വൃക്കരോഗമുള്ളവർക്ക് കഴിക്കാൻ മികച്ച 10 ഭക്ഷണങ്ങൾ

kidney patients food
SHARE

ലോകജനസംഖ്യയിൽ 10 ശതമാനം പേർ വൃക്കരോഗികളാണ്. ചെറുതെങ്കിലും പയർമണിയുടെ ആകൃതിയുള്ള വൃക്കകൾ പല പ്രധാന പ്രവൃത്തികളും ചെയ്യുന്നു. മലിനവസ്തുക്കളെ അരിക്കുക, രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോണുകളെ പുറപ്പെടുവിക്കുക, ശരീരത്തിലെ ഫ്ലൂയിഡുകളെ ബാലൻസ് ചെയ്യുക, മൂത്രത്തിന്റെ ഉൽപ്പാദനം അങ്ങനെ നിരവധി ജോലികൾ വൃക്കകൾക്കുണ്ട്.

പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്കരോഗത്തിന് സാധ്യത കൂട്ടുന്ന ഘടകങ്ങൾ. പൊണ്ണത്തടി, പുകവലി, ജനറ്റിക്സ്, പ്രായം, ലിംഗം ഇവയും രോഗസാധ്യത കൂട്ടുന്നു. 

നിയന്ത്രിതമല്ലാത്ത രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്ന രക്തസമ്മർദവും വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. വൃക്കകൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ രക്തത്തിൽ ഭക്ഷണത്തിൽ നിന്നുൾപ്പെടെയുള്ള വേസ്റ്റ് അടിഞ്ഞു കൂടുന്നു. അതുകൊണ്ടുതന്നെ വൃക്കരോഗങ്ങളുള്ളവർ പ്രത്യേക ഭക്ഷണക്രമം ശീലിക്കേണ്ടതാണ്. 

വൃക്കത്തകരാറിന്റെ തോതനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റം വരാം. അഡ്‍വാൻസ്ഡ് സ്റ്റേജിൽ എത്തിയ രോഗികൾ കിഡ്നി ഫ്രണ്ട്‍ലി ഡയറ്റ് അഥവാ ‘വൃക്ക സൗഹൃദ ഭക്ഷണ ക്രമം’ പിന്തുടരണം. രക്തത്തിൽ കലരുന്ന മലിനവസ്തുക്കളുടെ അളവ് കുറയ്ക്കാനാണിത്. ‘റീനൽ ഡയറ്റ്’ എന്നാണിതിനു പേര്. ഇത് കൂടുതൽ പരിക്കുകൾ പറ്റാതെ, വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൃക്ക തകരാറ് ഉള്ളവർ സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ ഇവയ ടങ്ങിയ ഭക്ഷണം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം. ഓരോരുത്തരുടെയും രോഗാവസ്ഥ അനുസരിച്ച് വൈദ്യനിർദേശപ്രകാരം ഭക്ഷണക്രമം മാറ്റേണ്ടതാണ്.   

വൃക്കരോഗം ഉള്ളവർക്ക് മികച്ച ചില ഭക്ഷണങ്ങളിതാ

1 കോളിഫ്ലവർ – പോഷകസമ്പുഷ്ടമായ ഈ  പച്ചക്കറിയിൽ ജീവകം സി, കെ, ബി വൈറ്റമിൻ ആയ ഫോളേറ്റ് ഇവയുണ്ട്. ഇൻ‍‍ഡോൾ പോലുള്ള ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും നാരുകളും ഇതിലുണ്ട്.

2. ചുവപ്പു മുന്തിരി – ജീവകം സി, ആന്റി ഓക്സിഡന്റായ ഫ്ലവനോയ്ഡുകൾ ഇവ മുന്തിരിയിലുണ്ട്. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. പ്രമേഹത്തിനെ പ്രതിരോധിക്കുന്നു. ഹൃദയാരോഗ്യമേകുന്ന റെസ്‍വെറാട്രോൾ എന്ന ഫ്ലേവനോയ്ഡും ഇതില്‍ ധാരാളമുണ്ട്. 

3. മുട്ടയുടെ വെള്ള – മുട്ടയുടെ മഞ്ഞക്കുരു പോഷകസമ്പന്നമാണെങ്കിലും അവയിൽ ഫോസ്ഫറസ് ധാരാളമുണ്ട്. അതുകൊണ്ടു തന്നെ റീനൽ ഡയറ്റ് പിന്തുടരുന്നവർക്ക് മുട്ടയുടെ വെള്ളയാണ് നല്ലത്. വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടവെള്ളയിലുണ്ട്. ഡയാലിസിസിനു വിധേയരാകുന്ന രോഗികൾക്ക് മികച്ച ഒരു ഭക്ഷണമാണിത്.

4. വെളുത്തുള്ളി– വൃക്കരോഗമുള്ളവർ സോഡിയത്തിന്റെയും ഉപ്പിന്റെയും അളവും കുറയ്ക്കണം, വെളുത്തുള്ളി ഉപ്പിനു പകരമായി രുചിയും പോഷകഗുണവും ഏകുന്നു. മാംഗനീസ്, ജീവകം സി, ജീവകം ബി 6 ഇവയും സൾഫർ സംയുക്തങ്ങളും വെളുത്തുള്ളിയിലുണ്ട്.

5. ഒലിവ് ഓയിൽ – വൃക്കരോഗമുള്ളവർ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. ഒലേയിക് ആസിഡ് എന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് ആണ് ഇതിൽ  ഉള്ളത്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്.

6. കാബേജ് – ക്രൂസിഫെറസ് വെജിറ്റബിൾ ആയ കാബേജ് ജീവകങ്ങളും ധാതുക്കളും സസ്യ സംയുക്തങ്ങളും അടങ്ങിയ ഒന്നാണ്. ജീവകം കെ, സി, ബി വൈറ്റമിനുകൾ ധാരാളമുണ്ട്. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. ഇൻസോല്യുബിള്‍ ഫൈബർ കാബേജിലുണ്ട്. പൊട്ടാസ്യം ഫോസ്ഫറസ്, സോഡിയം ഇവ വളരെ കുറവാണിതിൽ.

7. കാപ്സിക്കം – പൊട്ടാസ്യം വളരെ കുറവ്, പോഷകങ്ങൾ ധാരാളം. ജീവകം സി ധാരാളമുണ്ട്. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന ജീവകം എ ധാരാളമുണ്ട്. 

8. ഉള്ളി – റീനൽ ഡയറ്റിനു മികച്ചത്, സോഡിയം ഇല്ല. ജീവകം സി, മാംഗനീസ്, ബി ജീവകങ്ങൾ, പ്രീ ബയോട്ടിക് ഫൈബർ ഇവയടങ്ങിയിട്ടുള്ള ഉള്ളി, ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. 

9. മുള്ളങ്കി : പോട്ടാസ്യവും ഫോസ്ഫെറസും വളരെ കുറവ്. ജീവകം സി ധാരാളമുണ്ട്. ഹൃദ്രോഗസാധ്യതയും തിമിരം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

10. പൈനാപ്പിൾ – പഴങ്ങളായ ഓറഞ്ച്, വാഴപ്പഴം, കിവി ഇതെല്ലാം പൊട്ടാസ്യം കൂടുതലുള്ളവയാണ്. എന്നാൽ പൈനാപ്പിളിൽ പൊട്ടാസ്യം വളരെ കുറവാണ്. വൃക്ക രോഗികൾക്ക് മികച്ച ഫലവർഗമാണിത്. നാരുകൾ, ബി വൈറ്റമിനുകള്‍, മാംഗനീസ് ഇൻഫ്ലമേഷൻ  കുറയ്ക്കാൻ സഹായിക്കുന്ന ബ്രൊമെലെയ്ൻ എന്ന എൻസൈം ഇവ പൈനാപ്പിളിലുണ്ട്.

രോഗത്തിന്റെ തീവ്രതയനുസരിച്ച് ഓരോരുത്തരിലും ഭക്ഷണ ക്രമവും വ്യത്യസ്തമായിരിക്കും. ഡോക്ടറുടെ നിർദേശപ്രകാരം നിങ്ങൾക്ക് യോജിച്ച ഡയറ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുമല്ലോ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA