സൂര്യപ്രകാശം ഏല്‍ക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായകമെന്ന് പഠനം
Mail This Article
കൃത്രിമ വെളിച്ചത്തെ അപേക്ഷിച്ച് സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ (Type 2 Diabetes) നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം. നെതര്‍ലന്‍ഡ്‌സിലെ മാസ്‌ട്രിച്ച് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ് സ്‌റ്റഡി ഓഫ് ഡയബറ്റീസിന്റെ, ജര്‍മനിയില്‍ നടന്ന വാര്‍ഷികയോഗത്തിലാണ് ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
നെതര്‍ലന്‍ഡ്‌സിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമുള്ള 13 പേരിലാണ് പഠനം നടത്തിയത്. ഇവരുടെ ശരാശരി പ്രായം 70 വയസ്സായിരുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ രണ്ടു തരം വെളിച്ചത്തില്‍ ഇവരോട് ജീവിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ നാലര ദിവസം പ്രകൃതിദത്ത വെളിച്ചത്തിലും നാലാഴ്‌ചത്തെ ഇടവേളയ്‌ക്ക് ശേഷം അടുത്ത നാലര ദിവസത്തേക്ക് കൃത്രിമ എല്‍ഇഡി വെളിച്ചത്തിലുമാണ് ഇവര്‍ ജീവിച്ചത്. ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ഏറ്റത് ഉച്ചയ്‌ക്ക് 12.30 മണിക്കാണ്– ശരാശരി 2453 ലക്‌സ്. കൃത്രിമ വെളിച്ചത്തില്‍ ഇത് സ്ഥിരമായി 300 ലക്‌സായിരുന്നു. വൈകിട്ട് ഇവര്‍ അഞ്ച് ലക്‌സിന് താഴെ മങ്ങിയ വെളിച്ചത്തിലും രാത്രി 11 മുതല്‍ രാവിലെ ഏഴ് വരെ ഇരുട്ടിലും കഴിച്ചു കൂട്ടി. ഒരേ തരത്തിലുള്ള ഭക്ഷണമാണ് രണ്ടു തരം വെളിച്ചം അടിച്ചപ്പോഴും ഇവര്‍ക്ക് നല്‍കിയത്. കയ്യിലെ മോണിറ്ററുകള്‍ വഴി ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിരന്തം നിരീക്ഷിച്ചു കൊണ്ടിരുന്നു. നാലര ദിവസത്തെ പരീക്ഷണത്തിന് ശേഷം മറ്റ് ചില പരിശോധനകളും നടത്തി. പ്രകൃതിദത്ത വെളിച്ചത്തിലായിരിക്കെ രക്തത്തിലെ പഞ്ചസാരയുടെ തോത് ദീര്‍ഘനേരത്തേക്ക് സാധാരണ നിലയിലായിരുന്നു എന്ന് ഇതില്‍ നിന്ന് കണ്ടെത്തി. ശരീരത്തിലെ സിര്‍കാഡിയന്‍ റിഥത്തെ നിയന്ത്രിക്കുന്ന പിഇആര്‍1, സിആര്‍വൈ1 ജീനുകള്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന സമയത്താണ് കൂടുതല്‍ സജീവമായിരുന്നതെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. ശരീരത്തിലെ മെച്ചപ്പെട്ട ചയാപചയത്തിനും പ്രമേഹ നിയന്ത്രണത്തിനും സൂര്യപ്രകാശമേല്‍ക്കുന്നത് കൂടുതല്‍ നല്ലതാണെന്ന് ഇതില്‍ നിന്ന് ഗവേഷകര്‍ വിലയിരുത്തി. സൂര്യപ്രകാശം അധികമെത്താത്ത വീടുകളിൽ ജീവിക്കുന്നവർ ഇടയ്ക്കിടെ പുറത്തിറങ്ങി വെയില്‍ കൊള്ളേണ്ടതിന്റെ ആവശ്യകതയും ഗവേഷണറിപ്പോര്‍ട്ട് അടിവരയിടുന്നു.
പ്രമേഹം ചികിത്സിച്ചു മാറ്റാമോ? - വിഡിയോ