ഹൃദ്രോഗം, പക്ഷാഘാതം ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്ന കൊളസ്ട്രോളിനെ നമുക്ക് എല്ലാവര്‍ക്കും ഭയമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനായി നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതശൈലി മാറ്റങ്ങള്‍ക്കും കൈയും കണക്കുമില്ല. എന്നാല്‍ പലരും ഇതിനിടെ ഭക്ഷണക്രമത്തെ പറ്റി മറന്നു പോകാറുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെയും ട്രൈഗ്ലിസറൈഡുകളെയും കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ തോത് ഉയര്‍ത്താനും സഹായിക്കുന്ന നിരവധി ഭക്ഷണവിഭവങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വെണ്ടയ്ക്ക
വെണ്ടയ്ക്കയിലെ ജെല്‍ പോലത്തെ വസ്തു കൊളസ്ട്രോളുമായി ഒട്ടിപിടിച്ച് അവയെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. വെണ്ടയ്ക്കയുടെ വിത്ത് കൊണ്ടുണ്ടാക്കിയ പൗഡര്‍ 42 ദിവസത്തേക്ക് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഗണ്യമായ തോതില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് കുറയ്ക്കുമെന്ന് ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.
ബ്രിഞ്ചാള്‍
100 ഗ്രാം ബ്രിഞ്ചാളില്‍ 3 ഗ്രാം ഡയറ്ററി ഫൈബര്‍ അടങ്ങിയിരിക്കുന്നതായി കണക്കാക്കുന്നു. ഈ ഫൈബറുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് മെച്ചപ്പെടുത്തും. കാലറി കുറഞ്ഞ ഇവ നിത്യഭക്ഷണത്തിലും ഉള്‍പ്പെടുത്താവുന്നതാണ്.
സസ്യ എണ്ണ
സണ്‍ഫ്ളവര്‍ പോലുള്ള സസ്യ എണ്ണകള്‍ കൊളസ്ട്രോള്‍ സാധ്യത കുറയ്ക്കുന്നതാണ്. വെണ്ണയില്‍ നിന്ന് ആരോഗ്യകരമായ എണ്ണകളിലേക്ക് മാറുന്നത് കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ സഹായിക്കും.
പയര്‍ വര്‍ഗങ്ങള്‍
ദിവസം ഒരു തവണ വച്ച് ആറാഴ്ചത്തേക്ക് പയര്‍ വര്‍ഗങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് ചീത്ത കൊളസ്ട്രോളിന്റെ തോത് ശരീരത്തില്‍ അഞ്ച് ശതമാനം കുറയ്ക്കാനായതായി കാനഡയില്‍ നിന്നുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മധ്യവയസ്ക്കരായ 1037 സ്ത്രീപുരുഷന്മാരില്‍ നടത്തിയ 26 ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഡേറ്റയാണ് ഗവേഷകര്‍ വിലയിരുത്തിയത്.
ഓട്സ്
ഓട്സില്‍ അടങ്ങിയിരിക്കുന്ന അലിയുന്ന ഫൈബര്‍ ചീത്ത കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ബീറ്റ ഗ്ലൂക്കന്‍ ഹൃദ്രോഗ സാധ്യതയും ഗണ്യമായി കുറയ്ക്കാന്‍ കഴിവുള്ളതാണ്.
സോയ
സോയ പ്രോട്ടീന്‍ 25 ഗ്രാം വച്ച് ഒരു ദിവസം കഴിക്കുന്നത് അഞ്ച് മുതല്‍ ആറ് ശതമാനം വരെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് ഹാര്‍വര്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഹോള്‍ ഗ്രെയിനുകള്‍
ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡും കുറയ്ക്കാന്‍ ഹോള്‍ ഗ്രെയിനുകളുടെ നിത്യേനയുള്ള ഉപയോഗം സഹായിക്കും.
ഫാറ്റി ഫിഷ്
അവശ്യ ഫാറ്റി ആസിഡായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതാണ് മത്തി, സാല്‍മണ്‍, ചൂര പോലുള്ള ഫാറ്റി ഫിഷുകള്‍. ഇവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാനും സഹായിക്കും. സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ മാംസത്തിന് പകരം ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താവുന്നതാണ്.
പഴങ്ങള്‍
ആപ്പിള്‍, മുന്തിരി പോലുള്ള പഴങ്ങളില്‍ പെക്ടിന്‍ എന്ന് പേരുള്ള ഫൈബര്‍ ധാരാളമുണ്ട്. ഇതും കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ ശരീരത്തെ സഹായിക്കും.
നട്സ്
വാള്‍നട്ട്, ആല്‍മണ്ട് പോലുള്ള നട്സും ഭക്ഷണക്രമത്തിന്‍റെ ഭാഗമാകേണ്ടത് കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ അതിപ്രധാനമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റെറോളുകള്‍ക്ക് കൊളസ്ട്രോളിന്‍റേതിന് സമാനമായ ആകൃതിയാണ്. ഇവ കൊളസ്ട്രോളുമായി ഒട്ടിച്ചേര്‍ന്ന് ശരീരം അവയെ വലിച്ചെടുക്കുന്നത് തടയും. ദിവസം 2-3 തവണ നട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ തോത് ശരാശരി 10.2 മില്ലിഗ്രാം പെര്‍ ഡെസിലീറ്റര്‍ വച്ച് കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Content Summary : Foods That Help Lower Cholesterol