അറിയുമോ കൂവയുടെ ഈ അദ്ഭുത ഗുണങ്ങൾ

arrowroot
Photo credit : Mont592 / Shutterstock.com
SHARE

കുറച്ചു കാലത്തിനു മുൻപ് വരെ നമ്മൾ മിക്കവരുടെയും വീട്ടുപറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന കിഴങ്ങുവർഗത്തിൽ പെട്ട ഒന്നാണ് കൂവ (Arrowroot). ഒരു വൈകുന്നേരത്തെ ആഹാരത്തിനുള്ള വക ഈ  ചെടിയിൽ നിന്നു തന്നെ അന്ന് ലഭിക്കുമായിരുന്നു. ഇന്ന് അതിന്റെ ഗുണം മനസ്സിലാക്കാതെ മിക്കവാറും വീടുകളിൽ നിന്ന് കൂവ അപ്രത്യക്ഷമായിരിക്കുന്നു. കുട്ടിക്കാലത്ത് കൂട്ടം കൂടി കളിക്കുന്നതിനിടെ ഇടവേളകളിൽ തെല്ലു വിശക്കുമ്പോൾ ഓടിച്ചെന്ന് കൂവ പിഴുത് പച്ചയായിത്തന്നെ അത് പങ്ക് വച്ച് കഴിച്ച ഓർമ ചിലർക്കെങ്കിലും ഉണ്ടാകും. അങ്ങനെയുള്ളവർക്ക് കൂവ ഒരു ഗൃഹാതുരതയാണ്. 

തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ പ്രധാന ആഹാരമായിരുന്നു കൂവ കുറുക്ക്. അതിനു കാരണം കൂവ ഒരു എനർജി ഗിവിങ് ഫുഡ് ആണെന്നതാണ്. ഇത് കുടിച്ചാൽ ശരീരം വേഗത്തിൽ ക്ഷീണിക്കില്ല. 

കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്. കുട്ടികൾക്ക് വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നൽകിയാൽ അസുഖം വേഗം സുഖപ്പെടുന്നതായി കാണാം. കോളറ, വയറിളക്കം എന്നീ അസുഖങ്ങളാൽ ദുരിതം അനുഭവിച്ചിരുന്നവർക്ക് കൂവ അരച്ച് വെള്ളത്തിൽ കലക്കി തെളിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ കൊടുക്കുക പതിവായിരുന്നു. ഇത്തരക്കാർക്ക് മറ്റ് ആഹാരങ്ങൾ ദഹിക്കാതെ വരുമ്പോൾ കൂവ പെട്ടെന്ന് ദഹിച്ച് വയറിന് ആശ്വാസവും ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകിയിരുന്നു. 

പണ്ട് കാലത്ത് അമ്പേറ്റ് ഉണ്ടാകുന്ന മുറിവ്, ചിലന്തി വിഷം ഏൽക്കുന്നത് മൂലമുള്ള ചൊറിച്ചിൽ എന്നിവിടങ്ങളിൽ കൂവ വെള്ളത്തിൽ ചാലിച്ച് പുരട്ടിയിരുന്നു. ആന്റിബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇത് മുറിവ് ഉണങ്ങാൻ സഹായിക്കുന്നത്. ഒരു പക്ഷേ അമ്പ് (arrow) കൊണ്ടുള്ള മുറിവ് ഉണക്കിയിരുന്നതിനാൽ ആവാം ഈ ചെടിക്ക് Arrow root എന്ന പേര് ലഭിച്ചതെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു. കൂടാതെ പണ്ടു കാലത്ത് കുട്ടികൾക്ക് പൗഡറിനു പകരമായി ശരീരത്തിൽ കൂവപ്പൊടി ഉപയോഗിച്ചിരുന്നു. ശരീരത്തിന് കുളിർമ ലഭിക്കാനും ചെറിയ കുരുക്കൾ ഉണ്ടാകാതിരിക്കാനും ഇത് സഹായിച്ചിരുന്നു. 

ശരീരത്തിലെ ആസിഡ് ആൽക്കലി ബാലൻസ് നില നിർത്തി ശരീരത്തിന്റെ പിഎച്ച് നില നിർത്താൻ അത്യുത്തമമാണ് കൂവ. ഗർഭിണികളിൽ ഉണ്ടാകുന്ന മലബന്ധം, ഛർദ്ദി എന്നിവയ്ക്ക് നല്ലൊരു ഔഷധമാണിത്. കൂടാതെ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ഫോളേറ്റ് കൂവയിൽ ധാരാളം ഉണ്ട്. 

ഡയറ്റ് കൺട്രോൾ ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉത്തമ ആഹാരമാണ് കൂവ. ഫാറ്റ് കുറവായതിനാലും എനർജി പ്രദാനം ചെയ്യുന്നതിനാലും അമിതാഹാരം കഴിക്കാതെ ശരീരത്തെ ഉണർവോടെ നിലനിർത്താൻ സഹായിക്കുന്നു. 

കൂവ ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. കൂവ കുറുക്ക്, കൂവ പുഴുങ്ങിയത്, കൂവ പുഡിങ്ങ്, കൂവ ഹൽവ, കൂവ പായസം, ബിസ്‌കറ്റ്, കേക്ക് എന്നിവ അതിൽ ചിലതാണ്. 

ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് അത്യുത്തമമാണിത്. അയൺ ധാരാളം ഉള്ളതിനാൽ അനീമിയയെ ചെറുക്കൻ സഹായിക്കും. തണുപ്പായതിനാൽ നല്ല ഉറക്കവും ലഭിക്കുന്നു.  

വെളുത്ത കൂവ, മഞ്ഞക്കൂവ, നീലക്കൂവ എന്നീ മൂന്ന് തരത്തിലുള്ള കൂവയാണ് പ്രധാനമായും കണ്ടുവരാറുള്ളത്. അതിൽ വെളുത്ത കൂവയാണ് കഴിക്കാൻ ഉപയോഗിക്കുന്നത്. മലങ്കൂവ എന്ന ഒരു വ്യത്യസ്‌ത തരം കൂവയും ഉണ്ട്. ഇത് കഴിക്കാൻ വെള്ളക്കൂവയെക്കാൾ അല്‌പം  മധുരം ഉള്ളതും വലുപ്പം കൂടിയതുമാണ്. ഗുണങ്ങളുടെ കലവറയായ കൂവയുടെ മാഹാത്മ്യം എല്ലാവരിലേക്കും എത്തിക്കാൻ നമുക്കെല്ലാവർക്കും ശ്രമിക്കാം.

English Summary : Health benefits of Arrowroot

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA