ADVERTISEMENT

മാനസികാരോഗ്യമെന്നത് ഒരു വിദഗ്ധന്റെ നിർണയത്തിലൂടെ വിലയിരുത്തപ്പെടേണ്ട മാത്രം കാര്യമല്ല. നമുക്ക് നമ്മളെയും ചുറ്റുപാടുകളെയും എങ്ങനെ അനുഭവപ്പെടുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. സ്വന്തം വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താൻ ബോധപൂർവമായി എന്തുചെയ്യുന്നു എന്നതാണ് പ്രധാനം. ലളിതമാണ് ഈ ശ്രമം. പക്ഷേ, അതുണ്ടാക്കുന്ന മാറ്റം ചെറുതല്ല. നമ്മുടെ ആകെ മനോഭാവം, പിൻവാങ്ങലുകൾ, ഒറ്റപ്പെടൽ, സംഘർഷം, സങ്കടങ്ങൾ എന്നിവയൊക്കെ അകറ്റി. ജീവിതത്തിലാകെ നിറയുന്ന ആനന്ദാനുഭവമായി അത് പരിണമിക്കും. നിങ്ങളെ പോലെ നിങ്ങൾ മാത്രം. അത് ആദ്യം അംഗീകരിക്കേണ്ടതും നിങ്ങൾ തന്നെ. പ്രചോദനം, സന്തോഷം ഇവ നൽകുന്ന ഒരു കാര്യമെങ്കിലും ദിവസവും ബോധപൂർവം ചെയ്യുക. വികാരങ്ങളെ നിയന്ത്രിക്കാൻ പരിശ്രമിക്കേണ്ട, വികാരങ്ങൾ നിങ്ങളെ നിയന്ത്രിക്കാതെ നോക്കിയാൽ മതി. ഇടയ്ക്ക് നമ്മളെ അപരിചിതരെ പോലെ നമുക്കു കാണാം. കാരണം അപരിചിതരെ നമ്മൾ അധികം വിമർശിക്കാറില്ല. സഹായം തേടണമെന്ന് സ്വയം തോന്നണം. സഹായം ചോദിക്കാനുള്ള വിവേകം ഉണ്ടാകണം. ജീവിതത്തിൽ ആദ്യം പരിഗണിക്കേണ്ട വ്യക്തി അവരവരെ  തന്നെ ആകണം. വരൂ… അറിഞ്ഞ് ആസ്വദിക്കൂ…

1. നമ്മൾ മമ്മളെപ്പറ്റി എന്തു ചിന്തിക്കുന്നു എന്നത് നമ്മുടെ മാനസിക തലത്തെ ശക്തമായി സ്വാധീനിക്കും. അവനവന് തന്നെപ്പറ്റി. ഏറ്റവും മികച്ച അഭിപ്രായം വേണം. സ്വയം നെഗറ്റീവായി കാണരുത്. പരാജയങ്ങളെ പോലും വിജയിക്കാൻ വേണ്ടിയുള്ള അനുഭവങ്ങളായി കാണുക.

2. കൃതജ്ഞത (ഗ്രാറ്റിറ്റ്യൂഡ്) ഉള്ളവരായിരിക്കുക എന്നത് ഒരു വ്യക്തിയുടെ സ്വാസ്ഥ്യത്തിനും മാനസികാരോഗ്യത്തിനും ഏറ്റവും ലളിതവും അനിവാര്യവുമായ മാർഗമാണ്. ഓരോ ദിവസവും നമുക്ക് നന്ദി പറയാൻ തോന്നിയ കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കുന്നത് അദ്ഭുതകരമാംവിധം നമ്മളെ പൊസിറ്റീവാക്കും.

3. ടേക്ക് എ ബ്രേക്ക്…. നിത്യ ജീവിതത്തിലെ തിരക്കിൽ നിന്നും  ജോലികളിൽ നിന്നും പതിവു ശീലങ്ങളിൽ നിന്നും ഒരു മാറ്റം വല്ലപ്പോഴുമെങ്കിലും സ്വീകരിക്കുക, സാധിക്കുന്നില്ലെങ്കിൽ മടുത്തു എന്നു തോന്നുമ്പോഴെങ്കിലും അതു വേണം. യാത്രകൾ, ഇഷ്ടമുള്ള വിനോദങ്ങൾ.. തുടങ്ങിയവ പോലൊന്ന്.

4. നമ്മുടെ മൂല്യം മനസ്സിലാക്കുന്ന, നമ്മളെ വിലയിരുത്താനും കാര്യങ്ങൾ തുറന്നു പറയാനും സാധിക്കുന്ന ഒരു നല്ല സുഹൃത്തിനെയെങ്കിലും ജീവിതത്തിൽ നിലനിർത്തുക. ആശങ്കകൾ, വിഷമം, പിരിമുറുക്കം തുടങ്ങിയ സാഹചര്യങ്ങളിൽ ആ സൗഹൃദം പ്രയോജനപ്പെടുത്തുക.

5. നല്ല മനസ്സിനും മാനസികാരോഗ്യത്തിനും ഉറക്കം എത്ര പ്രധാനമാണെന്ന് അറിയാമോ? ഉറക്കം നന്നാകാൻ ഏറ്റവും മികച്ച മാർഗമാണ് എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ കിടക്കുക എന്നത്. പിന്നെ മൊബൈൽ ഫോണും മറ്റും നോക്കുകയേ ചെയ്യരുത്.

6. പിറിമുറുക്കം ഇല്ലാത്തവരില്ല. പക്ഷേ, അത് കൂടിയ അളവിൽ കൂടുതൽ കാലം അനുഭവിക്കുന്നത് മാനസികാരോഗ്യം തകർക്കും. ധ്യാനം പോലെയുള്ള വിശ്രാന്തി മാർഗങ്ങൾ പഠിച്ചെടുക്കുക.

7. പോഷകാഹാരക്കുറവ് മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. വൈറ്റമിനുകളും മൈക്രോ ന്യൂട്രിയന്റ്സും ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ വേണം. പാൽ ഉൽപന്നങ്ങൾ, മത്തി പോലെയുള്ള മത്സ്യങ്ങൾ തുടങ്ങിയവ മനസ്സിനു സുഖം നൽകും.

8. ലളിതമെന്നു തോന്നാമെങ്കിലും വ്യായാമം ചെയ്യുന്നതും സൂര്യപ്രകാശമേൽക്കുന്നതും മാനസികാരോഗ്യം നിലനിർത്താൻ നല്ലതാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള വൈറ്റമിൻ ഡിയും വ്യായാമം തലച്ചോറിൽ സൃഷ്ടിക്കുന്ന രാസഘടകങ്ങളും ഉത്കണ്ഠ, പിരിമുറുക്കം എന്നിവയെ പ്രതിരോധിക്കും. മൂഡു മാറ്റങ്ങളും നിയന്ത്രിക്കും.

9. നിങ്ങൾക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം ഏതാണ് ? ചെയ്യുമ്പോൾ സ്വയം മറന്നിരുന്നു പോകുന്ന കാര്യമേതാണ് ? അങ്ങനെയൊരു കാര്യം സ്വന്തം ജീവിതത്തിൽ നിന്നു കണ്ടെത്തുക. ഹോബി പോലെയുള്ള കാര്യം വളർ‍ത്തിയെടുക്കുക. മനസ്സിൽ സന്തോഷവും സമാധാനവും നിറയുന്നതുകാണാം.

10. കുറവുകളില്ലാത്ത ആരുമില്ല ലോകത്ത്. നമ്മൾ എന്തായിരിക്കുന്നുവോ അങ്ങനെതന്നെ നമ്മളെ അംഗീകരിക്കുക. പല കുറവുകൾക്കും പകരം നമുക്കു ചില മികവുകളുമുണ്ടാകും. അതാണ് നമ്മുടെ കരുത്ത്… മനസ്സ് നന്നായിരിക്കട്ടെ..
 

ശരീരത്തിനും മനസിനും ആശ്വാസമേകുന്ന റാഗ്ഡോൾ ആസന – വിഡിയോ

English Summary:

Ten things you can do for your mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com