ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലത്; മടുക്കുവോളം ഇനി തിന്നാം

raisins
Photo Credit : photocrew1/ Shutterstock.com
SHARE

പായസം, കേക്ക്, അലുവ, വട്ടയപ്പം എന്നിങ്ങനെ നമ്മുക്ക് പ്രിയപ്പെട്ട മധുരപലഹാരങ്ങളിലെല്ലാം നാം ചേര്‍ക്കാറുള്ള ഒന്നാണ് ഉണക്ക മുന്തിരി. മഞ്ഞ, തവിട്ട്, കറുപ്പ് എന്നിങ്ങനെ പല നിറങ്ങളിലുള്ള ഉണക്കമുന്തിരി ലഭ്യമാണ്. ഇതില്‍തന്നെ കറുത്ത നിറത്തിലെ ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലതാണ്. പ്രകൃതിദത്തമായ ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള കറുത്ത മുന്തിരിയുടെ ഗുണഗണങ്ങള്‍ വിശദീകരിക്കുകയാണ് ആയുര്‍വേദ വിദഗ്ധനായ ദിക്സ ഭാവ്സര്‍. ഉണങ്ങിയ പഴങ്ങള്‍ വാതദോഷം കൂട്ടി ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ വെള്ളത്തില്‍ കുറച്ച് സമയമിട്ട് കുതിര്‍ത്ത ശേഷം വേണം ഉപയോഗിക്കാനെന്നും ഡോ. ദിക്സ പറയുന്നു. രാത്രിയില്‍ വെള്ളത്തില്‍ ഇട്ട് വച്ച ശേഷം രാവിലെ എടുത്ത് കഴിക്കുന്നതാകും നല്ലത്. 

എല്ലുകളുടെ ആരോഗ്യത്തിന് 

കറുത്ത മുന്തിരിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. 

നരയ്ക്കും മുടി കൊഴിച്ചിലിനും

അയണും വൈറ്റമിന്‍ സിയും ധാരാളം അടങ്ങിയിരിക്കുന്ന കറുത്ത മുന്തിരി ശരീരത്തില്‍ ധാതുക്കളുടെ ആഗീരണം വേഗത്തിലാക്കുന്നു. ഇത് മുടിക്ക് പോഷണം നല്‍കി അകാല നരയും മുടി കൊഴിച്ചിലും ഒഴിവാക്കും. 

രക്തസമ്മര്‍ദം നിയന്ത്രിക്കും

കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്‍റെ അളവ് കുറയ്ക്കും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഡോ. ദിക്സ ചൂണ്ടിക്കാട്ടി. 

വിളര്‍ച്ച നിയന്ത്രിക്കും

കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന അയണും വൈറ്റമിന്‍ ബി കോംപ്ലക്സും ചുവന്ന രക്താണുക്കളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഇതിനാല്‍ ദിവസവും കുറച്ച് കറുത്ത മുന്തിരി കഴിക്കുന്നത് വിളര്‍ച്ച നിയന്ത്രിക്കാന്‍ സഹായിക്കും. 

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും

രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന എല്‍ഡിഎല്‍ കുറയ്ക്കാനും കറുത്ത മുന്തിരി സഹായിക്കും. ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും കാരണമാകും. 

ദന്താരോഗ്യത്തിനും നല്ലത്

കറുത്ത മുന്തിരി കഴിക്കുന്നത് ദന്താരോഗ്യത്തിനും ഗുണപ്രദമാണെന്ന് അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വായില്‍ പോടുണ്ടാകാതിരിക്കാനും ഇത് സഹായിക്കും. കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന അഞ്ച് ഫൈറ്റോകെമിക്കലുകളും ഒലേനോളിക് ആസിഡ് അടക്കമുള്ള പ്ലാന്‍റ് ആന്‍റിഓക്സിഡന്‍റുകളും വായ്ക്കുള്ളിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ തടഞ്ഞ് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

മലബന്ധം അകറ്റും

കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ മലബന്ധത്തെ അകറ്റി ദഹന സംവിധാനത്തെ മെച്ചപ്പെടുത്തുമെന്ന് ഡോ. ദിക്സ ചൂണ്ടിക്കാട്ടി. ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദന ലഘൂകരിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും ഊര്‍ജ്ജത്തിന്‍റെ തോത് ഉയര്‍ത്താനും കറുത്ത മുന്തിരി സഹായിക്കുമെന്നും ആയുര്‍വേ വിദഗ്ധര്‍  കൂട്ടിച്ചേര്‍ക്കുന്നു.

Content Summary : Health benefits of raisins

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS