ADVERTISEMENT

പ്രായം 60 കഴിഞ്ഞോ? വായില്‍ പല്ലില്ല എന്നോര്‍ത്തു മനസ്സു തുറന്നു ചിരിക്കാന്‍ ഇനി മടിക്കേണ്ട. സാമൂഹികനീതി വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന 'മന്ദഹാസം' പദ്ധതി ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചിരിക്കുകയാണ്.

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൃത്രിമ പല്ലു സെറ്റ് സൗജന്യമായി വച്ചുകൊടുക്കുന്ന പദ്ധതിയാണ് 'മന്ദഹാസം'. ഒന്നോ രണ്ടോ പല്ലുകള്‍ മാത്രം തകരാറുള്ള ആളുകള്‍ക്ക് അപേക്ഷിക്കാനാകില്ല. പൂര്‍ണ പല്ലുസെറ്റാണ് വച്ചുകൊടുക്കുന്നത്. 2016 ല്‍ ആരംഭിച്ച പദ്ധതി കോവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്നതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. 

ഒരാള്‍ക്ക് ലഭിക്കുന്ന സഹായത്തുക പരമാവധി 10,000 രൂപയാണ്. സംസ്ഥാനത്ത് ഒരു വര്‍ഷം 700 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിക്കായി സര്‍ക്കാര്‍ 70 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.  

എങ്ങനെ അപേക്ഷിക്കാം?
സാമൂഹിക നീതി വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്ന 'സുനീതി' പോര്‍ട്ടല്‍ വഴി ആവശ്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ്: https://suneethi.sjd.kerala.gov.in

അപേക്ഷയോടൊപ്പം ഡെന്റിസ്റ്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍ എന്നു തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ്, ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്), പ്രായം തെളിയിക്കാനുള്ള രേഖ (ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്) എന്നിവ വേണം. സര്‍ക്കാരിന്റെ കീഴിലുള്ള വയോജന കേന്ദ്രങ്ങളില്‍ താമസിക്കുന്ന വരുമാനമില്ലാത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

55 ആശുപത്രികള്‍
ജില്ലാ സാമൂഹിക നീതി ഓഫിസറും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ ദന്ത ഡോക്ടറും രേഖകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടവരെ കണ്ടെത്തും. ഒരു ജില്ലയില്‍ നിന്ന് 50 പേര്‍ക്കാണ് അവസരം. കൂടുതല്‍ അപേക്ഷകള്‍ വന്നാല്‍ അവരെ അടുത്ത വര്‍ഷം പരിഗണിക്കും. സംസ്ഥാനത്തെ 55 സര്‍ക്കാര്‍ ആശുപത്രികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

English Summary:

Dentures for Senior Citizen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com