ഈ ആരോഗ്യകാര്യങ്ങൾ കൂടി ശ്രദ്ധിച്ച് കേക്ക് കഴിക്കാം

cake
SHARE

ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പ്രധാന ചടങ്ങാണ് കേക്ക് മുറിക്കലും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒക്കെ കേക്ക് നൽകുന്നതും. കേരളത്തിൽ ഏറ്റവും കൂടുതൽ കേക്കുകൾ വിൽപന ചെയ്യുന്നതും ക്രിസ്മസ് സീസണിലാണ്. അമിതമായി കേക്ക് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു. മാത്രമല്ല ചില രോഗങ്ങളുള്ളവർക്ക് രോഗനിയന്ത്രണം സാധിക്കാതെ വരുകയും ചെയ്യുന്നു. കേക്ക് കഴിക്കുമ്പോൾ അൽപം ശ്രദ്ധിച്ചാൽ ഈവക പ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാവും. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൃദയാഘാതം, അമിതവണ്ണം എന്നിവയൊക്കെ സമൂഹത്തിൽ പകർച്ചവ്യാധിപോലെ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് കേക്ക് കഴിക്കുമ്പോഴുള്ള ഈ നിയന്ത്രണം വളരെ ഗുണം ചെയ്യും. 

ഏതൊരു ഭക്ഷ്യവസ്തുവും കഴിക്കുമ്പോൾ രണ്ടു മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ആരോഗ്യപരമായി ഗുണം ചെയ്യും. 

∙കാലറി കൂടുതൽ നൽകുന്നതാണോ?

∙നാരുകൾ ഉള്ളതാണോ?

∙ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകുന്നുണ്ടോ?

കേക്കിനെ സംബന്ധിച്ച് കാലറി കൂടുതലാണ്, നാരുകൾ ഇല്ല. ശരീരത്തിനാവശ്യമായ പോഷകങ്ങൾ വളരെ കുറവും. മാത്രവുമല്ല ശരീരത്തിനു ദോഷം ചെയ്യുന്ന മധുരം, കൊഴുപ്പ് എന്നിവ കൂടുതലും. കേക്കിന്റെ പ്രധാന ചേരുവ മൈദയാണല്ലോ. ഗോതമ്പ് പൊടിക്കുമ്പോൾ അതിന്റെ മുഴുവൻ തവിടും പോഷകങ്ങളും നീക്കി കിട്ടുന്ന പൊടിയാണ് മൈദ. തവിടു നീക്കുന്നതു മൂലം മുഴുവൻ നാരുകളും നീക്കം ചെയ്യപ്പെടുന്നു. നാരുകളുടെ അഭാവത്തിൽ കേക്കിന്റെ മധുരം പെട്ടെന്നുതന്നെ രക്തത്തിലെ പഞ്ചസാരയുടെ നിലവാരം ഉയർത്തുന്നു. മാത്രവുമല്ല, കേക്കിൽ മധുരത്തിനുവേണ്ടി േചർക്കുന്നത് സാധാരണ പഞ്ചസാര അല്ല, കൂടുതൽ മധുരം നൽകുന്ന ഫ്രക്ടോസ് ആണ്. ചോളത്തിൽ നിന്നും ഉണ്ടാക്കുന്ന ഹൈ ഫ്രക്ടോസ് കോൺ സിറപ്പാണിത്. ഇത് അധികമായി ശരീരത്തിലെത്തിയാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും. ഇതു കൂടാതെ നെയ്യ് ചേർക്കുന്നതിനു പകരം ട്രാൻസ്ഫാറ്റി ആസിഡുകളടങ്ങിയ വനസ്പതി, ഡാൽഡ എന്നിവയും ചേർക്കുന്നു. ഹൃദയാരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഇവ.

ചെയ്യേണ്ട കാര്യങ്ങൾ

∙ പ്രമേഹ രോഗികളും പ്രീഡയബറ്റിസ് ഉള്ളവരും കേക്ക് തീർത്തും ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇനി കഴിക്കുകയാണെങ്കിൽ അളവ് നന്നായി പരിമിതപ്പെടുത്തുക. മറ്റുള്ളവർ കേക്ക് കഴിക്കുമ്പോൾ നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും. 

∙ ഐസിങ് ചെയ്ത കേക്കിൽ സാധാരണ കേക്കിനേക്കാൾ കൂടുതൽ മധുരം (കാലറി) അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഐസിങ് ചെയ്ത ഭാഗം ഉപേക്ഷിക്കുക. ഐസിങ് ചെയ്ത കേക്കിനേക്കാൾ പ്ലെയിൻ കേക്കാണ് അൽപം കൂടി സുരക്ഷിതം. 

∙ സാധാരണ കേക്ക്, ഐസിങ് ചെയ്ത കേക്ക് എന്നിവയേക്കാൾ നല്ലത് ഫ്രൂട്ട്സ് കേക്കാണ്. ഇതിൽ ഡ്രൈഡ് ഫ്രൂട്ട്സ് ചേർക്കുന്നു. ഇവയിൽ കാലറി കൂടുതലുണ്ടെങ്കിലും ചില പോഷകങ്ങൾ ശരീരത്തിനു നൽകുന്നു. 

∙ വിശേഷദിവസമാണെങ്കിൽ കൂടി ഒരു നേരം മാത്രം കേക്ക് കഴിക്കുക. അളവ് കുറച്ചു കഴിക്കുക. 

∙ പ്രധാന ആഹാരത്തോടൊപ്പം അന്നേ ദിവസം ധാരാളം പച്ചക്കറികളും മറ്റും ഉൾപ്പെടുത്തുക.

∙ കേക്ക് കഴിക്കുന്ന ദിവസം വ്യായാമത്തിന് അവധി നൽകണ്ട. കേക്കിലൂടെ എത്തിയ അധിക കാലറി അന്നു തന്നെ കത്തിച്ചു കളയണം. 

English Summary: Take care of these healthy things while eating cake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA