ADVERTISEMENT

എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച്‌ രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ്‌ രക്താര്‍ബുദം. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്‌. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത്‌ രോഗചികിത്സയില്‍ നിര്‍ണായകമാണ്‌. രക്താര്‍ബുദവുമായി ബന്ധപ്പെട്ട ചില രോഗലക്ഷണങ്ങളപ്പറ്റി വഡോദര എച്ച്‌സിജി കാന്‍സര്‍ സെന്ററിലെ ഹെമറ്റോളജി വിഭാഗം ഡോ. ദിവ്യേഷ്‌ പട്ടേല്‍ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

1. അകാരണമായ ക്ഷീണം
നീണ്ടുനിൽക്കുന്ന, വിശദീകരിക്കാന്‍ സാധിക്കാത്ത ക്ഷീണം രക്താര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്‌. ആരോഗ്യമുള്ള രക്തകോശങ്ങളെ നിര്‍മിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നതാണ്‌ ക്ഷീണത്തിനും വിളര്‍ച്ചയ്‌ക്കുമൊക്കെ കാരണമാകുന്നത്‌. 

2. പെട്ടെന്നുള്ള ഭാരനഷ്ടം
ശരീരഭാരം അകാരണമായി കുറയുന്നത്‌ രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്‌. അര്‍ബുദകോശങ്ങള്‍ ശരീരത്തിന്റെ ചയാപചയത്തെ ബാധിക്കുന്നതാണ്‌ കാരണം. 

3. അടിക്കടി അണുബാധ
രക്താര്‍ബുദം പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നത്‌ ശരീരത്തില്‍ അടിക്കടി അണുബാധകള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. അണുബാധകളില്‍നിന്ന്‌ മുക്തി നേടാന്‍ കൂടുതല്‍ സമയമെടുക്കുന്നതും അടിക്കടി ഓരോ രോഗങ്ങള്‍ അലട്ടുന്നതും രക്താര്‍ബുദ ലക്ഷണങ്ങളാണ്‌. 

Read Also : പോസ്‌റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ അമ്മമാര്‍ക്ക്‌ മാത്രമല്ല അച്ഛന്‍മാര്‍ക്കും വരാം

4. വളരെ എളുപ്പം മുറിവുകളും രക്തസ്രാവവും
ശരീരത്തില്‍ വളരെ എളുപ്പം മുറിവുകള്‍ ഉണ്ടാകുന്നതും മോണകളില്‍നിന്ന്‌ രക്തസ്രാവമുണ്ടാകുന്നതും ചെറിയ പരുക്ക്‌ പറ്റിയാല്‍ പോലും നിര്‍ത്താതെ രക്തമൊഴുകുന്നതും രക്താര്‍ബുദവുമായി ബന്ധപ്പെട്ട ലക്ഷണമാണ്‌. 

5. ലിംഫ്‌ നോഡുകളില്‍ വീക്കം
പ്രതിരോധ സംവിധാനത്തിന്റെ പ്രധാന കണ്ണികളാണ്‌ ലിംഫ്‌ നോഡുകള്‍. ഇവയ്‌ക്കുണ്ടാകുന്ന വീക്കം ലിംഫോമയുടെ ലക്ഷണമാണ്‌. വേദനയില്ലാത്ത ഈ വീക്കങ്ങള്‍ സാധാരണ കഴുത്തിലും കക്ഷങ്ങളിലും നാഭിപ്രദേശത്തുമൊക്കെയാണ്‌ പൊതുവേ ഉണ്ടാവുക. 

woman-leg-pain-deepak-sethi-istockimage-com
Representative Image. Photo Credit : Deepak Sethi/ iStockImage.com

6. എല്ലുകള്‍ക്ക്‌ വേദന
എല്ലുകളില്‍ വേദനയും അസ്വസ്ഥതയും രക്താര്‍ബുദ ലക്ഷണമാണ്‌. പുറത്തും വാരിയെല്ലുകളിലുമൊക്കെ വരുന്ന തുടര്‍ച്ചയായ എല്ല്‌ വേദനയെ അവഗണിക്കരുത്‌

7. രാത്രിയില്‍ വിയര്‍ക്കല്‍
രാത്രിയില്‍ അത്യധികം വിയര്‍ക്കുന്നതും രക്താര്‍ബുദ ലക്ഷണമാണ്‌. മുറിയിലെ താപനിലയും ശാരീരിക പ്രവര്‍ത്തനങ്ങളുമെല്ലാം സാധാരണ നിലയിലായിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ത്തൊഴുകുന്നത്‌ ഗൗരവമായി എടുക്കേണ്ടതാണ്‌. രക്തപരിശോധനകള്‍, ബയോപ്‌സി, സ്‌കാനുകള്‍, ഫ്‌ളോ സൈറ്റോമെട്രി, ജനിതക പരിശോധന എന്നിങ്ങനെ രക്താര്‍ബുദം കണ്ടെത്തുന്നതിന്‌ പല പരിശോധനകളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. നേരത്തേയുള്ള രോഗനിര്‍ണ്ണയം രോഗിക്ക്‌ ഫലപ്രദമായ ചികിത്സ നല്‍കാന്‍ സഹായകമാകും. 

English Summary:

Blood cancer symptoms that shouldn't be ignored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com