ADVERTISEMENT

വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളൂ നമ്മൾ മലയാളികൾ ചായ്മൻസ എന്ന സസ്യത്തിനെ കുറിച്ച് കേട്ടു തുടങ്ങിയിട്ട്. എന്നിരുന്നാലും ഈ ചെടിയെക്കുറിച്ച് അറിയാൻ ഭൂരിപക്ഷം ഇനിയും ബാക്കിയാണ്. എന്നാൽ നമുക്ക് ഇന്ന് ചായ് മൻസയെക്കുറിച്ച്  കൂടുതൽ അറിയാം. അറിയാത്തവർക്ക് പറഞ്ഞു കൊടുക്കാം. 

മായൻ വർഗത്തിൽ പെട്ടവരുടെ ചെടിയാണ് ചായ് മൻസ. ചെറിയ ഒരു കമ്പ് മുറിച്ച് നട്ടാൽതന്നെ തഴച്ചു വളരുന്ന ചെടിയാണിത്. പ്രധാനമായും ഇതിന്റെ മുറ്റാത്ത ഇലകൾ ആണ് കറിവയ്ക്കാൻ ഉപയോഗിക്കുന്നത്. ഇല കാണാൻ ഏകദേശം പപ്പായയുടെ ഇല പോലെയോ മരച്ചീനിയുടെ ഇല പോലെയോ ഒക്കെയുണ്ട്. ചീരയുടെ രാജാവ് എന്നാണ് ചായ് മൻസ അറിയപ്പെടുന്നത്. ഇതിന്റെ ഇല കറിവച്ച് ഒരിക്കൽ കഴിച്ചവർ മറ്റ് ചീരകൾ കഴിക്കുന്നതിനെക്കാൾ ഇത് കഴിക്കാൻ കൂടുതൽ ഇഷ്ടപ്പെടും. സാധാരണയായി നമ്മുടെ കുട്ടികൾ ഇലക്കറികൾ കഴിക്കാൻ വിമുഖത കാട്ടാറുണ്ട്. എന്നാൽ ചായ് മൻസ കറിവച്ച് കുട്ടികൾക്ക് കൊടുത്തു നോക്കൂ. അവർ വളരെ ആസ്വദിച്ചു കഴിക്കുന്നതു കാണാം. അതു വഴി അവർക്ക് ഇലക്കറികളുടെ ഗുണങ്ങളും ശരീരത്തിനു ലഭിക്കുന്നു. 

ചായ് മൻസയുടെ ഗുണങ്ങൾ 

ശരീരത്തിന്റെ രക്തയോട്ടത്തിന് വളരെ ഉപകാരപ്രദമാണ് ചായ് മൻസ. അതുകൊണ്ടുതന്നെ വെരിക്കോസ് വെയ്ൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഈ ഇല ധാരാളമായി കഴിക്കുക. അതുപോലെതന്നെ സന്ധികൾക്ക് എന്തെങ്കിലും പ്രശ്‌നം ഉള്ളവർക്കും  ഈ ഇല ആഹാരത്തിൽ ഉൾപ്പെടുത്താം. പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ ഇല ആഹാരത്തിൽ ധാരാളം ഉൾപ്പെടുത്തുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നു. രക്തയോട്ടത്തിന് ഫലപ്രദമായതിനാൽതന്നെ ഹൃദ്രോഗത്തിന് വളരെ ഉത്തമമാണിത്. 

കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി ചായ് മൻസയിൽ അടങ്ങിയിരിക്കുന്നു അതിനാൽ വളർച്ചക്കുറവുള്ള കുട്ടികൾക്ക് ഇത് നൽകുക. ഗർഭിണികൾക്ക് ഇത് കഴിക്കാമോ എന്ന് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്നാൽ ഗർഭിണികൾക്ക് ഇത് കഴിക്കുന്നതു കൊണ്ട് യാതൊരു പ്രശ്‌നവും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കും ഉത്തമമാണ്. ഈ ഇല കഴിക്കുന്നവരിൽ കാഴ്‌ചശക്തി  വർധിച്ചു വരുന്നതായി കാണുന്നുണ്ട്. പഠിക്കുന്ന കുട്ടികൾക്ക് ചായ് മൻസ ധാരാളമായി നൽകുക കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ദ്രുതഗതിയിൽ ആക്കുകയും ഓർമ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരുവിന് ഒരു പരിഹാരമെന്നോണം ഈ  ഇല കഴിക്കാവുന്നതാണ്. 

പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇത് പാചകം ചെയ്യുന്ന രീതിയെക്കുറിച്ചാണ്. ഒരിക്കലും അലുമിനിയം പാത്രത്തിൽ ഇത് കറിവയ്ക്കരുത്. മൺപാത്രത്തിൽ കറി വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ ഏകദേശം ഒരു 15 മിനിറ്റിനു മുകളിൽ ഇത് തുറന്നു വച്ചുതന്നെ വേവിക്കുക. ഹൈഡ്രോസയാനിക് ഗ്ലൂക്കോസ് എന്ന ഒരു കെമിക്കൽ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട് ഇത് സാധാരണയായി മരച്ചീനിയിൽ കാണുന്ന ഒരു തരം കട്ട് ആണ്. അത് തുറന്നു വച്ച് വേവിച്ചാൽ നഷ്ടമാകും. അതിനു ശേഷം ഇത് കഴിക്കുന്നതിനെക്കുറിച്ച് വേറെ ചിന്തിക്കേണ്ട കാര്യം ഇല്ല. തോരൻ ഉണ്ടാക്കി കഴിക്കാനാണ് മലയാളികൾ കൂടുതലായി ഇഷ്ടപ്പെടുന്നത്. പരിപ്പിനോടൊപ്പം ചേർത്ത് കറിവയ്ക്കാവുന്നതാണ്. കൂടാതെ ഇല അരിഞ്ഞിട്ട് 15 മിനിട്ട് വേവിച്ച് ഗ്രാമ്പൂ, കറുവാപ്പട്ട, ഇന്തുപ്പ് ഇവ ചേർത്ത് നാരങ്ങ നീരിനോട് ചേർത്ത് ചായ പോലെ പലരും ഇത് കുടിക്കാറുണ്ട്. അരിഞ്ഞുതന്നെ പാകം ചെയ്യാൻ മറക്കരുത്. പൊണ്ണത്തടി ഉള്ളവർ ഇത് സൂപ്പ് ആയി ഉപയോഗിക്കാറുണ്ട്. 

ചൂട് കാലാവസ്ഥയാണ് ഈ ചെടിക്ക് ഏറ്റവും ഫലപ്രദം. ഗൾഫ് രാജ്യങ്ങളിലും മറ്റും ഇന്ന് ഈ  ചെടി വളർത്തി വരുന്നുണ്ട്. ഒരു ചെറിയ കമ്പിൽ നിന്നുതന്നെ വളരെ വേഗത്തിൽ വളർന്ന് പന്തലിക്കാറുണ്ട്. അമിത വിലയിൽ വിഷമുള്ള പച്ചക്കറികൾ വാങ്ങി ഭക്ഷിക്കുന്നതിനെക്കാൾ ആഴ്‌ചയിലൊരിക്കൽ വിഷരഹിതവും ഗുണം ഏറിയതുമായ ഒരു കറി  നമ്മുടെ തോട്ടത്തിൽ നിന്നുതന്നെ നമുക്ക് ലഭ്യമാക്കാം. ചായ് മൻസ കഴിച്ച് അത് മറ്റുള്ളവർക്കു കൂടി പകർന്നു കൊടുക്കാൻ മറക്കില്ലല്ലോ.

English Summary : Health benefits of chayamansa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com