പാൽ ആരോഗ്യത്തിനു ദോഷമാകുന്ന ഈ സാഹചര്യങ്ങൾ അറിഞ്ഞിരിക്കണം

milk
SHARE

പാലും പാൽ ഉൽപന്നങ്ങളും ദഹിക്കാതെവരുന്നതു മൂലമുണ്ടാകുന്ന രോഗമാണു ലാക്ടോസ് ഇൻടോളറൻസ്. പാലിലെ മധുരമായ ലാക്ടോസിനെ ദഹിപ്പിക്കാനുള്ള എൻസൈമായ ലാക്‌ടോസിന്റെ അപര്യാപ്‌തതയാണ് ഇതിനു കാരണം. വായുക്ഷോഭം, വയറിളക്കം, മനംപിരട്ടൽ, ഛർദി തുങ്ങിയവയാണു ലക്ഷണങ്ങൾ. പാരമ്പര്യമായി ഈ രോഗം ഉണ്ടാകാം. ചെറുകുലിൽ ചെറിയ മുറിവോ മറ്റു ദഹനപ്രശ്‌നങ്ങളോമൂലം ലാക്‌ടോസിന്റെ ഉൽപാദനം കുറയുന്നതും കാരണമാകാം. മാസം തികയാതെ ഉണ്ടാകുന്ന കുഞ്ഞുങ്ങളിൽ ലാക്‌ടോസിന്റെ അപര്യാപ്‌തത കാണാറുണ്ട്. കൃത്യമായ ആഹാരക്രമം പാലിക്കുന്നതുവഴി ഈ പ്രശ്‌നങ്ങളെ തയാവുന്നതേ ഉള്ളൂ. മരുന്നുകൊണ്ടു ലാക്‌ടോസിന്റെ ഉൽപാദനം കൂട്ടാൻ കഴിയില്ല.

ഭക്ഷണം പാകമെങ്കിൽ പിന്നെ പാൽ എത്ര വേണം?

കുട്ടികൾ കഴിക്കുന്ന മറ്റു ഭക്ഷണത്തിന്റെ അടിസ്‌ഥാനത്തിൽ പാൽ കൊടുക്കണോ വേണ്ടയോ എന്നു നിശ്‌ചയിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ഡയറ്റീഷ്യന്റെ സഹായം തേടാം. പാലിന്റെ അളവു കൂടാതിരിക്കാനാണു പിന്നെ ശ്രദ്ധിക്കേണ്ടത്. പാലിൽ ചേർത്തു കഴിക്കാനുള്ള ‘എനർജി പ്രോഡക്‌ടുകൾ’ ഉപയോഗിക്കുമ്പോഴും അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. പാൽപ്പൊടിയെ അത്രയ്‌ക്കു സ്വീകരിക്കേണ്ടെന്നാണ് ഡോക്ടർമാർക്കു പറയാനുള്ളത്. ചുമയും പനിയും മറ്റുമുള്ളപ്പോൾ പാൽ ഉപയോഗിക്കരുതെന്ന് അലോപ്പതി പറയുന്നില്ല. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രം കഴിക്കാതിരിക്കാമെന്നാണ് ആധുനിക വൈദ്യത്തിന്റെ അഭിപ്രായം. ചില ആളുകളിൽ പാലും പാൽ ഉൽപന്നങ്ങളും അലർജിയുണ്ടാക്കുന്നുണ്ട്. അലർജിയുണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കുകയാണു മരുന്നുകളെക്കാൾ മെച്ചം.

തണുത്ത പാലും ഷേക്കും

അമിതമായി തണുപ്പിച്ച പാൽ ശരീരത്തിനു നല്ലതല്ലെന്നു വിദഗ്‌ധർ പറയുന്നു. വിവിധതരം മിൽക്ക് ഷേക്കുകളുടെ ഇക്കാലത്ത് ചെറുപ്പക്കാർ പാലിന്റെ ഗുണനിലവാരം ശ്രദ്ധിക്കണമെന്നും അവർ മുന്നറിയിപ്പു തരുന്നു. തിളപ്പിക്കാത്ത പാലാണു പലപ്പോഴും ഷേക്കുകളിൽ ഉപയോഗിക്കുന്നത്. വളരെ നല്ല വസ്‌തുവാണെങ്കിലും ബാക്‌ടീരിയയും വൈറസും വളരെ പെട്ടെന്നാണു പാലിനെ ആക്രമിക്കുക. ചീത്തയായാൽ പാലിനോളം ചീത്തയായ വസ്‌തു വേറൊന്നില്ലെന്നു പറയുന്നതു കേട്ടിട്ടില്ലേ? പാലും പാൽ ഉൽപന്നങ്ങളും കൂടുതൽ ദിവസം വച്ചിരുന്ന് ഉപയോഗിക്കരുതെന്നു പറയുന്നതും അതുകൊണ്ടാണ്.

വെള്ളം തുല്യ അളവിൽ (വിൽക്കുമ്പോഴല്ല)

എട്ടുതരം പാലുകൾ ആയുർവേദത്തിൽ വിവരിക്കുന്നുണ്ടെങ്കിലും മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എന്ന നിലയിൽ പശുവിൻപാലിനെക്കുറിച്ചു പ്രാധാന്യത്തോടെതെന്നെ പറയുന്നുണ്ട്. ആയുർവേദത്തിൽ പാലിനുള്ള വിശേഷണം ഇങ്ങനെ: മധുരരസം, സ്‌നിഗ്‌ധം, ഓജസ്സുണ്ടാക്കുന്നത്, ധാതുക്കളെ വർധിപ്പിക്കുന്നത്, വാത - പിത്ത രോഗങ്ങൾക്കു മരുന്ന്, ശീതവീര്യം (തണുപ്പ്).

കറന്ന ചൂടോടെ പശുവിൻപാൽ ഉപയോഗിക്കാൻ പറയുന്നുണ്ടെങ്കിലും കറന്ന സമയത്തെ ചൂടു കുറഞ്ഞാൽ പിന്നെ തിളപ്പിച്ചേ ഉപയോഗിക്കാവൂ എന്നും ആയുർവേദം നിർദേശിക്കുന്നു. കൗമാരപ്രായക്കാർ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ആർത്തവവിരാമം വന്ന സ്‌ത്രീകൾ എന്നിവരെല്ലാം പാൽ ഉപയോഗിക്കണം. എങ്കിലും കഫമുള്ളവർ പാൽ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.

എന്നാൽ നേരായ രീതിയിൽ കൈകാര്യം ചെയ്‌തില്ലെങ്കിൽ പാൽ ദോഷകാരിയാണ്. പശുവിന്റെ കുട്ടിക്കു കുടിക്കാനുള്ള പദാർഥമാണു മനുഷ്യക്കുട്ടികൾ കട്ടുകുടിക്കുന്നതെന്ന ബോധമാണ് ആദ്യം വേണ്ടത്. മനുഷ്യനു പറഞ്ഞിട്ടുള്ളത് അമ്മയുടെ പാൽ ആണ്. അതിനാൽ, പശുവിൻപാൽ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ അതിനു ചില ചിട്ടകൾ പാലിക്കേണ്ടത് അത്യാവശ്യമെന്ന് ആയുർവേദം അനുശാസിക്കുന്നു.

1. പാൽ കാച്ചിയേ ഉപയോഗിക്കാവൂ.

2. തുല്യ അളവിൽ വെള്ളം ചേർത്തു കാച്ചിയേ പശുവിൻപാൽ ഉപയോഗിക്കാവൂ. ഒരു ഗ്ലാസ് പശുവിൻ പാലിന് ഒരു ഗ്ലാസ് വെള്ളം നിർബന്ധം. തിളപ്പിക്കുമ്പോൾ ഇതു വറ്റിച്ച് ഒരു ഗ്ലാസ് അളവിലെത്തിക്കുകയും വേണം.

3. ആട്ടിൻപാലോ എരുമപ്പാലോ ആണ് ഉപയോഗിക്കുന്നതെങ്കിൽ നാലിരട്ടി വെള്ളമാണു ചേർക്കേണ്ടത്. എന്നിട്ട് ഇതു വറ്റിച്ച് ഒരു ഗ്ലാസ് പാൽ ആക്കണം.

ആയുർവേദത്തിൽ പല രോഗങ്ങൾക്കും മരുന്നു തയാറാക്കുന്നതിനു പാൽ പ്രധാന ഘടകമാണ്. ശരീര ക്ഷീണത്തിനു പാൽ ഉത്തമമാണ്.

English summary : Milk: Health benefits and side effects

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA