പൊണ്ണത്തടി വരാതിരിക്കാൻ ശീലമാക്കാം ഫ്ലാക്സ് സീഡ്

flax seed prevent obesity
SHARE

ഫ്ലാക്സ് സീഡ് അഥവാ ചെറുചണവിത്ത് പോഷകസമ്പുഷ്ടമായ ഒരു ധാന്യമാണ്. കാഴ്ചയില്‍ മുതിര എന്നു തോന്നിക്കുന്ന ഇത് ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നവുമാണ്. 

നാരുകള്‍ ധാരാളമുള്ള ഫ്ലാക്സ് സീഡ് ഉദരത്തിലെത്തിയാൽ വിഘടിക്കാൻ തുടങ്ങും. ഇത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ ഡെൻമാർക്കിലെ കോപ്പർ ഹേഗൻ സർവകലാശാലയിലെയും സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലകളിലെയും ഗവേഷകർ ചേർന്ന് ഒരു പഠനം നടത്തി.

കൊഴുപ്പ് ക‍ൂടിയ ഭക്ഷണം കഴിക്കുന്നവരിൽ പൊണ്ണത്തടി ഉണ്ടാകാതെ സംരക്ഷിക്കാൻ ഫ്ലാക്സ് സീഡിനു കഴിയുമെന്നു പഠനത്തിൽ തെളിഞ്ഞു. ഫ്ലാക്സ് സീഡിലെ നാരുകൾ ഉദരത്തിൽ വച്ച് ഫെർമെന്റ് ആവുകയും ഉദരത്തിലെ സൂക്ഷ്മാണുക്കളെ സ്വാധീനിക്കുകയും ചെയ്യും. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും പൊണ്ണത്തടി കുറയ്ക്കുകയും ചെയ്യുമെന്ന് എലികളിൽ നടത്തിയ ഈ പഠനത്തിൽ കണ്ടു. 

പഠനത്തിനായി നാലിനം ഭക്ഷണം എലികൾക്ക് നൽകി. സോയയിൽ നിന്നെടുത്തു നാരുകൾ 4.6 ശതമാനം, ഉയർന്ന കൊഴുപ്പും നാരുകൾ ഇല്ലാത്തതുമായ ഭക്ഷണം, 10 ശതമാനം ഇൻഡൈജെസ്റ്റബിൾ സെല്ലുലോസ്  ഫൈബറിനോടൊപ്പം കൊഴുപ്പ് കൂടിയ ഭക്ഷണം, കൊഴുപ്പ് കൂടിയ ഭക്ഷണത്തോടൊപ്പം 10 ശതമാനം ഫ്ലാക്സ് സീഡ് ഫൈബറും നൽകി. 

എത്രമാത്രം ഓക്സിജൻ ഈ ജീവികൾ ഉപയോഗിക്കുന്നു, എത്ര കാർബൺഡയോക്സൈഡ് ഉൽപ്പാദിപ്പിക്കുന്നു, എത്ര മാത്രം ഭക്ഷണവും വെള്ളവുമാണ് അവ ഉപയോഗിക്കുന്നത്, എത്ര ഊർജ്ജം ചെലവാക്കുന്നു ഇവയെല്ലാം നിരീക്ഷിച്ചു. പഠന കാലയളവിനൊടുവിൽ എലികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കണക്കാക്കി. 12 ആഴ്ച നീണ്ട പഠനത്തിനൊടുവിൽ ഫ്ലാക്സ് സീഡ് ഡയറ്റ് നൽകിയ എലികളുടെ ഉദരത്തിൽ ബാക്ടീരിയയുടെ വൈവിധ്യത്തിന്റെ ആരോഗ്യകരമായ ബാലൻസ് ഉണ്ടെന്ന് കണ്ടു. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചവയ്ക്ക് മികച്ച മെറ്റബോളിക് ഹെൽത്തും അതോടൊപ്പം പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ബാക്ടീരിയ ഉയർന്ന അളവിലും ഉണ്ടായിരുന്നു.

ഫ്ലാക്സ് സീഡ് കഴിച്ച ഗ്രൂപ്പിലെ എലികൾ ശാരീരികമായി വളരെയധികം ആക്ടീവ് ആയിരുന്നു. ഇവയ്ക്ക് മറ്റ് എലികളെ അപേക്ഷിച്ച് ശരീരഭാരവും കൂടിയില്ല. 

ഊർജ്ജം ചെലവഴിക്കുന്നത് കൂടുക വഴി, ഫ്ലാക്സ് സീഡ് ഫൈബർ കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. പൊണ്ണത്തടി കുറയ്ക്കുന്നു. ഗ്ലൂക്കോസ് ടോളറൻസ് കൂടുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണം പതിവായി കഴിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഫ്ലാക്സ് സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പൊണ്ണത്തടി ഉണ്ടാകാതെ സംരക്ഷിക്കും. ഈ പഠനഫലം അതാണ് സൂചിപ്പിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA