ADVERTISEMENT

ഉയരം കുറഞ്ഞ ആളുകൾക്ക് ആത്മവിശ്വാസം കുറവും അൽപ്പ സ്വൽപം അപകർഷതാ ബോധവും ഒക്കെ കണ്ടുവരാറുണ്ട്; ഉയരമുള്ള ആൾ അടുത്തുണ്ടെങ്കിൽ പ്രത്യേകിച്ചും. ഉയരം കൂട്ടാൻ സഹായിക്കും എന്ന പേരിൽ വിപണിയിൽ പല ഉൽപ്പന്നങ്ങളും ലഭ്യമാണ്. ഇതൊന്നും ഫലം കാണില്ല എന്ന കാര്യം തീർച്ചയുമാണ്. 

പ്രധാനമായും ഒരാളുടെ പൊക്കം ജീനുകളെ ആശ്രയിച്ചാണിരിക്കുന്നത്. ശരിയായ ഭക്ഷണവും വ്യായാമവും ഒരു പരിധി വരെ ഗുണം ചെയ്യും. പുരുഷന്മാർ 25 വയസ്സു വരെ വളരും. എന്നാൽ പതിനെട്ടോ പത്തൊൻപതോ വയസാകുമ്പോൾ തന്നെ സ്ത്രീകൾ അവരുടെ പരമാവധി പൊക്കം വച്ചിരിക്കും. പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ആയ ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ (HGH) ആണ് ഒരാളുടെ ഉയരത്തെ നിയന്ത്രിക്കുന്നത് ഉയരം കൂട്ടുന്നത് ഈ ഹോർമോണിന്റെ പ്രവർത്തന ഫലമായാണ്. HGH ന്റെ  പ്രവർത്തനത്തിനു സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ഉയരം വയ്ക്കും എന്ന കാര്യം തീർച്ചയാണ്. 

കൗമാരപ്രായത്തിൽ സമീകൃതാഹാരം കഴിക്കുന്നത് വളർച്ചയ്ക്ക് സഹായിക്കും. ശക്തമായ പേശികൾ, ലിഗമെന്റുകൾ ഇവയെല്ലാം ഉണ്ടാകാൻ വ്യത്യസ്തയിനം പോഷകങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ധാരാളം കാൽസ്യം, ധാതുക്കൾ, വൈറ്റമിനുകൾ, പ്രോട്ടീനുകൾ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

പ്രോട്ടീൻ – വളർച്ചയുടെ അടിസ്ഥാന ശിലകളാണിവ. കലകളെ (tissues) നിർമിക്കുക വഴി ഉയരം കൂടാൻ സഹായിക്കും. ആരോഗ്യമുള്ള എല്ലുകൾ, പേശികൾ, കലകൾ, അവയവങ്ങൾ, ചർമം, പല്ല് മുതലായവയുടെ വളർച്ചയ്ക്കാവശ്യമായ അമിനോ ആസിഡുകൾ അടങ്ങിയവയാണ് പ്രോട്ടീനുകൾ. ദഹനം, ശ്വസനം, വിസർജ്ജനം മുതലായ ജൈവ രാസപ്രവർത്തനങ്ങളെ സ്റ്റിമുലേറ്റ് ചെയ്യുന്ന എൻസൈമുകളായും ഇവ പ്രവർത്തിക്കുന്നു. പ്രോട്ടീനുകളുടെ അഭാവം ആരോഗ്യപ്രശ്നങ്ങളായ രോഗപ്രതിരോധ സംവിധാനം ദുർബലമാകുക, മസിൽ മാസ്സ് നശിക്കുക, മാനസിക വളർച്ച കുറയുക മുതലായവയ്ക്ക് കാരണമാകാം.

അതുകൊണ്ട് കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിനു പകരം പ്രോട്ടീൻ ധാരാളം അടങ്ങിയ മത്സ്യം, മുട്ട, പാൽ, പയറു വർഗങ്ങൾ ഇവ കഴിക്കാൻ ശ്രദ്ധിക്കുക. പൊക്കം കൂടാൻ സഹായിക്കുന്ന ഒരു ഘടകമാണ് പ്രോട്ടീൻ.

