ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ കാച്ചിൽ കഴിക്കാതിരിക്കും?

yam
SHARE

ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗങ്ങളൊക്കെ മുൻപ് നാം ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയിരുന്നു. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ചിലയിടങ്ങളിൽ ഇതിന് കാവത്ത് എന്നും പറയും. Dioscorea alata എന്നാണ് കാച്ചിലിന്റെ ശാസ്ത്രീയ നാമം. ക്രീം മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള കാച്ചിൽ ഉണ്ട്. തൊലിക്ക് ചാരം കലർന്ന തവിട്ടു നിറം ആയിരിക്കും.

∙ പോഷകസമ്പുഷ്ടം

വൈറ്റമിൻ സി, പൊട്ടാസ്യം, അന്നജം ഇവയുടെ ഉറവിടമാണ് കാച്ചിൽ. ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കാലറി ഉണ്ട്. 27 ഗ്രാം അന്നജം, 1 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ്, 4 ഗ്രാം നാരുകൾ, സോഡിയം, പൊട്ടാസ്യം, അയൺ, വൈറ്റമിൻ എ, സി എന്നിവയും ഉണ്ട്. ഇവ കൂടാതെ ശക്തിയേറിയ സസ്യ സംയുക്തങ്ങളും ആന്തോസയാനിൻ ഉൾപ്പെടെയുള്ള ആന്റി ഓക്സിഡന്റുകളും ഉണ്ട്. 

രക്തസമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കാനും കാൻസറിനെയും പ്രമേഹത്തെയും പ്രതിരോധിക്കാനും ആന്തോസയാനിനു കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. 

കാച്ചിലിൽ ഉള്ള ആന്തോസയാനിനുകൾ ഒരു തരം പോളിഫിനോൾ ആന്റി ഓക്സിഡന്റുകളാണ്. പതിവായി പോളിഫിനോൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിവിധയിനം കാൻസറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കും. കോളൻ കാൻസർ, ലങ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ ഇവയെല്ലാം വരാനുള്ള സാധ്യത കുറയ്ക്കാനും കാച്ചിൽ സഹായിക്കും. 

∙ പ്രമേഹത്തിന്

ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാച്ചിലിലെ ഫ്ലേവനോയ്ഡുകൾ സഹായിക്കുന്നു. ഓക്സീകരണ സമ്മർദവും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കാൻ കാച്ചിൽ സത്ത് സഹായിക്കും. വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാച്ചിലിന് കഴിവുണ്ട്. 

∙ രക്തസമ്മർദത്തിന്

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും  പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. കാച്ചിലിന് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാലാണ് ഇതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ചില മരുന്നുകളുടെ അതേ രീതിയിൽ തന്നെ ബി.പി. കുറയ്ക്കാൻ കാച്ചിലിനും കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

∙ ഉദരാരോഗ്യത്തിന്

ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കാച്ചിൽ സഹായിക്കും. റസിസ്റ്റന്റ് സ്റ്റാർച്ചിന്റെ ഉറവിടമാണിത്. ഉദരത്തിലെ നല്ല ബാക്ടീരിയയായ bifidobacteria യുടെ അളവ് കൂട്ടാൻ കാച്ചിലിലെ റസിസ്റ്റന്റ് സ്റ്റാർച്ച് സഹായിക്കും. സങ്കീർണമായ അന്നജത്തെയും നാരുകളെയും വിഘടിപ്പിക്കാൻ ഈ ബാക്ടീരിയ പ്രധാന പങ്കു വഹിക്കുന്നതായി  പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ കോളറെക്ടൽ കാൻസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം ഇവയെല്ലാം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇവ ആരോഗ്യകരമായ ഫാറ്റി ആസിഡുകളും ബി വൈറ്റമിനുകളും ഉൽ‍പാദിപ്പിക്കുകയും െചയ്യുന്നു. 

കോളൈറ്റിസിന്റെ ലക്ഷണങ്ങളെ കുറയ്ക്കാൻ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കാച്ചിൽ സഹായിക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 

∙ ആസ്മയ്ക്ക്

വൈറ്റമിൻ എ, സി ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആസ്മ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. നാൽപതോളം പഠനങ്ങൾ വിശകലനം ചെയ്തപ്പോൾ വൈറ്റമിൻ എ വളരെ കുറച്ചു മാത്രം ശരീരത്തിലെത്തുന്നതും മുതിർന്നവരിലെ ആസ്മയുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞു. ആസ്മയുളളവരിൽ ദിവസവും ആവശ്യമായതിന്റെ 50 ശതമാനം വൈറ്റമിൻ എ മാത്രമേ ശരീരത്തിലെത്തുന്നുള്ളൂ. വൈറ്റമിൻ സി കുറവുളളവരിലും ആസ്മ സാധ്യത 12 ശതമാനം കൂടുതലാണ്. കാച്ചില്‍ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിൻ എ യുടെയും സി യുടെയും കലവറയാണ്. ദിവസവും ആവശ്യമുള്ള വൈറ്റമിനുകൾ കാച്ചിൽ കഴിക്കുന്നതിലൂടെ ലഭിക്കും. 

ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം കാച്ചില്‍ ഉൾപ്പെടെയുള്ള കിഴങ്ങു വർഗങ്ങളും പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

English Summary: Health benefits of purple yam

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA