്ന ലൈംഗിക ബന്ധം ഉള്ളവര്‍ക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം മെച്ചപ്പെട്ട ധാരണാശേഷി നിരീക്ഷിക്കപ്പെട്ടു. 

 

ശരീരം വലിയാനും രക്തചംക്രമണം മെച്ചപ്പെടുത്താനും എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉൽപാദിപ്പിക്കാനും ലൈംഗിക ബന്ധം സഹായിക്കുമെന്ന്‌ എവരിഡേ ഹെല്‍ത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ സോഷ്യോളജി പ്രഫസര്‍ ലിന്‍ഡ വൈറ്റ്‌ അഭിപ്രായപ്പെട്ടു. ദീര്‍ഘകാല പങ്കാളിയുമായുള്ള ലൈംഗിക ബന്ധം കൂടുതല്‍ സംതൃപ്‌തിയും തലച്ചോറിന്‌ ഉള്‍പ്പെടെ ആരോഗ്യ ഗുണങ്ങളും നല്‍കുമെന്നും ഗവേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലിന്‍ഡ കൂട്ടിച്ചേര്‍ത്തു. പങ്കാളിയുമായുള്ള ലൈംഗിക ബന്ധം മാത്രമാണ്‌ പഠനത്തില്‍ വിലയിരുത്തപ്പെട്ടതെന്നും സ്വയംഭോഗം പഠനത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary: Can Sex Protect Memory in Old Age?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com