ധാതുക്കൾ– മഗ്നീഷ്യം, ഫോസ്ഫറസ്, ഫ്ലൂറൈഡ്, അയഡിൻ, അയൺ, മാംഗനീസ് എന്നീ ധാതുക്കൾ അടങ്ങിയ ഭക്ഷണം പൊക്കം വയ്ക്കാനും ശരീരവളർച്ചയ്ക്കും പ്രധാന പങ്കു വഹിക്കുന്നു. എല്ലുകളെ ശക്തിപ്പെടുത്താനും വളർച്ചയ്ക്കും ആവശ്യമായ ധാതുവാണ് കാൽസ്യം. വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ കാർബണേറ്റഡ് പാനീയങ്ങൾ, ഉപ്പിന്റെ അമിതോപയോഗം, കൊഴുപ്പ്, കാപ്പി ഇവയുടെ ഉപയോഗം കുറയ്ക്കണം. 

ജീവകങ്ങൾ– എല്ലുകളുടെ ആരോഗ്യത്തിന് ജീവകം സി ആവശ്യമാണ്. ഈ ജീവകത്തിന്റെ അഭാവം വളർച്ചയെ തടസ്സപ്പെടുത്തുകയും എല്ലുകളുടെ ബലം കുറയ്ക്കുകയും ചെയ്യുന്നു. ജീവകം ഡി കൂടാതെ ജീവകം എ, ജീവകം ബി1, ബി2 അഥവാ റൈബോഫ്ലേവിൻ, ജീവകം സി അഥവാ അസ്കോർബിക് ആസിഡ്, ജീവകം എഫ് എന്നിവയും വളർച്ചയ്ക്ക് ആവശ്യമാണ്. സാധാരണയായി പഴങ്ങളിലും പച്ചക്കറികളിലും എല്ലാം ഈ ജീവകങ്ങൾ അടങ്ങിയിട്ടുണ്ട്. 

സ്വാഭാവികമായും പൊക്കം കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്. 

1. പാൽ – കാൽസ്യത്തിന്റെ മികച്ച ഉറവിടം. കൂടാതെ ശരീരത്തിൽ കാൽസ്യം നിലനിർത്താൻ സഹായിക്കുന്ന ജീവകം എ യും ഇതിലുണ്ട്. കോശനിർമാണത്തിനു സഹായിക്കുന്ന പ്രോട്ടീനുകളും പാലില്‍ ഉണ്ട്. എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും. സ്കിംഡ് മിൽക്കിൽ ഫാറ്റ് ഒട്ടുമില്ല. 100% പ്രോട്ടീൻ ഇവയിലുണ്ട്. ദിവസവും 2 മുതൽ 3 ഗ്ലാസ്സ് വരെ പാൽ കുടിക്കാം. 

2. പാലുൽപ്പന്നങ്ങൾ– പാല് കൂടാതെ പാലുൽപ്പന്നങ്ങളും പതിവായി കഴിക്കണം. ചീസ്, പനീർ, തൈര് വിപ്പിങ് ക്രീം ഇവയിലെല്ലാം വിറ്റമിൻ എ, ബി, ഡി, ഇ ഇവയുണ്ട്. പ്രോട്ടീനും കാൽസ്യവും ഇതിലുണ്ട്. ജീവകം ഡിയും കാൽസ്യവും വളർച്ച യ്ക്ക് ആവശ്യമാണ്. വളരുന്ന പ്രായത്തിൽ ആവശ്യത്തിന് കാൽസ്യം ശരീരത്തിലെത്തേണ്ടത് പ്രധാനമാണ്. 

3. പഴങ്ങളും പച്ചക്കറികളും– ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും കൂടിയേ തീരൂ. വൈറ്റമിൻ, നാരുകൾ, പൊട്ടാസ്യം, ഫോളേറ്റുകൾ ഇവ ധാരാളമുള്ള ഇവ ഉയരം കൂട്ടാനും സഹായിക്കും. പപ്പായ, മാങ്ങ, പാഷൻ ഫ്രൂട്ട്, തണ്ണിമത്തൻ ഇവയിലെല്ലാം ജീവകം എ ധാരാളം ഉണ്ട്. കാരറ്റ്, ബ്രൊക്കോളി, ചീര, കാബേജ്, പയർ, മധുരക്കിഴങ്ങ് മുതലായവയിലും ജീവകം എ ഉണ്ട്. കൂടാതെ നാരകഫലങ്ങളും എല്ലിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉയരം കൂട്ടാനും സഹായിക്കും.

