ADVERTISEMENT

ഓർമശക്തി കുറഞ്ഞു വരുന്നതാണ് പ്രായമായ മിക്കവരുടെയും പ്രധാന പ്രശ്നം. ഓർമശക്തിയും ഭക്ഷണക്രമവും തമ്മിൽ ബന്ധമുണ്ടോ? ഓർമശക്തി നിലനിർത്താൻ എന്താണു കഴിക്കേണ്ടത്? മിക്കവരും ഡോക്ടർമാരോട് ചോദിക്കുന്ന ചോദ്യങ്ങളാണിത്. 

ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകർ ഇതിനുള്ള മറുപടി കണ്ടെത്തിക്കഴിഞ്ഞു. ഓർമശക്തിയുടെ രഹസ്യത്താക്കോൽ പച്ചക്കറികളിലാണത്രേ. യൗവനത്തിൽ ധാരാളംപച്ചക്കറികൾ കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യത കുറവാണ്. ഇവരുടെ ഹൃദയാരോഗ്യവും മെച്ചപ്പെട്ടതായിരിക്കും.

1,40,000 ഓസ്ടേലിയക്കാരെയാണ് ഇതുസംബന്ധിച്ച പഠനത്തിനു തിരഞ്ഞെടുത്തത്. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം ധാരാളമായി കഴിക്കുന്നവർക്ക് ഡിമൻഷ്യ ഭീതി വേണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡിമൻഷ്യയുടെ പ്രാഥമിക ലക്ഷണങ്ങളിലൊന്നാണ് ഓർമ നഷ്ടം. സ്ഥിരമായി ഉപയോഗിക്കുന്ന പേരുകൾ മറന്നുപോകുന്നതും മറ്റും ഇതിന്റെ ഭാഗമാണ്. ഹൃദയസംബന്ധമായ അസുഖങ്ങളും ഹൈപ്പർ ടെൻഷനും ഡിമൻഷ്യയുടെ സൂചനകളാകാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. 

ഭക്ഷണക്രമീകരണത്തിലൂടെ ഓർമകളെ കഴിയുന്നത്ര കാലം നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്നതാണ് കണ്ടെത്തൽ. ഇന്റർനാഷനൽ ജേണൽ ഫോർ പബ്ലിക് ഹെൽത്ത് ആണ് ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. എന്നു കരുതി പച്ചക്കറികൾ മാത്രം കഴിക്കണമെന്നല്ല. പച്ചക്കറികളുടെ അളവ് കൂട്ടുന്നത് ഓർമശക്തി നിലനിർത്താൻ സഹായിക്കുമെന്നു മാത്രം. ഒരാളുടെ മറ്റു രോഗാവസ്ഥകൾ, ജനിതക കാരണങ്ങൾ തുടങ്ങിയവയ്ക്ക് ഓർമശക്തി നിലനിർത്തുന്നതിൽ പ്രധാന പങ്കുണ്ട്. 

മനസ്സിനെ എൻഗേജ്‍ഡ് ആക്കുന്ന ലഘു വ്യായാമങ്ങളും അനിവാര്യമാണ്. മധ്യ വയസ്സിലെത്തുന്നതോടെ പച്ചക്കറികൾ പാതിവേവിച്ചോ വേവിക്കാതെയോ തയാറാക്കുന്ന വെജ് സാലഡുകൾ നിർബന്ധമായും ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾ ആയതിനാൽ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്കും ആശങ്ക കൂടാതെ കഴിക്കാം. 

English Summary: Vegetables boost your memory, Prevent dementia & alzheimer's

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com