‘ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം’: കൈകള്‍ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിച്ചു തുടങ്ങുന്ന അപൂര്‍വ രോഗം

Mail This Article
നമ്മുടെ നിത്യജീവിതത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന അവയവങ്ങളാണ് കൈകള്‍. പലതരം ജോലികള്‍ക്കായി നാം കൈകളെ ആശ്രയിക്കുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം ഈ കൈകളുടെ നിയന്ത്രണം നമുക്ക് നഷ്ടമായാലോ? നമ്മുടെ തലച്ചോര്‍ പറയുന്നത് കേള്‍ക്കാതെ കൈകള്‍ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിച്ചു തുടങ്ങിയാലോ? അപൂര്‍വങ്ങളില്‍ അപൂര്‍വമാണെങ്കിലും ഇത് സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. നാഡീവ്യൂഹ തകരാര്‍ മൂലം സംഭവിക്കുന്ന ഈ അവസ്ഥയ്‌ക്ക് ‘ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം’ എന്നാണ് പേര്.
1908ലാണ് ‘ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം’ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ 1970കളുടെ തുടക്കം വരെ ഈ രോഗം കൃത്യമായി നിര്‍വചിക്കപ്പെട്ടിരുന്നില്ല. ഏതാണ്ട് 150 ഓളം കേസുകള്‍ മാത്രമേ നാളിതു വരെ ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
പുറത്ത് നിന്നുള്ള ഒരു ശക്തി നമ്മുടെ കൈകളെ നിയന്ത്രിച്ചു തുടങ്ങുന്നു എന്ന പ്രതീതി ഉളവാക്കുന്നതിനാലാണ് ഈ രോഗത്തിന് ‘ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം’ എന്ന് പേരു വന്നത്. ഈ രോഗം വന്നാല്‍ കൈകള്‍ ഒരു വ്യക്തിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ചലിച്ച് തുടങ്ങാമെന്നും സ്വതന്ത്രമായി അവ പ്രവര്‍ത്തിക്കാമെന്നും ഗുരുഗ്രാം ആര്‍ടെമിസ് ഹോസ്‌പിറ്റലിലെ ന്യൂറോഇന്റര്‍വെന്‍ഷണല്‍ സര്‍ജറി മേധാവി ഡോ. വിപുല്‍ ഗുപ്‌ത ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
നമ്മുടെ തലച്ചോറിന്റെ ഇടത്, വലത് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കോര്‍പ്പസ് കളോസം എന്ന വൈറ്റ് മാറ്ററിന് സംഭവിക്കുന്ന ക്ഷതമാണ് ഇത്തരത്തിലുള്ള അപൂര്‍വ രോഗാവസ്ഥയിലേക്ക് നയിക്കുന്നതെന്നും ഡോ. വിപുല്‍ ചൂണ്ടിക്കാട്ടി. ഈ ഭാഗത്ത് ഉണ്ടാകുന്ന മുഴയോ പക്ഷാഘാതം മൂലം ഈ ഭാഗത്തിനുണ്ടാകുന്ന നാശമോ ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോമിലേക്ക് നയിക്കാം. തലച്ചോറിന്റെ മുന്‍വശത്ത് വരുന്ന മുഴകള്‍, തലച്ചോറിലെ രക്തധമനികള്‍ക്കുണ്ടാകുന്ന കേട് പാടുകള്‍ എന്നിവയും ഈ അപൂര്‍വരോഗത്തിന് പിന്നിലുണ്ടാകാം.
സ്റ്റാന്‍ലി കുബ്രിക്കിന്റെ ‘ഡോ. സ്‌ട്രേഞ്ച്‌ലവ്’ പോലുള്ള സിനിമയില്‍ ‘ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം’ ബാധിച്ച കഥാപാത്രം അവതരിപ്പിക്കപ്പെടുന്നുണ്ട്. ഈ സിനിമയെ തുടര്‍ന്ന് ഈ രോഗത്തെ അനൗദ്യോഗികമായി ‘ഡോ. സ്‌ട്രേഞ്ച്‌ലവ് സിന്‍ഡ്രോം’ എന്നും വിളിച്ചിരുന്നു. നാഡീവ്യൂഹപരമായ പ്രശ്‌നമായതിനാല്‍ ഏത് പ്രായത്തിലുമുള്ളവരെ ഈ രോഗം ബാധിക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷാഘാതം വന്നവരില്‍ ഇനിയൊരു പക്ഷാഘാതത്തിന്റെ മുന്നറിയിപ്പായും ‘ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം’ പ്രത്യക്ഷമാകാമെന്നും ഡോ. വിപുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ഇതിന്റെ ആഘാതം കുറച്ച് രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.
Content Summary: Alien hand syndrome