ADVERTISEMENT

വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും മലിനവസ്തുക്കൾ രക്തത്തിൽ അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ വേണം വൃക്കരോഗികൾ കഴിക്കേണ്ടത്. കിഡ്നി ഫ്രണ്ട്‌ലി ഡയറ്റ് പിന്തുടരുന്നതാകും നല്ലത്. ഒരു ദിവസം ഉപയോഗിക്കുന്ന സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് 2000 മില്ലിഗ്രാമിലും കുറവായിരിക്കണം. ഫോസ്ഫറസിന്റെ അളവ് 1000 മില്ലിഗ്രാമിലും കുറവും ആയിരിക്കണം. പ്രോട്ടീന്റെ അളവും കുറയ്ക്കണം. എന്നാൽ ഡയാലിസിസിനു വിധേയരാകുന്നവർക്ക് പ്രോട്ടീന്റെ അളവ് കൂടുതൽ വേണം. വൃക്കരോഗമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ.

1. കോള

ഇരുണ്ടനിറത്തിലുള്ള കോളകളിൽ കാലറിയും ഷുഗറും മാത്രമല്ല, ഫോസ്ഫറസ് അടങ്ങിയ അഡിറ്റീവ്സും ഉണ്ട്. നിറം മാറാതിരിക്കാനും ദീർഘകാലം കേടുകൂടാതിരിക്കാനും രുചി കൂട്ടാനും പ്രോസസിങ്ങ് സമയത്ത് ഈ പാനീയങ്ങളിൽ ഭക്ഷണനിർമാതാക്കള്‍ ഫോസ്ഫറസ് ചേർക്കും. ഈ ചേർക്കുന്ന ഫോസ്ഫറസ് നമ്മുടെ ശരീരം ആഗിരണം ചെയ്യും. നാച്വറൽ ആയ ഫോസ്ഫറസിൽ നിന്നും വ്യത്യസ്തമായി ഇവ പ്രോട്ടീനുമായി ചേരുന്നില്ല. പകരം ഉപ്പിന്റെ രൂപത്തിൽ കാണപ്പെടുന്ന ഇവ കുടൽ ആഗിരണം ചെയ്യും. 200 ml കോളയിൽ 50 മുതല്‍ 100 വരെ മില്ലിഗ്രാം അഡിറ്റീവ് ഫോസ്ഫറസ് ഉണ്ട്. അതുകൊണ്ട് വൃക്കരോഗികൾ കോള ഒഴിവാക്കണം.

2. വെണ്ണപ്പഴം

പോഷകങ്ങളടങ്ങിയ വെണ്ണപ്പഴം ആന്റി ഓക്സിഡന്റുകളും ഫാറ്റും ഫൈബറും അടങ്ങിയതാണ്. എന്നാൽ വൃക്കരോഗികൾ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം ഇതിൽ പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് (150 ഗ്രാം) വെണ്ണപ്പഴത്തിൽ 727 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്. ഒരു വാഴപ്പഴത്തിൽ ഉള്ളതിന്റെ ഇരട്ടിയാണിത്.

3. ഓറഞ്ചും ഓറഞ്ച് ജ്യൂസും

ജീവകം സിയുടെ കലവറയാണെങ്കിലും പൊട്ടാസ്യവും ഓറഞ്ചിൽ ധാരാളം ഉണ്ട്. ഒരു വലിയ ഓറഞ്ചിൽ (184 ഗ്രാം) ഏതാണ്ട് 333 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്. ഒരു കപ്പ് ഓറഞ്ച് ജ്യൂസിലാകട്ടെ പൊട്ടാസ്യം 473 മില്ലിഗ്രാം ഉണ്ട്. പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ ഇത് ഒഴിവാക്കാം. പകരം മുന്തിരി, ആപ്പിൾ മുതലായ പൊട്ടാസ്യം കുറഞ്ഞ പഴങ്ങളും പഴച്ചാറുകളും കഴിക്കാം.

4. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും

പൊട്ടാസ്യം ധാരാളമുള്ള പച്ചക്കറികളാണിത്. ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് തിളച്ച വെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവയ്ക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് 50 ശതമാനത്തോളം കുറയ്ക്കും. വേവിക്കുന്നതിന് നാലു മണിക്കൂർ മുൻപെ വെള്ളത്തിലിട്ടു വച്ചിരുന്നാലും പൊട്ടാസ്യത്തിന്റെ അളവ് കുറയും. എങ്കിലും പൊട്ടാസ്യം പൂർണമായി നീക്കം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് വൃക്കരോഗികൾ ഇതൊഴിവാക്കുന്നതാകും ഗുണകരം. ഒരു ഉരുളക്കിഴങ്ങിൽ (156 ഗ്രാം) ഏതാണ്ട് 610 മില്ലിഗ്രാം ഉം ഒരു മധുരക്കിഴങ്ങിൽ (114 ഗ്രാം) 541 മില്ലിഗ്രാമും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

5. തക്കാളി

തക്കാളിയും പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഒന്നാണ്. ഒരു കപ്പ് ടൊമാറ്റോ സോസിൽ 900 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. തക്കാളിയും വൃക്കരോഗികൾ ഒഴിവാക്കണം.

6. വാഴപ്പഴം

പൊട്ടാസ്യം കൂടുതൽ. സോഡിയം കുറവാണെങ്കിലും ഒരു പഴത്തിൽ 422 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് പൈനാപ്പിളിൽ പൊട്ടാസ്യം കുറവാണ്.

7. ഗോതമ്പ് ബ്രഡ്

ആരോഗ്യമുള്ള ഒരാള്‍ക്ക് തീർച്ചയായും നല്ലതാണിത്, എന്നാൽ വൃക്കരോഗികൾക്ക് പറ്റിയതല്ല. കാരണം ഫോസ്ഫറസും പൊട്ടാസ്യവും ഇതിലുണ്ട് എന്നതുതന്നെ. 30 ഗ്രാം ബ്രഡിൽ 57 മി.ഗ്രാം ഫോസ്ഫറസും 69 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. എന്നാൽ വൈറ്റ് ബ്രഡിൽ ഇത് 28 മി.ഗ്രാം മാത്രമേ ഉള്ളൂ. ബ്രഡിൽ അത് വെളുത്തതോ തവിട്ടോ ആയാലും ഇവയിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്.

8. ബ്രൗൺ റൈസ്

തവിടു കളയാത്ത അരിയിലും പൊട്ടാസ്യം, ഫോസ്ഫറസ് ഇവ ധാരാളമുള്ളതിനാൽ വൃക്കരോഗികൾ ഒഴിവാക്കണം. അഥവാ കഴിച്ചാൽ തന്നെ മറ്റ് ഭക്ഷണവുമായി ബാലൻസ് ചെയ്യുന്ന രീതിയിലാകണം. അല്ലെങ്കിൽ പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് കൂടും.

9. പാലുൽപ്പന്നങ്ങൾ

ജീവകങ്ങളും പോഷകങ്ങളും ധാരാളം. എന്നാൽ ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീൻ ഇവയും ധാരാളമായുണ്ട്. ഒരു കപ്പ് പാലിൽ 222 മി.ഗ്രാം ഫോസ്ഫറസും 349 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. സാധാരണ എല്ലുകൾക്ക് ശക്തി നൽകുന്ന പാൽ, വൃക്കരോഗികളിലാകട്ടെ ദോഷകരമാകും. വൃക്ക തകരാറിലാകുമ്പോൾ ഫോസ്ഫറസിന്റെ അളവ് കൂടിയാൽ ഇത് രക്തത്തിൽ അടിഞ്ഞുകൂടും. ഇത് എല്ലുകളുടെ കനം കുറപ്പിക്കുകയും ശക്തി കുറയ്ക്കുകയും ചെയ്യും. എല്ലുകൾ പൊട്ടാനും ഒടിയാനും സാധ്യത കൂടും. പ്രോട്ടീനും ഇവയിൽ ധാരാളമുണ്ട്. ഒരു കപ്പ് പാലിൽ 8 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. പ്രോട്ടീൻ അടിഞ്ഞു കൂടാതിരിക്കാനും ഇത് ഒഴിവാക്കുന്നതാകും നല്ലത്. പാലിനു പകരം ബദാം മിൽക്ക് ഉപയോഗിക്കാം.

10. ഉണക്കമുന്തിരി, ഈന്തപ്പഴം

ഈ ഡ്രൈഫ്രൂട്ട്സും വൃക്കരോഗികൾ ഒഴിവാക്കണം. 4 ഈന്തപ്പഴത്തിൽ 668 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്.

11. പ്രോസസ്ഡ് മീറ്റ്

സംസ്കരിച്ച ഇറച്ചി ഉപയോഗിക്കുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും. പ്രിസർവേറ്റീവുകൾ അടങ്ങിയതിനാലാണത്. ഹോട്ട്ഡോഗ്, ബേക്കൺ, സോസേജ് ഇവയെല്ലാം വൃക്കരോഗികൾ ഒഴിവാക്കണം. ഇവയിൽ ഉപ്പ് ധാരാളമുണ്ട്. പ്രോട്ടീനും ധാരാളമുണ്ട്.

12. അച്ചാർ

ഉപ്പിലിട്ടതും അച്ചാറും ഒഴിവാക്കണം. 2 ടേബിൾസ്പൂൺ അച്ചാറിൽ ഏതാണ്ട് 244 മി.ഗ്രാം ആണ് സോഡിയത്തിന്റെ അളവ്.

13. പ്രോസസ്ഡ് ഫുഡ്

ഇൻസ്റ്റന്റ്, റെഡി ടു ഈറ്റ്, പാക്കേജ്ഡ് ഫുഡ് ഒഴിവാക്കണം. സോഡിയം ഇവയിൽ അധികമാണെന്നു മാത്രമല്ല പോഷകങ്ങളും ഒട്ടുമില്ല.

14. ഇലക്കറികൾ

പച്ചനിറത്തിലുള്ള ഇലക്കറികൾ പോഷകസമ്പുഷ്ടമെങ്കിലും ഇവയിൽ പൊട്ടാസ്യം ധാരാളമുള്ളതിനാൽ ഒഴിവാക്കണം. ഒരു കപ്പിൽ 140 മുതൽ 290 മില്ലിഗ്രാം വരെയാണ് പൊട്ടാസ്യം ഉള്ളത്.

15. ചിപ്സ്

പായ്ക്കറ്റിൽ കിട്ടുന്ന സ്നാക്സുകൾ ആയ ചിപ്സ്, ക്രാക്കേഴ്സ് ഇവയെല്ലാം ഒഴിവാക്കാം. ഉപ്പിന്റെ അളവ് ഇവയിലെല്ലാം വളരെ കൂടുതലാണ്. പൊട്ടറ്റോ ചിപ്സ് ആണെങ്കിൽ പൊട്ടാസ്യവും കൂടുതലായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com