ADVERTISEMENT

ശരീരത്തിനും മനസ്സിനും പല മാറ്റങ്ങളും ഉണ്ടാക്കിക്കൊണ്ടായിരിക്കും വിഷാദരോഗം നിങ്ങളുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌. അത്രയും നാള്‍ ഇഷ്ടത്തോടെ ചെയ്‌തിരുന്ന പല കാര്യങ്ങളും ചെയ്യാന്‍ തോന്നാത്ത അവസ്ഥ വിഷാദരോഗം ഉണ്ടാക്കും. എല്ലാ കാര്യങ്ങളില്‍ നിന്നും ഉള്‍വലിയാനുള്ള പ്രേരണയും ഇത്‌ സൃഷ്ടിക്കാം. ചിലര്‍ മദ്യത്തിലും മയക്ക്‌ മരുന്നിലും അഭയം തേടാന്‍ ശ്രമിക്കും. വിഷാദരോഗം ചിലപ്പോള്‍ ചിലരുടെ വിശപ്പിനെയും കാര്യമായി ബാധിക്കാറുണ്ടെന്ന്‌ മയോക്ലിനിക്കിലെ വിദഗ്‌ധര്‍ പറയുന്നു. 

 

രണ്ട്‌ തരത്തിലാകാം വിഷാദരോഗം വിശപ്പിനെ ബാധിക്കുക. ചിലരില്‍ ഭക്ഷണത്തോടുള്ള താൽപര്യമേ ഇല്ലാതാക്കി, തീരെ ഭക്ഷണം കഴിക്കാതെ ഭാരം നഷ്ടപ്പെടുന്ന അവസ്ഥ വിഷാദം ഉണ്ടാക്കാം. എന്നാല്‍ മറ്റു ചിലരില്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി ഇത്‌ സൃഷ്ടിക്കാം. വിഷാദരോഗം നിര്‍ണയിക്കപ്പെടുന്നവരില്‍ വിശപ്പ്‌ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ്‌ ബിഹേവിയറല്‍ ന്യൂട്രീഷന്‍ ആന്‍ഡ്‌ ഫിസിക്കല്‍ ആക്ടിവിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

 

ജീവിതത്തില്‍ സന്തോഷം നല്‍കിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഒട്ടും തന്നെ പ്രചോദിപ്പിക്കാത്ത മാനസികാസ്ഥയെയാണ്‌  'അന്‍ഹെഡോണിയ' എന്ന്‌ വിളിക്കുന്നത്‌. ഈ മാനസികാവസ്ഥയാണ്‌ ചില വിഷാദരോഗികളില്‍ വിശപ്പില്ലായ്‌മ ഉണ്ടാക്കുന്നത്‌. എന്തില്ലെങ്കിലും ശ്രദ്ധിക്കാനുള്ള ശേഷിയിലും ഓര്‍മശക്തിയിലും പ്രശ്‌നപരിഹാര ശേഷിയിലുമെല്ലാം ഈ അവസ്ഥയില്‍ കുറവ്‌ വരാം. ഇതും വിശപ്പ്‌ കുറയുന്നതിന്‌ കാരണമാകാം. 

 

നേരെ മറിച്ച്‌ വിഷാദരോഗം സൃഷ്ടിക്കുന്ന ഉത്‌കണ്‌ഠയും സമ്മര്‍ദവുമാണ്‌ ചിലരെ അമിതമായി കഴിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അത്തരക്കാരില്‍ മുന്നില്‍ വന്നിരിക്കുന്ന ഭക്ഷണം മാത്രമായിരിക്കും അവരെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. യാഥാര്‍ഥ്യത്തില്‍ നിന്ന്‌ ഒളിച്ചോടാനുള്ള വഴിയായും ഇത്തരം രോഗികള്‍ ഭക്ഷണത്തെ കാണുന്നു. ഇത്‌ അമിതവണ്ണത്തിലേക്കും മറ്റ്‌ പ്രശ്‌നങ്ങളിലേക്കും ഇവരെ തള്ളിവിടും. വിശപ്പിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ വിഷാദരോഗവുമായി ബന്ധപ്പെട്ടും ഉള്ളതാകാമെന്നതിനാല്‍ ഇത്തരം ലക്ഷണങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. 

Content Summary: Changes In Appetite May Be An Early Warning Sign Of Depression

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com