4. കോഴിയിറച്ചി – കോഴിയിറച്ചിയിൽ പ്രോട്ടീൻ ധാരാളമുണ്ട്. ഇത് ശരീരത്തിലെ പേശികളും കലകളും നിർമിക്കാനാവശ്യമായത്ര പ്രോട്ടീൻ പ്രദാനം ചെയ്യുന്നു. 

5. ബീഫ് – ചിക്കൻ കൂടാതെ ബീഫും പ്രോട്ടീന്റെ ഉറവിടമാണ്. എന്നാൽ കൊളസ്ട്രോൾ കൂട്ടുന്ന കൊഴുപ്പും ഇവയിലുണ്ട്. 

6. ധാന്യങ്ങൾ – സ്റ്റാർച്ചും ധാന്യങ്ങളും ഊർജ്ജത്തിന്റെ പ്രധാന ഉറവിടങ്ങളാണ്. കൂടാതെ ജീവകം ബി, ഫൈബർ അയൺ, മഗ്നീഷ്യം, െസലെനിയം ഇവയും ഉണ്ട്. കുട്ടികൾക്ക് വളരുന്ന പ്രായത്തിൽ ഇവ ധാരാളം നൽകണം, പ്രത്യേകിച്ചും പ്രായപൂർത്തിയെത്തുമ്പോൾ തവിടുകളയാത്ത അരി, ഗോതമ്പ് ഇവയെല്ലാം ശരിയായ വളർച്ചയ്ക്ക് സഹായിക്കും.  

7. മുട്ട– പ്രോട്ടീൻ ധാരാളമുണ്ട്. മഞ്ഞയിൽ ഫാറ്റ് ഉള്ളതിനാൽ ഒഴിവാക്കാം. മുട്ടയുടെ വെള്ളയിൽ 100 ശതമാനം പ്രോട്ടീൻ ഉണ്ട്. കൂടാതെ റൈബോഫ്ലേവിൻ അഥവാ ജീവകം ബി 2 ഉം മുട്ടയിൽ ഉണ്ട്. ഉയരം കൂടാൻ ദിവസവും മൂന്നു മുതൽ ആറ് മുട്ട വരെ കഴിക്കാം. 

8. സോയബീന്‍– സസ്യഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ബോൺ മാസ് കൂട്ടുന്നു. ദിവസവും ഭക്ഷണത്തിൽ സോയ ഉൾപ്പെടുത്താവുന്നതാണ്.

9. ഓട്മീൽ– പ്രഭാതഭക്ഷണമായി ദിവസം 50 ഗ്രാം ഓട്മീൽ കഴിക്കുന്നത് ഉയരം കൂട്ടാൻ സഹായിക്കും. 

10. കോറൽ കാൽസ്യം – പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കടലിലെ പവിഴപ്പുറ്റുകളിൽ നിന്നാണ് ഇത് ലഭിക്കുന്നത്. ബോൺ മാസ് കൂട്ടുന്നു. ഇത് നീളം കൂട്ടാൻ സഹായിക്കുന്നു. പരമാവധി പ്രയോജനം ലഭിക്കാൻ ചെറുപ്രായത്തിലേ കഴിച്ചു തുടങ്ങണം. 

പൊക്കം എന്നത് ഒരു ജനിതക ഘടകമാണ്. എന്നാൽ ശരിയായ പോഷണങ്ങൾക്ക് ഇതിനെ സ്വാധീനിക്കാനാകും. ആവശ്യമായ ശാരീരിക പ്രവർത്തനങ്ങളോടൊപ്പം ആരോഗ്യ ഭക്ഷണവും ശീലമാക്കിയാൽ ഉയരം കൂടാൻ അത് സഹായിക്കും.  

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com