ആഹാരം വെറുതേ കഴിക്കാനുള്ളതല്ല, ശ്രദ്ധിക്കണം ഇവയെക്കുറിച്ചും

healthy food
SHARE

Know your food (Conscious eating) ഭക്ഷണത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇത്. ഭക്ഷണത്തെപ്പറ്റി എന്തറിയാനാണെന്ന് പലരും സംശയിച്ചേക്കാം. ഭക്ഷിക്കാൻ കൊള്ളാവുന്ന എന്തെങ്കിലും കഴിച്ച് വിശപ്പടക്കണമെന്നേ മിക്കവരും കരുതുന്നുള്ളൂ. ചിലരാവട്ടെ രുചി ഉള്ളത് ഇഷ്ടം പോലെ കഴിക്കുന്നു. ഈ രണ്ടു കൂട്ടരുടെയും രീതി ആരോഗ്യപരമായി ശരിയല്ല. ആഹാരത്തെപ്പറ്റി നാം വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. ആധുനിക ഭക്ഷണ സംസ്കാരവും ഭക്ഷണപദാർഥങ്ങളും നമുക്ക് സംഭാവന നൽകിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കാനും ഈ അറിവ് പ്രയോജനം ചെയ്യും. നിങ്ങൾ എന്തു കഴിക്കുന്നു, എന്തു കഴിക്കുന്നില്ല ഇവ രണ്ടും ഒരുപോലെ ആരോഗ്യത്തെ അല്ലെങ്കിൽ രോഗം വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്നു. ഭക്ഷണം ഒരേസമയം മരുന്നും വിഷവുമാകുന്നു. ഇവയെ തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങൾ നോക്കാം. 

 ഭക്ഷണം സമീകൃതമാണോ?

കഴിക്കുന്ന ഭക്ഷണം എന്തു തരുന്നു? ആരോഗ്യത്തിനാവശ്യമായ പോഷകങ്ങൾ അതിലുണ്ടോ? അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെ കൂടാതെ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവ ഉണ്ടോ? കൊഴുപ്പ്, മധുരം എന്നിവ കൂടുതലുണ്ടോ? സമീകൃതാഹാരത്തിനു പകരം ഇന്നത്തെ നമ്മുടെ ആഹാരം ഊർജസമൃദ്ധവും അതേ സമയം വേണ്ടത്ര പോഷകങ്ങൾ ഇല്ലാത്തതുമാണ്. 

ഭക്ഷണം ആവശ്യത്തിൽ കൂടുതലാവുന്നുണ്ടോ?

നാം മിക്കപ്പോഴും ആവശ്യത്തിൽ കൂടുതൽ ആഹാരം കഴിക്കുന്നു. എന്താണ് ഇതിന്റെ അപകടം? വയർ നിറച്ചും ആഹാരം കഴിച്ചാൽ ആമാശയത്തിന് വേണ്ടവിധം പ്രവർത്തിക്കാനാവില്ല. മാത്രവുമല്ല ഇത് ഊർജ്ജ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. അമിത വണ്ണത്തിനും മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. എല്ലാവർക്കും ഒരേ അളവിലല്ല ആഹാരം വേണ്ടത്. അധ്വാനം വരുന്ന ജോലി ചെയ്യുന്നവർക്ക് കൂടുതൽ വേണം. അധ്വാനം കുറവുള്ള ജോലിയാണെങ്കിൽ ആഹാരം കുറയ്ക്കണം. 

ശ്രദ്ധിക്കേണ്ടവ

∙ആഹാരസാധനങ്ങളിൽ ഏതെങ്കിലും രാസപദാർഥങ്ങൾ അനുവദനീയമായ അളവിലും കൂടുതലുണ്ടോ?

∙ഭക്ഷണം കാലറി കൂടുതലുള്ളവയോ, പെട്ടെന്ന് കാലറി നൽകുന്നവയോ, ശൂന്യകാലറി ഭക്ഷണമോ ആണോ? ഇങ്ങനെയുള്ളവ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുക. 

∙ഉപ്പ് കൂടുതൽ ഉള്ളവയാണോ? പ്രഷർ കൂടാം. 

∙നാരുകൾ കൂടുതലുള്ളവയാണോ. എങ്കിൽ ആരോഗ്യത്തിന് നന്ന്.

∙ഇപ്പോൾ ആഹാരം ആവശ്യമുണ്ടോ?

∙ധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണമാണെങ്കിൽ അവ തവിടു നീക്കിയതാണോ? തവിട് നീക്കിയവ ആരോഗ്യത്തിനു നന്നല്ല. 

∙ഹൈഫ്രക്ടോസ് കോൺ സിറപ്പ്, ട്രാൻസ് ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുള്ളതാണോ?

∙ആരോഗ്യകരമായ പാചകരീതികൾ ഉപയോഗിച്ച് പാചകം ചെയ്തവയാണോ? എണ്ണ, മൃഗകൊഴുപ്പ് എന്നിവ കൂടുതലായി ചേർത്തിട്ടുണ്ടോ? രുചിക്ക് വേണ്ടി അജിനോമോട്ടോ ചേർത്തിട്ടുണ്ടോ?

English Summary: Healthy eating prevent disease

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA