ADVERTISEMENT

സ്കൂളിലും പരിസരത്തും ജങ്ക് ഫുഡ് നിരോധിക്കാൻ പോവുന്നതായി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഈയിടെ പത്ര മാധ്യമങ്ങളിൽക്കൂടി അറിയിക്കുകയുണ്ടായല്ലോ. കുട്ടികളുടേയും യുവതലമുറക്കാരുടേയും പ്രിയപ്പെട്ട രുചികളായി മാറിയ ജങ്ക് ഫുഡിന്റെ അമിതോപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിനു പിന്നിൽ. 

എന്താണ് ജങ്ക് ഫുഡ്?

എല്ലാവരും ജങ്ക്ഫുഡ് എന്നു കേട്ടിട്ടുണ്ടാവാമെങ്കിലും അവ ഏതൊക്കെയാണെന്ന് പലർക്കും അറിഞ്ഞു കൂടാ. ജങ്ക് എന്നു പറഞ്ഞാൽ ഉപയോഗശൂന്യമായി കളയുന്ന വസ്തുക്കൾ എന്നാണർത്ഥം. ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ അമിതോർജ്ജം നിറഞ്ഞ പ്രോട്ടീനുകളോ, വൈറ്റമിനുകളോ, ധാതുക്കളോ, നാരുകളോ ഇല്ലാത്ത ഭക്ഷണങ്ങളാണ് ജങ്ക്ഫുഡ്. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്. പഫ്സ്, സമോസ, പിറ്റ്സ, ബർഗർ, ഫ്രഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്സ്, ന്യൂഡിൽസ്, ബേക്കറി പലഹാരങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. 

ആരോഗ്യപ്രശ്നങ്ങൾ എന്തുകൊണ്ട്?

വല്ലപ്പോഴും ഇവ ഭക്ഷിക്കുന്നതുകൊണ്ട് കാര്യമായ പ്രശ്നങ്ങളില്ല. പക്ഷേ പതിവായി ഉപയോഗിക്കുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. മൂന്നുതരം ആരോഗ്യ ഭീഷണികളാണ് ഇവ ഉയർത്തുന്നത്. 

1. അമിതമായി ശരീരത്തിലെത്തിയാൽ ആരോഗ്യത്തിന് ദോഷകരമായേക്കാവുന്ന വസ്തുക്കൾ. ഉദാഹരണമായി ജങ്ക് ഫുഡിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഉപ്പ്, പഞ്ച സാര, കൊഴുപ്പ് എന്നിവ. പഞ്ചസാരയും കൊഴുപ്പും കൂടുതൽ കാലറികൾ ശരീരത്തിലെത്തിക്കുന്നു. 

2. ആരോഗ്യം നില നിർത്തുന്നതിനും വളർച്ചയ്ക്കും രോഗ പ്രതിരോധത്തിനും മറ്റും ആവശ്യമായ സൂക്ഷ്മ പോഷകങ്ങളുടെ ദൗർലഭ്യമോ അഭാവമോ.

3. രുചി കൂട്ടുന്നതിനോ നിറം നൽകുന്നതിനോ കേടാകാതിരിക്കാനോ ഇതിൽ ചേര്‍ക്കുന്ന അഡിക്ടീവുകൾ (രാസവസ്തുക്കൾ).

ആരോഗ്യപ്രശ്നങ്ങള്‍

∙അമിതവണ്ണം

ജങ്ക്ഫുഡിലൂടെ ശരീരത്തിലെത്തുന്ന മധുരം, കൊഴുപ്പ് എന്നിവ കാലറിയായി മാറുന്നു. വ്യായാമത്തിന്റെയും അധ്വാനം വരുന്ന പ്രവൃത്തികളുടെയും അഭാവത്തിൽ ഈ കാലറി കൊഴുപ്പായി മാറി ശരീരത്തിൽ സൂക്ഷിക്കപ്പെടുന്നു. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഒരു സൗന്ദര്യ പ്രശ്നമെന്നതിലുപരി ഇത് മറ്റു പല രോഗങ്ങൾക്കും കാരണമാവുന്നു. 

∙പ്രമേഹം

ഇന്ന് ചെറുപ്പക്കാരിലും ടൈപ്പ് രണ്ട് പ്രമേഹം ഉണ്ടാവുന്നു. അമിതവണ്ണവും അമിതമായി ശരീരത്തിലെത്തുന്ന മധുരവും വ്യായാമത്തിന്റെ അഭാവത്തിൽ പ്രമേഹമുണ്ടാക്കുന്നു. സൂക്ഷ്മ പോഷകങ്ങളുടെ കുറവും മറ്റൊരു കാരണമാണ്. ചെറിയ കുട്ടികളിൽ പോലും ഇത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാവുന്നു. 

∙ഉയർന്ന രക്തസമ്മർദം

അമിതവണ്ണവും അമിതമായി ഉപ്പ് ശരീരത്തിലെത്തുന്നതും ഉയർന്ന ബിപിയ്ക്ക് കാരണമാകുന്നു. 

∙അനീമിയ അല്ലെങ്കിൽ വിളർച്ച

പച്ചക്കറികളും പഴവർഗങ്ങളും പയർ, പരിപ്പ് എന്നിവയൊക്കെ ഒഴിവാക്കപ്പെടുന്നത് അയൺ ഉൾപ്പെടെയുള്ള പോഷകക്കുറവിലേക്ക് നയിക്കുന്നതാണ് കാരണം. 

∙ഹൃദ്രോഗങ്ങൾ

ഇന്ന് ചെറുപ്പക്കാരിലും ഹൃദയാഘാതം ഉണ്ടാവുന്നു. ജങ്ക്ഫുഡ് പതിവാക്കുന്നതു മൂലമുള്ള അമിതവണ്ണം, പ്രമേഹം, ബിപി, കൊളസ്ട്രോൾ പ്രശ്നങ്ങൾ എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ അപകട ഘടകങ്ങളാണ്. വളരെ ചെറുപ്പും മുതലേ ജങ്ക് ഫുഡ് കഴിക്കുന്നതു മൂലം കൗമാരപ്രായമാകുമ്പോഴേക്കും കൊറോണറി ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി ബ്ലോക്കിന് ആരംഭം കുറിക്കുന്നു. 

∙രുചിക്കും നിറത്തിനും വേണ്ടി ജങ്ക്ഫുഡുകളിൽ ചേർക്കപ്പെടുന്ന അഡിക്ടീവുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. മുതിർന്നവരെക്കാൾ കൂടുതൽ കുട്ടികളിലും കൗമാരക്കാരിലുമാണ് ഇവ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഉദാഹരണം രുചിക്കു വേണ്ടി ചേർക്കുന്ന അജിനാമോട്ട നിറത്തിനു വേണ്ടി ചേർക്കുന്ന ഫോസ്ഫേറ്റുകൾ എന്നിവ കുട്ടികളിൽ കണ്ണിന്റെ റെറ്റിനയ്ക്കു നാശം, കാൻസർ എന്നിവയ്ക്കു കാരണമാവുന്നു. കുട്ടികളിലെ പഠന വൈകല്യത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് പതിവായുള്ള ജങ്ക് ഫുഡുകളുടെ ഉപയോഗം. 

English summary: Junk Food: why is it bad for you?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com