ADVERTISEMENT

മലയാളികളുടെ പ്രഭാതഭക്ഷണത്തിലെ മികച്ച ഒരു കോംപിനേഷനാണ് ഇഡ്‌ലിയും സാമ്പാറും. നനുനനുത്ത ഇഡ്‌ലിയിലേക്ക് ചൂടു സാമ്പാർ ഒഴിച്ചു കഴിച്ചാലുള്ള രുചിയെക്കുറിച്ച് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട ആവശ്യമേ ഇല്ല. 

നല്ല ഒന്നാന്തരം സമീകൃതാഹാരമാണ് ഇഡ്‌ലിയും സാമ്പാറും. പ്രഭാതഭക്ഷണം മാംസ്യസമൃദ്ധമായിരിക്കണം. ആവിയിൽ വേവിച്ചതും മാംസ്യവും നാരുകളും കൂടുതൽ അടങ്ങിയതുമായ ഭക്ഷണമാണ് മികച്ച പ്രഭാതഭക്ഷണം. അന്നജം, മാംസ്യം, നാര് എന്നിവയാൽ സമൃദ്ധമായതിനാൽ ഏതൊരു പ്രഭാതഭക്ഷണത്തെക്കാളും ഉത്തമം ഇ‍ഡ്‌ലിയാണ്. 

കൊഴുപ്പിന്റെ അംശം തീരെ ചേരാത്തതിനാൽ കൊളസ്ട്രോൾ ഉള്ളവർക്കും ഇഡ്‌ലി കഴിക്കാം. പുളിപ്പിച്ചതായതിനാൽ അന്നജത്തിന്റെ അളവു കുറയും. അതിനാൽ പ്രമേഹരോഗികൾക്കും ഉത്തമഭക്ഷണമാണിത്. ഒരു മിശ്രിതാഹാരത്തിനു മാത്രമേ ശരീരത്തിനാവശ്യമുള്ള ഊർജം, മാംസ്യം, ലവണങ്ങൾ, ജീവകങ്ങൾ എന്നിവ നൽകാനാകൂ. 

ഒരു മികച്ച ശിശുഭക്ഷണം കൂടിയാണ് ഇഡ്‌ലി. ഇഡ്‌ലിയും സാമ്പാറും ഒന്നിക്കുമ്പോൾ മാംസ്യവും അന്നജവും കൊഴുപ്പും ജീവകങ്ങളും ലവണങ്ങളും ആന്റിഓക്സിഡന്റുകളും ലഭിക്കുന്നു. ഉഴുന്നും അരിയും ചേർത്ത് ഉണ്ടാക്കുന്ന വിഭവമായതിനാൽ ഇഡ്‌ലി മാത്രം കഴിച്ചാലും മാംസ്യം ലഭിക്കും. 

സാമ്പാറിനെ ഒരു സ്പൈസസ് വെജിറ്റബിൾ സൂപ്പായി വിശേഷിപ്പിക്കാം. പച്ചക്കറികളുടെ സാനിധ്യം കൊണ്ടു സാമ്പാർ ചട്നിയെക്കാൾ പോഷകസമ്പന്നമാണ്. സാമ്പാറിലെ തുവരപരിപ്പിൽ മാംസ്യവും ബി ജീവകങ്ങളും ഇരുമ്പും കാൽസ്യവും കരോട്ടിനും മാത്രമല്ല കോശങ്ങളിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുമുണ്ട്. ഇതിൽ ചേർക്കുന്ന പച്ചക്കറികളിൽ ദഹനത്തിനാവശ്യമായ നാരുകൾ ധാരാളമുണ്ട്. ഹൃദ്രോഗത്തെ തടയാൻ സഹായിക്കുമെന്നു കരുതുന്ന ലൈക്കൊപിൻ എന്ന വർണ പദാർഥം തക്കാളിയിലുണ്ട്. മഞ്ഞൾ കാൻസറിനെ പ്രതിരോധിക്കുന്നു. ഉലുവാപ്പൊടി രക്തസമ്മർദത്തെയും കൊളസ്ട്രോൾ നിലയെയും കുറയ്ക്കുന്നു. കായം വായുഹരമാണ്. 

ഇത്രയധികം പോഷകവും ആരോഗ്യപ്രദവുമായ പ്രഭാതഭക്ഷണം ആകട്ടെ ഇനി നാം കഴിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com