ADVERTISEMENT

ഗുമുഗുമാന്ന് തിളയ്ക്കുന്ന സാമ്പാറില്‍ കായം ഇട്ട് കഴിഞ്ഞാല്‍പ്പിന്നെ എന്റെ സാറേ മണം കാരണം ചുറ്റുമുള്ളതൊന്നും കാണാനാവില്ല അല്ലേ, ശരിയല്ലേ. പക്ഷേ ഭക്ഷണത്തില്‍ വെറുതേ രുചിയും മണവും കൂട്ടാന്‍ ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥം മാത്രമല്ല നമ്മുടെ ഈ അസാഫോറ്റിഡയെന്നും ഹിംഗെന്നും ഒക്കെ മറുപേരുള്ള ഈ കായം. ആരോഗ്യ സംരക്ഷണത്തില്‍ വലിയ സ്ഥാനമുണ്ട് ഇതിന്. 

ഉദരരോഗങ്ങളോട് ഗുഡ് ബൈ

 ദിവസവും ഭക്ഷണത്തില്‍ കായം ഉള്‍പ്പെടുത്തിയാല്‍ ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയേ ഇല്ല. വയറില്‍ കൃമി ശല്യം കുറയ്ക്കുന്നതോടൊപ്പം അസഹ്യമായ വേദനകളെയും ഇല്ലാതാക്കുന്നു.

 രക്തസമ്മര്‍ദപ്പേടി വേണ്ട

ബിപി ഉള്ളവര്‍ കായം ചേര്‍ത്ത ഭക്ഷണം നന്നായി കഴിച്ചോളൂ. കായത്തിന് രക്തം നേര്‍പ്പിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇത് ബിപി രോഗികള്‍ക്ക് ഗുണകരമാണ്. ദിവസേന കായം കഴിക്കുന്നത് സിരകളില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം ഉണ്ടാക്കുന്നില്ല, ഇതും രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായകമാകും. 

ചുമ ഓടിയകലും

ചുമയുടെ പ്രശ്‌നമുണ്ടെങ്കില്‍, കായം കഴിക്കുന്നത് ഗുണം ചെയ്യും. സാധാരണ ചുമ, വരണ്ട ചുമ, ഇന്‍ഫ്‌ലുവന്‍സ, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയ രോഗങ്ങളെ കായം അകറ്റുന്നു. പയര്‍വര്‍ഗങ്ങള്‍, സാമ്പാര്‍, പച്ചക്കറികള്‍ മുതലായവയില്‍ കായം ഉപയോഗിക്കാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായാല്‍, കായം കുറച്ച് വെള്ളത്തില്‍ കലര്‍ത്തി നെഞ്ചില്‍ പുരട്ടുന്നതും ആശ്വാസം നല്‍കുന്നു. ഇതിനുപുറമെ, ചുമ, വില്ലന്‍ ചുമ, ആസ്മ മുതലായവയില്‍ നിന്ന് അശ്വാസം നേടാന്‍ കായം തേനില്‍ ചാലിച്ച് കഴിച്ചാലും മതി.

ആര്‍ത്തവ വേദന കുറയ്ക്കും

ആര്‍ത്തവ സമയത്തെ അസഹനീയമായ വേദനയ്ക്ക് ശമനം ഉണ്ടാക്കാന്‍ കായത്തിന് കഴിയും. പ്രൊജസ്ട്രോൺ ഹോര്‍മോണ്‍ ഉത്പാദനത്തിന് സഹായിക്കുന്നതാണ് കായം. അത് രക്തയോട്ടം കൂടുതല്‍ സുഗമമാക്കുന്നു. ആര്‍ത്തവ സമയത്ത് വേദന കൂടുതലാണെങ്കില്‍ ഒരു ഗ്‌ളാസ് മോരില്‍ 2 നുള്ള് കറുത്ത ഉപ്പും 1 നുള്ള് കായവും ചേര്‍ത്ത് കുടിക്കുക.

തലവേദനയും ഉണ്ടാകില്ല

കായം ശരീരത്തിലെ ആന്തരിക വീക്കം ഇല്ലാതാക്കുന്നു. സാധാരണയായി തലവേദനയുടെ പ്രശ്‌നം തലയിലെ ധമനികളില്‍ വീക്കം മൂലമാണ്. അത്തരമൊരു സാഹചര്യത്തില്‍, ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്‌നത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. നിങ്ങള്‍ക്ക് കടുത്ത തലവേദന ഉണ്ടെങ്കില്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവണ കുടിക്കുക.

വ്യാജനെ തിരിച്ചറിയാം

ഫെറുല എന്ന ചെടിയുടെ വേരില്‍ നിന്ന് ഊറി വരുന്ന കറയാണ് കായമാക്കി എടുക്കുന്നത്. അതുപോലെ വേരും തണ്ടും കൂടിചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട് .

ഇത്തിരി കായമെടുത്ത് വെള്ളത്തില്‍ ലയിപ്പിക്കണം. പാല്‍ പോലെ വെള്ളത്തിന്റെ നിറം വെളുത്തതാണെങ്കില്‍, കായം ഒറിജിനലാണ്.

കായത്തിന് സമീപം കത്തുന്ന തീപ്പെട്ടി കൊണ്ടുവരിക. ശോഭയുള്ള ജ്വാല പുറപ്പെടുവിച്ച് തീപ്പെട്ടിക്കൊള്ളി പൂര്‍ണമായും കത്തിയാല്‍ സംശയിക്കേണ്ട കക്ഷി ഒറിജിനലാ.

കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ അതിന്റെ മണം നഷ്ടമായാല്‍ കക്ഷി വ്യാജനാണേ എടുത്ത് ദൂരെ എറിഞ്ഞേക്കൂ.

English Summary : Asafoetida health benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com