ADVERTISEMENT

നമ്മുടെ ഉറക്കത്തിനു പല ഘട്ടങ്ങളുണ്ട്‌. ഇതില്‍ മൂന്നും നാലും ഘട്ടത്തിലെ ഉറക്കത്തെയാണ്‌ ഡീപ്‌ സ്ലീപ്‌ സ്റ്റേജ്‌ (Deep Sleep Stage) അഥവാ ആഴത്തിലുള്ള ഉറക്കത്തിന്റെ വേളയായി കണക്കാക്കുന്നത്‌. ഈ ഘട്ടത്തില്‍ നമ്മുടെ പേശികളെല്ലാം അയയുകയും ഹൃദയതാളവും ശ്വസനവും ഏറ്റവും മന്ദഗതിയിലാകുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറിലെ തരംഗങ്ങളുടെ വേഗം ഏറ്റവും കുറയുന്നതും ഈ ഘട്ടത്തിലാണ്‌. സ്വപ്‌നങ്ങളൊന്നുമില്ലാത്ത ഈ ആഴത്തിലുള്ള സുഖനിദ്രയുടെ സമയത്ത്‌ വലിയ ശബ്ദങ്ങള്‍ കേട്ടാല്‍ പോലും നാം ഉണരണമെന്നില്ല. സ്ലോ വേവ്‌ സ്ലീപ്‌ എന്ന ഈ ഉറക്കം മറവിരോഗ സാധ്യത ഗണ്യമായി കുറയ്‌ക്കുമെന്നു കണ്ടെത്തിയിരിക്കുകയാണ്‌ പുതിയ പഠനം. 

ഇത്തരത്തിലുള്ള ആഴത്തിലുള്ള ഉറക്കത്തിന്റെ തോത്‌ പ്രായമാകുമ്പോള്‍ സാധാരണ കുറയാറുണ്ട്‌. 60 വയസ്സിന്‌ മുകളിലുള്ളവരില്‍ സ്ലോ വേവ്‌ സ്ലീപ്‌ (Deep Wave Sleep) വര്‍ഷം ഒരു ശതമാനം വീതം കുറയുന്നത്‌ മറവിരോഗ സാധ്യത 27 ശതമാനം വർധിപ്പിക്കുമെന്ന്‌ ജാമാ ന്യൂറോളജിയില്‍ (Journal JAMA Neurology) പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ മൊണാഷ്‌ സ്‌കൂള്‍ ഓഫ്‌ സൈക്കളോജിക്കല്‍ സയന്‍സസിലെയും ടര്‍ണര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ബ്രെയ്‌ന്‍ ആന്‍ഡ്‌ മെന്റല്‍ ഹെല്‍ത്തിലെയും ഗവേഷകര്‍ ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌. 60 വയസ്സിന്‌ മുകളിലുള്ള 346 പേര്‍ പഠനത്തില്‍ പങ്കെടുത്തു. മൊണാഷ്‌ സ്‌കൂള്‍ ഓഫ്‌ സൈക്കളോജിക്കല്‍ സയന്‍സസിലെ അസോഷ്യേറ്റ്‌ പ്രഫസര്‍ മാത്യു പേസ്‌ ഗവേഷണത്തിനു നേതൃത്വം നല്‍കി. 

പ്രായമാകുന്ന തലച്ചോറിനെ ആഴത്തിലുള്ള ഉറക്കം പല തരത്തില്‍ സഹായിക്കുമെന്ന്‌ മാത്യു പേസ്‌ ചൂണ്ടിക്കാട്ടി. തലച്ചോറിലെ മാലിന്യങ്ങളും അൽസ്ഹൈമേഴ്‌സ്‌ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്ന പ്രോട്ടീനുകളും നീക്കം ചെയ്യപ്പെടുന്നത്‌ സ്ലോ വേവ്‌ സ്ലീപ്‌ ഘട്ടത്തിലാണ്‌. പ്രതിരോധ സംവിധാനം കാര്യക്ഷമമാക്കുന്നതിലും ഡീപ്‌ സ്ലീപ്പിന്‌ മുഖ്യ സ്ഥാനമുണ്ട്‌. ഉറക്കത്തിന്‌ മുന്‍പ്‌ ചൂടുവെള്ളത്തില്‍ കുളിക്കുന്നതും മുറിയുടെ താപനില 15-19 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതും നിത്യവും വ്യായാമം ചെയ്യുന്നതും ഡീപ്‌ സ്ലീപ്പിനെ സഹായിക്കുമെന്ന്‌ മുന്‍പ്‌ നടന്ന പല ഗവേഷണങ്ങളും ചൂണ്ടിക്കാട്ടുന്നു. 

പ്രമേഹരോഗി അറിയേണ്ടത് – വിഡിയോ

English Summary:

Study reveals improving deep sleep can help avoid dementia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com