ADVERTISEMENT

ശുഭാപ്‌തി വിശ്വാസം പൊതുവേ നല്ലൊരു ഗുണമായാണ് കരുതപ്പെടുന്നത്‌. എല്ലാം നന്നായി വരും എന്ന ശുഭാപ്‌തി വിശ്വാസം പലപ്പോഴും ജീവിതത്തിലെ തിരിച്ചടികളെ നേരിടാന്‍ കുറേയൊക്കെ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഈ ശുഭാപ്‌തി വിശ്വാസം അതിരു കടക്കുന്നത്‌ ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ കാരണമാകുകയും സാമ്പത്തിക സ്ഥിതിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാം. അമിതമായ ശുഭാപ്‌തി വിശ്വാസം കുറഞ്ഞ ധാരണശേഷിയുമായും ബന്ധപ്പെട്ടിരിക്കുന്നതായി ബാത്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 

ഉയര്‍ന്ന ധാരണശേഷിയുള്ളവര്‍ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളില്‍ കുറച്ചൊക്കെ യാഥാര്‍ത്ഥ്യ ബോധവും അശുഭപ്രതീക്ഷയും പുലര്‍ത്തുന്നവരായിരിക്കുമെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു. കുറഞ്ഞ ധാരണശേഷിയുള്ളവര്‍ സ്വയംപ്രശംസയുടെ സ്വാധീനശക്തിയില്‍ വീണുപോകാനും യാഥാര്‍ത്ഥ്യബോധമില്ലാത്ത വ്യാമോഹങ്ങള്‍ വച്ചു പുലര്‍ത്താനും സാധ്യതയുണ്ടെന്ന്‌ ബാത്‌ സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റിലെ ഡോ. ക്രിസ്‌ ഡൗസണ്‍ ചൂണ്ടിക്കാട്ടി. 

Representative image. Photo Credit:Dmytro Buianskyi/istockphoto.com
Representative image. Photo Credit:Dmytro Buianskyi/istockphoto.com

പരിണാമവഴിയില്‍ പ്രകൃത്യാ ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുന്നവരാണ്‌ മനുഷ്യര്‍. മികച്ചൊരു ഭാവിയെന്ന പ്രതീക്ഷയാണ്‌ മനുഷ്യകുലത്തെ എന്നും മുന്നോട്ട്‌ നയിച്ചിട്ടുള്ളതും. എന്നാല്‍ ഉയര്‍ന്ന ധാരണശേഷിയുള്ളവര്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ ഈ സ്വഭാവിക മനുഷ്യ പ്രതികരണത്തെ കീഴടക്കി കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതായി ഗവേഷണറിപ്പോര്‍ട്ട്‌ പറയുന്നു. അമിതശുഭാപ്‌തി വിശ്വാസത്തിലൂന്നിയ പദ്ധതികള്‍ മോശം തീരുമാനങ്ങളിലേക്കും മോശം ഫലങ്ങളിലേക്കും നയിക്കാനുള്ള സാധ്യത അധികമാണെന്നും ഡോ. ക്രിസ്‌ കൂട്ടിച്ചേര്‍ക്കുന്നു.

തൊഴില്‍, നിക്ഷേപം, സമ്പാദ്യം എന്നിവയെ ചുറ്റിപറ്റിയുള്ള സുപ്രധാനമായ സാമ്പത്തിക വിഷയങ്ങളിലുള്ള തീരുമാനങ്ങളെയും അമിതശുഭാപ്‌തി വിശ്വാസം ബാധിക്കാം. ധനവുമായി ബന്ധപ്പെട്ട അതിരു കടന്ന ശുഭാപ്‌തി വിശ്വാസം ഒരാളെ ധാരാളിത്തത്തിലേക്കും അമിത ഉപഭോഗത്തിലേക്കും കടത്തിലേക്കും അപര്യാപ്‌തമായ സമ്പാദ്യത്തിലേക്കും നയിക്കാവുന്നതാണ്‌. ബിസിനസ്സ്‌ തകര്‍ച്ചകളിലേക്കും തെറ്റായ നിക്ഷേപത്തിലേക്കുമൊക്കെ ഈ ശുഭാപ്‌തി വിശ്വാസം നയിക്കാമെന്നും പഠനറിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. 

സ്ട്രെസ് അകറ്റാൻ 3 ടെക്നിക്: വിഡിയോ

English Summary:

Study says, Overly Optimistic beliefs are a reflection of low cognitive abilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com