ADVERTISEMENT

എന്തു ഭക്ഷണം കിട്ടിയാലും വാരിവലിച്ചു കഴിക്കുന്ന ശീലമാണ് മലയാളികൾക്കുള്ളത് എന്നാണു പൊതുവേ പറയുന്നത്. ഇതിൽ അൽപം കാര്യമില്ലാതില്ല. മാറിയ ജീവിതശൈലി മൂലം ഒരുപിടി രോഗങ്ങളും പലർക്കും കൂട്ടിനെത്തിയിട്ടുണ്ടാകും. ജോലിത്തിരക്കും മറ്റും കാരണം രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം നന്നായി കഴിക്കാൻ സാധിക്കാത്തവർ അതുകൂടി ചേർത്ത് പലപ്പോഴും കഴിക്കുന്നത് രാത്രിയിലായിരിക്കും. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർത്തിരുന്ന് സൊറ പറയുമ്പോൾ അറിയാതെ ചിലപ്പോൾ കുറച്ചു കൂടുതൽ അകത്താക്കിയെന്നും വരാം. ഈ രീതി അത്ര നന്നല്ലെന്നാണ് വിദഗ്ധർ പറയുന്നത്. മാത്രമല്ല പകൽ വലിയ അപകടമുണ്ടാക്കാത്ത ചില ഭക്ഷണങ്ങൾ കഴിച്ചാൽ കുഴപ്പമാകാറുമുണ്ട്. രാത്രിഭക്ഷണം എങ്ങനെ വേണമെന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്നും നോക്കാം.

രാത്രി ചോറു കഴിച്ചില്ലെങ്കിൽ ആഹാരം കഴിച്ചെന്ന തോന്നൽ പോലും ഉണ്ടാകില്ലെന്നു പറയുന്നവരുണ്ട്. അങ്ങനെയുള്ളവർ അറിഞ്ഞോളൂ, ദിവസവും ഒരു നേരം മാത്രമേ ചോറു കഴിക്കാവൂ, അത് രാത്രിയാകരുത്. കാർബോഹൈഡ്രേറ്റിനാൽ സംപുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവു കൂടാൻ കാരണമാകും. ചോറിനു പകരം ചപ്പാത്തിയോ ദോശയോ കഴിക്കാം. പക്ഷേ അളവു കൂടാതെ ശ്രദ്ധിക്കണമെന്നു മാത്രം. രാത്രി സാലഡ് കഴിക്കുന്നവരും കുറവല്ല. അങ്ങനെയുള്ളവർ സാലഡിൽ തക്കാളി ചേര്‍ക്കാതെ ശ്രദ്ധിക്കണം. ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ രാത്രി ഒഴിവാക്കുന്നതാണ് നന്ന്. ഓറഞ്ച്, മുന്തിരി പോലുള്ള ആസിഡ് പഴങ്ങളും രാത്രി ഒഴിവാക്കാം.

പാൽ ഉൽപന്നങ്ങൾ, മയോണൈസ് എന്നിവയും രാത്രി ഒഴിവാക്കുന്നതാണു നല്ലത്. മുട്ട നന്നായി പതപ്പിച്ച്, എണ്ണ ഒഴിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. കൊഴുപ്പു കൂടിയ വിഭവമായതിനാൽ ഇത് രാത്രിയിൽ കഴിക്കുന്നത് കാലറി കൂടാൻ കാരണമാകും. അതുപോലെ ആസിഡ് റിഫ്ലെക്സിനെ പെട്ടെന്നു പ്രേരിപ്പിക്കുന്നതാണ് പാലും പാലുൽപന്നങ്ങളും. പേട പോലുള്ളവ കഴിച്ചാൽ ചിലർക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്. അതിനാലാണ് ഇവ രാത്രി ഒഴിവാക്കണമെന്നു പറയുന്നത്. എന്നാൽ ഇളംചൂടു പാലിലെ ട്രിപ്റ്റഫൈൻ തലച്ചോറിൽ സെറാടോണിൻ എന്ന രാസപദാർഥത്തെ ഉൽപാദിപ്പിക്കുകയും ഇത് സുഖനിദ്രയ്ക്കു സഹായിക്കുകയും ചെയ്യും. പക്ഷേ അത്താഴത്തിനു ശേഷം ഉടൻ പാൽ കുടിക്കരുതെന്നു മാത്രം. 

കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങളും രാത്രിയിൽ വേണ്ട. ഇവ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അമിതമധുരമുള്ള പായസം, കൊഴുപ്പിന്റെ അളവു കൂട്ടുന്ന ഫ്രൈഡ് ഫുഡ്, മൈദ കൊണ്ടുള്ള ബ്രഡ് എന്നിവയും രാത്രി ഒഴിവാക്കേണ്ടതാണ്.

English summary : Consuming these food items for Supper may cause Health Hazards; Healthy food Habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com