ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം ആശങ്കാകുലമായി ഉയരുകയാണെന്ന് കണക്കുകൾ. അതിൽത്തന്നെ എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് ഇതിൽ മുന്നിൽ. നേരത്തെ ദേശീയ തലത്തില്‍ കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം 0.06% മാത്രമായിരുന്നു എങ്കില്‍ ഇന്ന് കേരളത്തിലെ എച്ച്ഐവി മാപ്പ് കൂടി വരികയാണ്. ഇന്ന് വർഷം 1000 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യുന്നതിലേക്ക് അത് മാറിയിരിക്കുന്നു എന്ന് എയ്‍ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷൻ – ഇന്ത്യ കെയേർസ് കണ്‍ട്രി പ്രോഗ്രാം ഡയറക്ടർ ഡോ. വി. സാം പ്രസാദ് പറഞ്ഞു. ഈ സാഹചര്യത്തിൽ ‘രാജ്യാന്തര കോണ്ടം ഡേ’ ആയ ഫെബ്രുവരി 13ന് ‘സുരക്ഷിത ലൈംഗിക ബന്ധം’ എന്നത് മുൻനിർത്തി വിവിധ പരിപാടികള്‍ എയ്ഡ്‌സ് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ-ഇന്ത്യ കെയേഴ്‌സും സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ചു. 

എറണാകുളം ജില്ലയിലാണ് എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നത് എന്നതിനാല്‍ കൊച്ചിയിലെ രാജേന്ദ്ര പാർക്കിൽ വച്ചാണ് വിവിധതരം പരിപാടികള്‍ സംഘടിപ്പിച്ചത്. ദിശ കൊച്ചി, െകാച്ചി കോർപ്പറേഷൻ തുടങ്ങിയവരുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ അടക്കം പങ്കെടുത്തു.

aids-healthcare-foundation-india-kochi-event-one-image

‘‘ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായതിനാൽ അതിന്റെ തലേന്ന് രാജ്യാന്തര കോണ്ടം ദിനം ലോകമെമ്പാടും നടത്താറുണ്ട്. പ്രായപൂർത്തിയാകുന്ന കൗമാരക്കാർക്കിടയില്‍ ലൈംഗിക ബന്ധം വർധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി ലൈംഗികബന്ധം നടത്തുക എന്ന സന്ദേശം അവരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. മുമ്പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ലൈംഗികത തേടുന്നതിന് യുവാക്കൾക്ക് ഇപ്പോൾ പല മാർഗങ്ങളുമുണ്ട്. ഇത് സുരക്ഷിതമാക്കുക എന്ന ബോധവത്ക്കരണം അവരില്‍ എത്തിക്കേണ്ടതുണ്ട്. യുവാക്കള്‍ക്കിടയില്‍ ഞങ്ങൾ ഇക്കാര്യം അറിയിച്ചപ്പോള്‍ അവിടെ വളരെ പൊസിറ്റീവായ പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ ചില കോളജുകളിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ അമ്പരപ്പിച്ചു. ചിലര്‍ കുട്ടികളെ തടയുന്നതു പോലെയുള്ള കാര്യങ്ങളാണ് ചെയ്തത്. അവരുടെ മനോഭാവവും മാറേണ്ടതുണ്ട്’’, ഡോ. സാം പ്രസാദ് പറഞ്ഞു. 

പൊതുജനങ്ങൾക്കായി കോണ്ടം സിഗ്നേച്ചർ കാംപെയ്നിന്റെ ഭാഗമായി 40 അടി നീളമുള്ള ബലൂണ്‍ പരിപാടിയില്‍ പ്രദർശിപ്പിച്ചു. ജില്ലയിലെ വിവിധ റെഡ് റിബ്ബൺ ക്ലബ്ബുകള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ‘കോണ്ടം ഫാഷൻ ആക്സസറീസ്/ഗാർമെന്റ് മത്സരമാണ് ആളുകളെ ആകർഷിച്ച ഒന്ന്. കോണ്ടം ഉപയോഗിച്ചു നിർമിച്ച വസ്ത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

aids-healthcare-foundation-india-country-programme-manager-dr-v-sam-prasad
എയ്‍ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷൻ – ഇന്ത്യ കെയേർസ് കണ്‍ട്രി പ്രോഗ്രാം ഡയറക്ടർ ഡോ. വി. സാം പ്രസാദ്

സൗജന്യ എച്ച്ഐവി, സിഫിലിസ് പരിശോധനാ ക്യാംപ്, വിവിധ മേഖലകളില്‍ കോണ്ടത്തിന്റെ വിതരണം തുടങ്ങി ഒട്ടേറെ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും ലൈംഗിക രോഗങ്ങള്‍ പിടിപെടാതിരിക്കാനുമുള്ള ഒരു മെഡിക്കൽ ആവശ്യമായി കോണ്ടം തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം എന്ന് സംഘാടകർ പറയുന്നു.

‘‘എറണാകുളം പ്രത്യേകിച്ച് കൊച്ചി ആളുകള്‍ വന്നും പോയുമിരിക്കുന്ന സ്ഥലമാണ്. അതുപോലെ ഇതര സംസ്ഥാനങ്ങളിൽ‍ നിന്നും കേരളത്തിന്റെ തന്നെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ളവർ ഇവിടെയുണ്ട്. എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റിയുടെ വിവിധ പദ്ധതികളുടെ ഭാഗമായി കണക്കുകൾ ശേഖരിക്കാറുണ്ട്. അതന്റെ അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം, ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ പുരുഷന്മാർ തമ്മിലുള്ള ലൈംഗികബന്ധം ഇവയൊക്കെ കൂടുന്നുണ്ട്. അതിന്റെ കണക്കുകൾ വർഷാവസാനം പുറത്തുവിടും. അതുകൊണ്ട് എച്ച്ഐവി പൊസിറ്റീവ്, മറ്റ് ലൈംഗിക രോഗങ്ങൾ ഒക്കെ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ കൊച്ചിയിൽ വളരെ ആവശ്യമാണ്. കോണ്ടം ഉപയോഗിക്കുക എന്നതാണ് ഇതിൽ ഏറ്റവും സുരക്ഷിതം’’,  എന്നു പറയുന്നു കേരള സംസ്ഥാന എയഡ്സ് കണ്‍ട്രോൾ സൊസൈറ്റി ബോധവത്ക്കരണ വിഭാഗം ജോയിന്റ് ഡയറക്ടർ ലക്ഷ്മി മാധവന്‍.

aids-healthcare-foundation-india-kochi-event-two-image
English Summary:

AIDS Healthcare Foundation India celebrates International Condom Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com