ADVERTISEMENT

ഇന്നു ലോക ഹൃദയദിനം. ‘ഹൃദയം ഉപയോഗിക്കുക; ഹൃദയത്തെ അറിയുക’ എന്നതാണ് ഇത്തവണത്തെ സന്ദേശം. ഹൃദയത്തെ അറിഞ്ഞാലേ ശരിയായ രീതിയിൽ പരിപാലനം 

സാധ്യമാകൂ. ഇതാണ് സന്ദേശത്തിന്റെ ഹൃദയം. പ്രായഭേദമെന്യേ ഹൃദയാഘാതം ആർക്കും സംഭവിക്കാം. കാരണങ്ങൾ പലതാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)  ജില്ലാ കമ്മിറ്റിയും മലയാള മനോരമയും ചേർന്നു നടത്തിയ ഹൃദയാരോഗ്യം ചർച്ചയിൽ  വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും.

ചിട്ടയായ ജീവിതരീതിയും വ്യായാമവും ഉണ്ടായിട്ടും ചെറുപ്പക്കാരായ പലരും ഹൃദയ സ്തംഭനം മൂലം മരണത്തിനു കീഴടങ്ങുന്നത്  വർധിക്കുന്നു. ചെറുപ്പക്കാരിൽ ‘സഡൻ കാർഡിയാക് അറസ്റ്റ്’ ഉണ്ടാകാൻ എന്താണ് കാരണം? കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും ഹൃദയ സംബന്ധമായി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം. ശരീര പ്രകൃതിയും ജനിതക പ്രശ്നങ്ങളും മുതൽ ശീലങ്ങൾ വരെയുള്ള കാരണങ്ങൾ വിദഗ്ധ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

ഏതു പ്രായത്തിലും വ്യായാമങ്ങൾ ചെയ്യുന്നതിൽ  ശ്രദ്ധ ആവശ്യമാണ്. പനി പോലെയുള്ള അസുഖങ്ങൾ ഉള്ളപ്പോൾ വ്യായാമം പാടില്ല. അസുഖം പൂർണമായും മാറാതെ വ്യായാമം വേണ്ട. കുറച്ചു ദിവസം  വ്യായാമം മുടങ്ങിയെന്ന കാരണത്താൽ പിന്നീട് അതിവേഗം കഠിനമായ വ്യായാമത്തിനും തുനിയരുത്. കുറച്ചു കാലം വ്യായാമം ചെയ്യാതിരുന്നിട്ട് പെട്ടെന്ന് കഠിന വ്യായാമം ചെയ്യുന്നത് ഗുണത്തെക്കാൾ ദോഷമാണ്. പടിപടിയായി വ്യായാമത്തിന്റെ തോത് ഉയർത്തുകയാണു വേണ്ടത്. 

ഹൃദ്രോഗം വന്നവർ ഡോക്ടർമാരുടെ ഉപദേശം അനുസരിച്ചു മാത്രമേ വ്യായാമം ചെയ്യാവൂ. കുഴഞ്ഞു വീണുള്ള മരണങ്ങൾ എല്ലാം ഹൃദയധമനികളിലെ തടസ്സങ്ങൾ കൊണ്ടാകണമെന്നില്ല. ഹൃദയ പേശികളിലെ കട്ടിയും ഹൃദയത്തിന്റെ മറ്റു കാരണങ്ങളും മരണത്തിനു കാരണമാകാം. വർഷത്തിൽ ഒരിക്കൽ രക്തപരിശോധയും ബിപി പരിശോധനയും നടത്തണം. 

 

അമിത വ്യായാമം വേണ്ട

രോഗമുള്ളവർ വിദഗ്ധ പരിശോധന നടത്തിയിട്ടേ വ്യായാമം ആരംഭിക്കാവൂ.  ഒപ്പമുള്ളവരോടു കിതപ്പില്ലാതെ വർത്തമാനം പറഞ്ഞു കൊണ്ട് നടക്കാൻ കഴിയുന്നതാണ് ഉചിതമായ നടപ്പു വേഗം. സ്ഥിരമായി നടക്കുന്നവർ ആഴ്ചയിൽ 2 ദിവസം മറ്റു വ്യായാമത്തിലും ഏർപ്പെടുന്നത് നല്ലതാണ്. ദിവസം 30 മുതൽ 40 മിനിറ്റ് നടപ്പാണ് ഏറ്റവും യോജ്യം. പ്രഭാത – സായാഹ്ന  വേളകളിലെ നടത്തത്തിന്റെ കാര്യത്തിൽ ഇതാണു ശ്രദ്ധിക്കാനുള്ള കാര്യം. 

heart
ഹൃദയദിനത്തോടനുബന്ധിച്ചു മലയാള മനോരമയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ഹൃദയാരോഗ്യം ചർച്ചയിൽ ഐഎംഎ ജില്ലാ സെക്രട്ടറി ഡോ. ജെ.ആർ. ഗണേഷ് കുമാർ, കോട്ടയം ഭാരത് ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. എൻ. സുദയകുമാർ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. കെ.ജയപ്രകാശ്, ഭാരത് ആശുപത്രിയിലെ കൺസൽറ്റന്റ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. എസ്.എസ്.സുശാന്ത്, പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ് ഡോ.രാജീവ് ഏബ്രഹാം, തെള്ളകം കാരിത്താസ് ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സൺ എന്നിവർ പങ്കെടുത്തപ്പോൾ.

ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിനു പാരമ്പര്യം കാരണമാവാം. മാതാപിതാക്കളിൽ ഹൃദ്രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്കും പരിശോധന നിർബന്ധമാണ്. പുകവലി, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവയാണ് ഹൃദയാഘാതത്തിനു വഴിയൊരുക്കുന്ന മറ്റു കാരണങ്ങൾ. പുതിയ തലമുറയുടെ ജീവിതശൈലിയും പ്രധാന കാരണമാണ്. കംപ്യൂട്ടറിനു മുന്നിൽ വളരെ നേരം ഇരുന്നുള്ള ജോലിയും മാനസിക സമ്മർദവും ഹൃദ്രോഗത്തിനു കാരണമാകാം. ഉറക്കക്കുറവും  വില്ലനാണ്. 

പുതുതലമുറയിൽ ലഹരി ഉപയോഗം കൂടുന്നത് യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതിന്റെ പ്രധാന കാരണമാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരിൽ ഹൃദയ സ്തംഭനവും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. 20 വയസ്സ് മുതൽ തന്നെ ചെറിയ രീതിയിൽ വ്യായാമം തുടങ്ങണം. അല്ലെങ്കിൽ കതിരിൽ വളം വയ്ക്കുന്ന അവസ്ഥയാകും.

 

അമ്മമാരാണ് മികച്ച ‘ഡോക്ടർമാർ’

1000 നവജാത ശിശുക്കളിൽ 8 പേർ ഹൃദയ സംബന്ധമായ രോഗം ഉള്ളവരായിരിക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്. നവജാത ശിശുക്കളിൽ ജന്മനായുള്ള ഹൃദയത്തകരാറുകൾ മിക്കതും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണ്. ഹൃദയത്തിലെ ചെറിയ ദ്വാരവും മറ്റും സ്വാഭാവികമായി ഭേദമാകാൻ സാധ്യതയുണ്ട്. അതു 18 വയസ്സ് വരെ നിരീക്ഷിക്കാറുണ്ട്. 20% കുട്ടികളിലും ശസ്ത്രക്രിയ ആവശ്യമായി വരാറില്ല. എന്നാൽ അടിയന്തരമായി ചികിത്സ ആവശ്യമുള്ളപക്ഷം ഡോക്ടർമാർ അതു നിർദേശിക്കും. 

 

അമ്മമാരാണ് കുട്ടികളുടെ ഏറ്റവും നല്ല ഡോക്ടർമാർ. മുലയൂട്ടുമ്പോഴും കുട്ടികളെ ഹൃദയത്തോടു ചേർത്തെടുക്കുമ്പോഴും അമ്മമാർക്ക് കുട്ടികളിലെ മാറ്റം പെട്ടെന്ന് തിരിച്ചറിയാനാകും.

ഭ്രൂണാവസ്ഥയിലുള്ള ശിശുക്കളുടെ ഹൃദയ സംബന്ധമായ വിവരങ്ങൾ സ്കാനിങ്ങിലൂടെ അറിയാനുള്ള മാർഗവും ഇപ്പോഴുണ്ട്. ഗർഭിണികൾ ആദ്യത്തെ 3 മാസം ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളെ കഴിക്കാവൂ. ജീവിതശൈലിയും ഭക്ഷണരീതിയും നിയന്ത്രിക്കണം. കഴിയുന്നതും വീട്ടിലെ ഭക്ഷണം ശീലമാക്കണം. യോഗ പരിശീലനവും നല്ലതാണ്. 

 

ഭക്ഷണ രീതി
പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം പരമാവധി കുറയ്ക്കണം. ഒരു ദിവസം ശരാശരി 5 ഗ്രാം ഉപ്പ് മാത്രമേ ആകാവൂ(ഒരു ടീ സ്പൂൺ).  അച്ചാറുകളും അത്ര നല്ലതല്ല. 

അരി, ഗോതമ്പ് ഉൾപ്പെടെ ധാന്യങ്ങളുടെ ഉപയോഗം കുറയ്ക്കണം. പയർ വർഗങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ ഉപയോഗവും വർധിപ്പിക്കണം. ദിവസവും ഒരു മുട്ട നല്ലതാണ്. ഹൃദ്രോഗ ബാധിതർക്ക് ആഴ്ചയിൽ രണ്ടെണ്ണം കഴിക്കാം. മത്സ്യം ഉപയോഗിക്കാം.  മാംസാഹാരവും മിതമായി ഉപയോഗിക്കാം. ഭക്ഷണത്തിലെ കൊഴുപ്പിനെക്കാൾ കരൾ ഉൽപാദിപ്പിക്കുന്ന കൊഴുപ്പിനെ ശ്രദ്ധിക്കണം. ഏത് എണ്ണയും അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. 

Content Summary: World Heart Day 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com