ADVERTISEMENT

ചിക്കുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സീന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. വാൽനോവ കമ്പനി വികസിപ്പിച്ചെടുത്ത വാകിസീൻ 'ഇക്സ്ചിക്' എന്ന പേരിലാണ് വിപണിയിലെത്തുക. 18 വയസ്സും അതിനു മുകളിൽ പ്രായം ഉള്ളവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക. രോഗവ്യാപന സാധ്യത കൂടുതലായുള്ളതും ഈ പ്രായക്കാരിൽ തന്നെയാണ്. പേശിയിൽ കുത്തിവെച്ച് ഒറ്റ ഡോസിലായിരിക്കും വാക്സീൻ നൽകുക.

dengue-fever-aedes-mosquito-is-sucking-blood-on-human-skin-panom-istock-photo-com
ചിക്കുൻഗുനിയ പരത്തുന്ന ഈഡിസ് കൊതുകുകൾ

കൊതുകുകൾ വഴി പടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ 15 വർഷത്തിനിടെ 50 ലക്ഷത്തിലധികം പേർക്കാണ് ബാധിച്ചത്. അതുകൊണ്ടുതന്നെ ഈ രോഗം ആഗോളതലത്തിൽ ആരോഗ്യഭീഷണിയായി തുടരുകയാണ്. 18 വയസ്സിനു മുകളിലുള്ളവർക്കു വേണ്ടിയാണ് വാക്സീന് അംഗീകാരം നല്‍കിയതെന്നു അധികൃതർ അറിയിച്ചു. പതിനെട്ടു വയസ്സിനും അതിനു മുകളിലും പ്രായമുള്ള 3500 വ്യക്തികളിൽ നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് വാക്സീന് അംഗീകാരം ലഭിച്ചത്.

രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, പേശീവേദന, സന്ധിവേദന, വീക്കം എന്നിവയാണു ചിക്കുൻഗുനിയയുടെ പ്രാരംഭ ലക്ഷണങ്ങൾ. പനിയോടൊപ്പം തൊലിപ്പുറത്ത് ഉണ്ടാകുന്ന നിറവ്യത്യാസം, തടിപ്പുകൾ ഇവ രോഗലക്ഷണങ്ങളാകാം. ഇവ കണ്ടാലുടൻ ചികിത്സ തേടുക. രോഗി പരമാവധി സമയം കൊതുകുവലയ്‌ക്കുള്ളിൽത്തന്നെ കഴിയുക. പാനീയരൂപത്തിലുള്ള ആഹാരം ധാരാളം കഴിക്കുക. ഡോക്‌ടർ നിർദേശിക്കുന്ന കാലയളവുവരെ വിശ്രമിക്കുക.

പ്രതിരോധം
ചിക്കുൻഗുനിയ പരത്തുന്ന ഈഡിസ് കൊതുകുകൾ പ്രധാനമായി മുട്ടയിട്ടു പെരുകുന്നതു വീട്ടിലും പരിസരത്തും ശുദ്ധജലം തങ്ങിനിൽക്കുന്ന ഇടങ്ങളിലാണ്. അതു കൊണ്ടുതന്നെ കൊതുകു നശീകരണത്തിന്റെ പ്രധാന ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. കൊതുകു മുട്ടയിടുന്ന ഇടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് ഏറ്റവും പ്രധാനം.

എന്തൊക്കെ വേണം?
ചിരട്ട, ടിന്ന്, കുപ്പി, മുട്ടത്തോട്, തൊണ്ട്, ടയർ, പ്ലാസ്‌റ്റിക്, കൂട്, പ്ലാസ്‌റ്റിക് കപ്പ്, പ്ലാസ്‌റ്റിക് ഷീറ്റ്, ചെടിച്ചട്ടി, ചെടിച്ചട്ടിക്കടിയിലെ പാത്രം മുതലായ വസ്‌തുക്കളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. വെള്ളക്കെട്ടുകളിൽ മണ്ണിട്ടു നികത്തുകയോ വെള്ളം ഓട വെട്ടി ഒഴുക്കിക്കളയുകയോ ചെയ്യുക. മരപ്പൊത്തുകൾ മണ്ണിട്ട് അടയ്‌ക്കുക. ടെറസ്, സൺഷെയ്‌ഡ് എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുക. മേൽമൂടിയില്ലാത്ത വെള്ള ടാങ്കുകൾ കൊതുകുവലകൊണ്ടു മൂടുക.

kollam-dengue-fever
ചിത്രം∙മനോരമ

വാഴ, കൈത എന്നിവയുടെ ഇലയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക. റബർ പാൽ ശേഖരിക്കാൻ വച്ചിട്ടുള്ള ചിരട്ട, കപ്പ് ഇവ ഉപയോഗശേഷം കമിഴ്‌ത്തിവയ്‌ക്കുക. അടയ്‌ക്കാമരത്തോട്ടങ്ങളിൽ പാളകൾ കമിഴ്‌ത്തി ഇടുകയോ കീറിക്കളയുകയോ നീക്കം ചെയ്യുകയോ വേണം. കെട്ടിനിൽക്കുന്ന വെള്ളത്തിൽ മണ്ണെണ്ണ, കരിഓയിൽ ഇവ ഒഴിച്ചു കൂത്താടികളെ നശിപ്പിക്കുക. വെള്ളം കെട്ടിനിൽക്കുന്ന ടാങ്കുകളിലും താൽക്കാലിക ജലാശയങ്ങളിലും കിണറുകളിലും ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ നിക്ഷേപിക്കുക.

വീടിനുള്ളിൽ വെള്ളമെടുക്കുന്ന പാത്രങ്ങൾ, വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ എന്നിവ ആഴ്‌ചയിലൊരിക്കൽ കഴുകി ഉണക്കുക. ഫ്രിജ്, കൂളർ എന്നിവയുടെ അടിഭാഗത്തു ശേഖരിക്കപ്പെടുന്ന വെള്ളം യഥാസമയം നീക്കം ചെയ്യുക. അക്വേറിയത്തിൽ കൂത്താടികളെ തിന്നുന്ന മത്സ്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. കൊതുകു നിയന്ത്രണ ഉറവിട നിർമാർജന പ്രവർത്തനങ്ങൾ എല്ലാ ആഴ്‌ചയിലും കൃത്യമായി നടപ്പാക്കിയാൽ അഥവാ ഡ്രൈഡേ ആചരിച്ചാൽ കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കാനാകും.

കൊതുകുകടി ഏൽക്കാതിരിക്കാൻ
കട്ടിയായ വസ്‌ത്രം ധരിക്കുക. കാലിലും മറ്റും പുൽത്തൈലം, വേപ്പെണ്ണ, യൂക്കാലിത്തൈലം തുടങ്ങിയ ലേപനങ്ങൾ പുരട്ടുക. കിടക്കുമ്പോൾ കൊതുകുവല ഉപയോഗിക്കുക. ജനലിലും വെന്റിലേറ്ററിലും കൊതുകു കടക്കാത്ത വലക്കമ്പി അടിക്കുക. വെളുപ്പിനെയും സന്ധ്യയ്‌ക്കും സാമ്പ്രാണി, കുന്തിരിക്കം എന്നിവ പുകയ്‌ക്കുക.

രോഗങ്ങളെ അറിയാം: വിഡിയോ

English Summary:

Food and Drug Administration approves first vaccine for Chikengunya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com